ചികിത്സക്കിടെ അശ്രദ്ധമൂലം രോഗി മരണപ്പെട്ടാൽ ഡോക്ടർമാർക്കെതിരെ ക്രിമിനൽ കുറ്റം ചുമത്തുന്നത് ഒഴിവാക്കിയെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രഖ്യാപനം തെറ്റി. ചികിത്സയ്ക്കിടെ ശ്രദ്ധക്കുറവ് മൂലമുണ്ടാകുന്ന മരണങ്ങൾക്ക് പുതുക്കിയ ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്), 2023 പ്രകാരം ഡോക്ടർമാർക്ക് രണ്ടുവർഷം വരെ തടവ് ശിക്ഷ ലഭിക്കാനുള്ള വകുപ്പുകൾ വ്യവസ്ഥ ചെയ്തിട്ടുണ്ട്.
ഇത്തരം കേസുകളിൽനിന്ന് ഡോക്ടർമാരെ ഒഴിവാക്കണമെന്ന ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ (ഐഎംഎ) അഭ്യർത്ഥന മാനിച്ച് ബിഎൻഎസിൽ ഭേദഗതി കൊണ്ടുവന്നിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബുധനാഴ്ച പറഞ്ഞിരുന്നു. എന്നാൽ ഭേദഗതി വരുത്തിയ ബിഎൻഎസ് വ്യാഴാഴ്ച പരസ്യമാക്കിയതോടെയാണ് അമിത് ഷായുടെ പ്രസ്താവന തെറ്റാണെന്ന് തെളിഞ്ഞത്.
അശ്രദ്ധ കാരണമുള്ള കുറ്റത്തിന് മറ്റ് കുറ്റവാളികളെ അപേക്ഷിച്ച് ചെറിയ ശിക്ഷയാണ് ഡോക്ടർമാർക്ക് നിയമം നിഷ്കർഷിക്കുന്നത്. ബിഎൻഎസ്, 2023-ലെ സെക്ഷൻ 106 (1)-ൽ 'നരഹത്യയല്ലാത്ത, അവിവേകമോ അശ്രദ്ധമോ ആയ പ്രവർത്തിയിലൂടെ ഏതെങ്കിലും വ്യക്തിയുടെ മരണത്തിന് കാരണമായാൽ, അഞ്ച് വർഷം വരെ തടവും പിഴയും ശിക്ഷയായി ലഭിക്കും.' എന്നാൽ ഒരു മെഡിക്കൽ പ്രാക്ടീഷണറുടെ അത്തരം പ്രവൃത്തികളാണ് മരണത്തിനിടയ്ക്കുന്നത് എങ്കിൽ രണ്ടുവർഷം വരെ തടവും പിഴയുമായിരിക്കും ശിക്ഷയായി ലഭിക്കുക. ഇതിനുപുറമെ മെഡിക്കൽ പ്രാക്ടീഷണർ ആരാണെന്ന നിർവചനവും ഭേദഗതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ദേശീയ മെഡിക്കൽ കമ്മീഷൻ ആക്റ്റ്, 2019 പ്രകാരം അംഗീകൃതമായ ഏതെങ്കിലും മെഡിക്കൽ യോഗ്യതയുള്ള, ദേശീയ/സ്റ്റേറ്റ് മെഡിക്കൽ രജിസ്റ്ററിലോ ഉൾപ്പെട്ടിട്ടുള്ള വ്യക്തികളെയാണ് "രജിസ്റ്റേഡ് മെഡിക്കൽ പ്രാക്ടീഷണർ" എന്നതുകൊണ്ട് നിയമം അർത്ഥമാക്കുന്നത്.
അതേസമയം, അശ്രദ്ധമായി വാഹനമോടിച്ച് ഉണ്ടാക്കുന്ന അപകടങ്ങളിൽ ആരെങ്കിലും മരിക്കുകയും അവ റിപ്പോർട്ട് ചെയ്യാതെ രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്‌താൽ കഠിനമായ ശിക്ഷകൾ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. ബിഎൻഎസിലെ 106-ാം വകുപ്പിലെ രണ്ടാം ഉപവകുപ്പ് പ്രകാരം പത്ത് വർഷം വരെ തടവും പിഴയുമാണ് അത്തരം കുറ്റകൃത്യങ്ങൾക്ക് ലഭിക്കാവുന്ന പരമാവധി ശിക്ഷ.
“ഡോക്ടർമാരുടെ മെഡിക്കൽ അശ്രദ്ധമൂലം ആരെങ്കിലും മരിച്ചാൽ അത് കൊലപാതകത്തിന് തുല്യമല്ലാത്ത ക്രിമിനൽ നരഹത്യയായാണ് കണക്കാക്കുന്നത്. ഞാൻ ഇന്ന് ഒരു ഭേദഗതി കൊണ്ടുവരുന്നു. ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ ആവശ്യപ്രകാരം ഈ വകുപ്പിൽനിന്ന് ഡോക്ടർമാരെ ഒഴിവാക്കിയിട്ടുണ്ട്." ബുധനാഴ്ച അമിത് ഷാ ലോക്സഭയിൽ പറഞ്ഞിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം രാജ്യസഭയിൽ നടന്ന ചർച്ചയിൽ ഈ ഇളവിനെ കുറിച്ച് അമിത് ഷാ പരാമർശിച്ചിരുന്നില്ല.