INDIA

ചികിത്സപ്പിഴവില്‍ രോഗി മരിച്ചാൽ ഡോക്ടർമാർ ഇനി കുറ്റവാളികളല്ല; ഭാരതീയ ന്യായ സംഹിത ബില്ലില്‍ ഭേദഗതി

വെബ് ഡെസ്ക്

പുതിയ ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) പ്രകാരം മെഡിക്കൽ അശ്രദ്ധയ്ക്ക് ഡോക്ടർമാർ ഇനി ക്രിമിനൽ നടപടികൾ നേരിടേണ്ടി വരില്ല. ഇതോടെ ചികിത്സപ്പിഴവിനെ തുടർന്ന് രോഗി മരിച്ചാൽ ഉണ്ടാകുന്ന ക്രിമിനൽ പ്രോസിക്യൂഷനിൽ നിന്നാണ് ഡോക്ടർമാര്‍ ഒഴിവാകുക. ബുധനാഴ്ച ലോക്‌സഭ പാസാക്കിയ മൂന്ന് നിർണായക ക്രിമിനൽ നിയമ ബില്ലുകളിൽ ഒന്നായിരുന്നു ഈ ബിൽ.

നിലവില്‍ ചികിത്സപ്പിഴവുമൂലം രോഗി മരിച്ചാല്‍ ഡോക്ടര്‍ കൊലക്കുറ്റത്തിന് നിയമ നടപടി നേരിടണം. ഭാരതീയ ന്യായ സംഹിത ഉള്‍പ്പെടെയുള്ള ബില്ലുകളില്‍ ഭേദഗതി വരുത്തിയാണ് ഈ ഉപാധി നീക്കം ചെയ്തത്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നൽകിയ നിവേദനം പരിഗണിച്ചാണ് ക്രിമിനൽ കുറ്റം ഒഴിവാക്കിയതെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.

ബിഎൻഎസിൽ രോഗി മരിച്ചാലുള്ള ക്രിമിനൽ നടപടികളിൽ നിന്ന് ഡോക്ടർമാരെ ഒഴിവാക്കണമെന്ന് അഭ്യർഥിച്ച് കഴിഞ്ഞ വർഷം, ഐഎംഎ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു. പൊതുജനങ്ങളുടെ പ്രതികരണത്തിനായി കരട് ബിൽ കഴിഞ്ഞ മാസം പുറത്തിറക്കിയപ്പോൾ അസോസിയേഷൻ സർക്കാരിന് നിർദ്ദേശം അയയ്ക്കുകയും ചെയ്തിരുന്നു.

"ഡോക്ടറുടെ അനാസ്ഥ മൂലമാണ് രോഗിയുടെ മരണം സംഭവിച്ചതെങ്കിൽ, അത് മനഃപൂര്‍വമല്ലാത്ത നരഹത്യാക്കുറ്റം എന്ന വകുപ്പിനു കീഴിലാണ് വരുന്നത്. ഈ വ്യവസ്ഥയുടെ പരിധിയിൽ നിന്ന് ഡോക്ടർമാരെ മോചിപ്പിക്കാൻ നിയമ ഭേദഗതി കൊണ്ടുവരുന്നു. ഐഎംഎ ഇത് സംബന്ധിച്ച് ഒരു മെമ്മോറാണ്ടം അയച്ചിരുന്നു, ”അമിത് ഷാ ലോക്സഭയിൽ പറഞ്ഞു.

ചികിത്സപ്പിഴവ് കാരണമുള്ള മരണത്തിന് നിലവിൽ ഡോക്ടര്‍മാര്‍ക്കെതിരേ ഐപിസി 304 എ പ്രകാരമാണ് കേസെടുക്കുക. രണ്ടുവര്‍ഷംവരെ തടവ് കിട്ടാവുന്ന വകുപ്പാണിത്. ജീവപര്യന്തം തടവ് ലഭിക്കുന്ന മനഃപൂര്‍വമല്ലാത്ത നരഹത്യാക്കുറ്റവും ചിലർ നേരിടാറുണ്ട്.

ക്രിമിനൽ പ്രോസിക്യൂഷനെ ഭയപ്പെടാതെ ഡോക്ടർമാർക്ക് അവരുടെ തൊഴിൽ പരിശീലിക്കാൻ സുരക്ഷിതവും സൗഹാർദപരവുമായ അന്തരീക്ഷം വേണമെന്ന് ഐഎംഎ പ്രധാനമന്ത്രിക്കഴുതിയ കത്തിൽ ആവശ്യപ്പെട്ടിരുന്നു. ഐഎംഎ പ്രസിഡന്റ് ഡോ ശരദ് കുമാർ അഗർവാൾ ഡോക്ടർമാരെ അനുകൂലിക്കുന്ന പുതിയ വ്യവസ്ഥയെ സ്വാഗതം ചെയ്തു. അസോസിയേഷന്റെയും ലക്ഷക്കണക്കിന് ഡോക്ടർമാരുടെയും ദീർഘകാലമായുള്ള ശ്രമത്തിന്റെ ഫലമാണിതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

“അശ്രദ്ധമായി വാഹനമോടിച്ചതിന് ഉത്തരവാദികളായവരെയും മെഡിക്കൽ അശ്രദ്ധയ്ക്ക് കുറ്റാരോപിതരായ ഡോക്ടർമാരെയും ഇതുവരെ ഐപിസിയുടെ ഒരേ വ്യവസ്ഥയോടെയാണ് പരിഗണിച്ചത് എന്നത് ശരിക്കും അന്യായമാണ്,” അദ്ദേഹം വ്യക്തമാക്കി.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും