INDIA

തമിഴ്നാട് വൈദ്യുതി മന്ത്രി സെന്തിൽ ബാലാജിക്ക് എത്രയും വേഗം ഹൃദയശസ്ത്രക്രിയ വേണമെന്ന് വിദഗ്ധരുടെ നിർദേശം

അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്ന സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാരുടെ സംഘമാണ് നിർദേശം നൽകിയിരിക്കുന്നത്

വെബ് ഡെസ്ക്

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡി അറസ്റ്റ് ചെയ്ത തമിഴ്നാട് വൈദ്യുതി- എക്സൈസ് വകുപ്പ് മന്ത്രി സെന്തിൽ ബാലാജിയുടെ ബൈപാസ് സർജറി എത്രയും വേഗത്തിൽ നടത്തണമെന്ന് ഡോക്ടറുടെ നിർദേശം. മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം കൂടുതൽ വിദഗ്ധ ചികിത്സയ്ക്കായി അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്ന സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാരുടെ സംഘമാണ് നിർദേശം നൽകിയിരിക്കുന്നത്. ചെന്നൈയിലെ സെന്തിൽ ബാലാജിയെ നിലവിൽ അഡ്മിറ്റ് ചെയ്തിരിക്കുന്ന കാവേരി ആശുപത്രി അധികൃതരാണ് അദ്ദേഹത്തിന്റെ ആരോഗ്യ നില സംബന്ധിച്ച വിവരങ്ങൾ മെഡിക്കൽ ബുള്ളറ്റിനിലൂടെ പുറത്തുവിട്ടത്.

ജൂൺ 15ന് രാത്രിയാണ് സെന്തിൽ ബാലാജിയെ ചെന്നൈയിലെ അൽവാർപേട്ടിലെ കാവേരി ആശുപത്രിയിലേക്ക് മാറ്റിയത്. അദ്ദേഹത്തെ പരിശോധിച്ച ഡോക്ടർമാരുടെ സംഘം നേരത്തെ കൊറോണറി ആർട്ടറി ബൈപാസ് ഗ്രാഫ്റ്റ് (സിഎബിജി) ശസ്ത്രക്രിയ നിർദേശിച്ചിരുന്നു. നിലവിൽ അദ്ദേഹത്തെ അനസ്തേഷ്യക്ക് വിധേയനാക്കാനുള്ള ടെസ്റ്റുകൾ നടന്നുകൊണ്ടിരിക്കുകയാണ്. അതിന്റെ അടിസ്ഥാനത്തിലാകും ശസ്ത്രക്രിയയ്ക്ക് അനുയോജ്യമായ സമയം തിരഞ്ഞെടുക്കുക.

മുതിർന്ന ഹൃദ്രോഗ വിദഗ്ദനായ എ ആർ രഘുറാമടങ്ങുന്ന വിദഗ്ധ ഡോക്ടർമാരുടെ സംഘമാണ് അദ്ദേഹത്തെ പരിശോധിക്കുന്നത്. സംഘം സെന്തിൽ ബാലാജിയെ എത്രയും നേരത്തെ ശസ്ത്രക്രിയയ്ക്ക് വേണമെന്ന് അഭിപ്രായപ്പെട്ടു. ബുധനാഴ്ചയാണ് അദ്ദേഹത്തെ ഇ ഡി അറസ്റ്റ് ചെയുന്നത്. 2015ൽ ജയലളിത സർക്കാരിന്റെ കാലത്ത് ഗതാഗത മന്ത്രിയായിരുന്നപ്പോൾ കോഴ വാങ്ങിയെന്ന കേസിലാണ് ഇഡിയുടെ നിലവിലെ നടപടി. 28 വരെ അദ്ദേഹത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.

ജയലളിതയുടെ വിശ്വസ്തനായ അദ്ദേഹം 2018ലാണ് ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ ഭാഗമാകുന്നത്. സെന്തിൽ ബാലാജിയുടെ അറസ്റ്റിന്റെത്തുടർന്ന് കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനമാണ് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഉയർത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാരിനെതിരെ തുറന്നടിച്ചുകൊണ്ട് സ്റ്റാലിൻ രംഗത്തെത്തിയിരുന്നു. അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന ഡൽഹി, പശ്ചിമ ബംഗാൾ, ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ കേന്ദ്ര സർക്കാർ നടത്തുന്ന വേട്ടയാടലാണ് തമിഴ്‌നാട്ടിലും തുടരുന്നതെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ഇത്തരം സമ്മർദ തന്ത്രങ്ങൾക്കൊന്നും വഴങ്ങുന്നവരല്ല തമിഴന്മാരെന്നും ജനങ്ങൾ മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, സെന്തിൽ ബാലാജിയുടെ ഭരണവകുപ്പുകൾ പുനഃക്രമീകരിക്കാനുള്ള മുഖ്യമന്ത്രിയുടെ നിർദേശം ഗവർണർ ആർ എൻ രവി വെള്ളിയാഴ്ച്ച തള്ളിയിരുന്നു. ആർ എൻ രവി ബിജെപി സർക്കാരിന്റെ ഏജന്റായി പ്രവർത്തിക്കുകയാണെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി കെ പൊന്മുടി ആരോപിച്ചു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ