INDIA

മമത സർക്കാരിന് അന്ത്യശാസനവുമായി ജൂനിയർ ഡോക്ടർമാർ; ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ 22 മുതല്‍ സംസ്ഥാനവ്യാപക പണിമുടക്ക്

ജൂനിയർ ഡോക്ടറുടെ ബലാത്സംഗക്കൊലയെത്തുടർന്ന് രണ്ട് മാസമായി സമരം തുടരുകയാണ്

വെബ് ഡെസ്ക്

കൊല്‍ക്കത്തയിലെ ആർ ജി കർ മെഡിക്കല്‍ കോളേജില്‍ ജൂനിയർ ഡോക്ടർ ബലാത്സംഗക്കൊലയ്ക്കിരയായ സംഭവത്തെതുടർന്ന് വിവിധ ആവശ്യങ്ങളുന്നയിച്ച് സമരം ചെയ്യുന്ന ഡോക്ടർമാർ കടുത്ത നടപടിയിലേക്ക്. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ 22 മുതല്‍ സംസ്ഥാന വ്യാപകമായി സമരത്തിനൊരുങ്ങുമെന്ന് മമത ബാനർജി സർക്കാരിന് ജൂനിയർ ഡോക്ടർമാർ മുന്നറിയിപ്പ് നല്‍കി. രണ്ടു മാസമായി സമരം തുടരുന്ന ഡോക്ടർമാർ 21 ആണ് സംസ്ഥാന സർക്കാരിനു മുന്നിൽ വച്ചിരിക്കുന്ന സമയപരിധി.

മുഖ്യമന്ത്രി മമത ബാനർജി ചർച്ചയ്ക്കു തയാറാകണമെന്നും തങ്ങളുടെ ആവശ്യങ്ങൾ പൂർണമായി അംഗീകരിക്കണണെന്നും പ്രതിഷേധിക്കുന്ന ജൂനിയർ ഡോക്ടർമാരിലൊരാളായ ദബാശിഷ് ഹല്‍ദാർ പറഞ്ഞു. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ സർക്കാർ, സ്വകാര്യ ആശുപത്രികളില്‍ തൊഴിലെടുക്കുന്ന ഡോക്ടർമാർ സമരത്തിലേക്ക് കടക്കുമെന്നും ദബാശിഷ് കൂട്ടിച്ചേർത്തു. തങ്ങളുടെ സഹപ്രവർത്തകർ മരണം വരെ നിരാഹാരം തുടരുകയാണ്. മുഖ്യമന്ത്രി ഇത് കാണുന്നില്ലെന്ന് നടിക്കുകയാണെങ്കില്‍ നടപടികള്‍ കടുപ്പിക്കുമെന്നും ദബാശിഷ് പറയുന്നു.

മരണംവരെ നിരാഹരസമരം തുടരുന്ന ഡോക്ടർമാരെ ഇതുവരെ സന്ദർശിക്കാൻ മമത ബാനർജി തയാറായിട്ടില്ല. സംസ്ഥാനത്തിന്റെ സംരക്ഷകയാണ് മുഖ്യമന്ത്രി, ഞങ്ങള്‍ അവർക്ക് മക്കളെപ്പോലെയും. ഞങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാനും സന്ദർശിക്കാനും അവർക്ക് സാധിക്കില്ലേയെന്നും ജൂനിയർ ഡോക്ടറായ ഹസ്ര ചോദിക്കുന്നു.

ബലാത്സംഗക്കൊലയ്ക്കിരയായ ജൂനിയർ ഡോക്ടർക്കു നീതി ലഭിക്കണമെന്നായിരുന്നു സമരക്കാരുടെ പ്രധാന ആവശ്യം. തൊഴിലിടത്ത് സുരക്ഷ ഉറപ്പാക്കണം, അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കണം എന്നിവയാണ് മറ്റ് ആവശ്യങ്ങള്‍.

പശ്ചിമ ബംഗാള്‍ ഹെല്‍ത്ത് സെക്രട്ടറി എൻ എസ് നിഗത്തെ സ്ഥാനത്തുനിന്ന് നീക്കണമെന്നും ഡോക്ടർമാർ ആവശ്യപ്പെട്ടിട്ടുണ്ട്. സിസിടിവി ക്യാമറകള്‍ ഉള്‍പ്പെടെ സ്ഥാപിച്ച് ആശുപത്രികളില്‍ സുരക്ഷ വർധിപ്പിക്കണമെന്നും ഡോക്ടർമാർ പറയുന്നു.

നേരത്തെ 42 ദിവസം തുടർച്ചയായി പണിമുടക്കി ജൂനിയർ ഡോക്ടർമാർ സമരം ചെയ്തിരുന്നു. സെപ്റ്റംബർ 21ന് സംസ്ഥാന സർക്കാരുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമായിരുന്നു സമരം അവസാനിപ്പിച്ചത്.

ആരുജയിക്കും എന്ന് തീരുമാനിക്കുന്ന 47 മണ്ഡലങ്ങൾ; മഹായുതിക്ക് നിലതെറ്റിയ വടക്കൻ മഹാരാഷ്ട്ര

മഹാരാഷ്ട്ര തിരഞ്ഞെടുപ്പ്: സീറ്റ് വിഭജനം പൂര്‍ത്തിയാക്കി മഹായുതി സഖ്യവും മഹാമഹാവികാസ് അഘാഡി സഖ്യവും; ഭൂരിപക്ഷം സീറ്റുകളിലും ബിജെപിയും കോണ്‍ഗ്രസും

വഖഫ് ബിൽ: സംയുക്ത പാർലമെന്ററി യോഗത്തിൽ ഏറ്റുമുട്ടി തൃണമൂൽ-ബിജെപി എംപിമാർ, ചില്ലുകുപ്പി അടിച്ചുടച്ച് കല്യാൺ ബാനർജി; സസ്പെൻഷൻ

ആന്റണി ബ്ലിങ്കന്റെ ഇസ്രയേൽ സന്ദർശനത്തിന് മണിക്കൂറുകൾ മുൻപ് ഹിസ്‌ബുള്ള ആക്രമണം; ഭാവിയെന്തെന്നറിയാതെ പശ്ചിമേഷ്യ

ഐഫോണില്‍ വോയിസ് മെയില്‍ ഒരു തലവേദനയാണോ? എങ്ങനെ ഒഴിവാക്കാം