INDIA

ഭീമ കൊറേഗാവ് കേസ്: ഷോമ സെന്നിനെ ഇനി കസ്റ്റഡിയിൽ ആവശ്യമില്ലെന്ന് എൻഐഎ സുപ്രീം കോടതിയിൽ

2018 ജൂൺ 6ന് ഭീമാ കൊറേഗാവ് - എല്‍ഗാര്‍ പരിഷത്ത് കേസുമായി ബന്ധപ്പെട്ട് ഷോമ സെൻ അറസ്റ്റിലാകുന്നത്. മുംബൈയിലെ ബൈക്കുള വനിത ജയിലിലാണ് ഷോമ സെൻ കഴിയുന്നത്

വെബ് ഡെസ്ക്

എൽഗാർ പരിഷത്ത് കേസിൽ കഴിഞ്ഞ അഞ്ചര വർഷത്തിലേറെയായി ജയിലിൽ കഴിയുകയായിരുന്ന നാഗ്പൂർ സർവകലാശാലയിലെ മുൻ പ്രൊഫസർ ഷോമ സെന്നിനെ ഇനി കസ്റ്റഡിയിൽ വിടേണ്ടതില്ലെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) സുപ്രീം കോടതിയെ അറിയിച്ചു. ഷോമ സെന്നിന്റെ ജാമ്യാപേക്ഷ ഇപ്പോൾ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. 2018 ജൂൺ 6ന് ഭീമാ കൊറേഗാവ് - എല്‍ഗാര്‍ പരിഷത്ത് കേസുമായി ബന്ധപ്പെട്ട് ഷോമ സെൻ അറസ്റ്റിലാകുന്നത്. അറസ്റ്റ് ചെയ്ത വീട്ടുതടങ്കലിലാക്കി ഇവരെ പിന്നീട് കോടതിയിൽ ഹാജരാക്കി ജയിലിലേക്ക് മാറ്റുകയായിരുന്നു. മുംബൈയിലെ ബൈക്കുള വനിത ജയിലിലാണ് ഷോമ സെൻ കഴിയുന്നത്.

രക്താതിമർദ്ദവും സന്ധിവാതവും മറ്റ് അസുഖങ്ങൾ മൂലവും ബുദ്ധിമുട്ട് അനുഭവിക്കുകയായിരുന്ന അറുപത്തിയഞ്ചുകാരിയായ ഷോമ സെൻ വിചാരണ കോടതിയിലും ബോംബെ ഹൈക്കോടതിയിലും ജാമ്യാപേക്ഷ നൽകിയിരുന്നു, ഓരോ തവണയും സെന്നിന്റെ ജാമ്യാപേക്ഷ എൻഐഎ ശക്തമായി എതിർത്തിരുന്നു. നിരന്തരമായി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് ആക്ടിവിസ്റ്റ് കൂടിയായ സെൻ സുപ്രീം കോടതിയെ സമീപിക്കുന്നത്. നിരോധിത നക്സൽ സംഘടനയായ സിപിഐ (മാവോയിസ്റ്റ്) യുമായി തനിക്ക് ബന്ധമുണ്ടെന്നതിന് പ്രഥമദൃഷ്ട്യാ തെളിവുകൾ ഒന്നുമില്ലെന്നും മറ്റ് പ്രതികളുടെ ഇലക്ട്രോണിക് ഉപകരണങ്ങളിൽ നിന്ന് അന്വേഷണ ഏജൻസി കണ്ടെടുത്തതായി ആരോപിക്കപ്പെടുന്ന തെളിവുകൾ മന:പൂർവം കെട്ടിച്ചമച്ചതാണെന്നും സെൻ സുപ്രീം കോടതിയിൽ വാദിച്ചു.

ജസ്റ്റിസ് അനിരുദ്ധ ബോസ്, അഗസ്റ്റിൻ ജോർജ്ജ് മസിഹ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണക്കവേ ഷോമ സെന്നിൻ്റെ കസ്റ്റഡിയുമായി ബന്ധപ്പെട്ട് ചോദ്യം ഉന്നയിച്ചത്. ഇതിനു മറുപടിയായിട്ടാണ് എല്‍ഗാര്‍ പരിഷത്ത് കേസുമായി ബന്ധപ്പെട്ട് ഇനി ഷോമ സെന്നിനെ കസ്റ്റഡിയിൽ വിടേണ്ട ആവശ്യമില്ലെന്ന് എൻഐഎയെ പ്രതിനിധീകരിച്ച് മുതിർന്ന അഭിഭാഷകൻ കെ എം നടരാജ് കോടതിയെ അറിയിച്ചത്. എൻഐഎയുടെ നിർദേശപ്രകാരം ഇക്കാലമത്രയും ഷോമ സെന്നിൻ്റെ ജാമ്യാപേക്ഷ നിരസിച്ച അഭിഭാഷകന്റെ പ്രസ്താവന ആശ്ചര്യപ്പെടുത്തുന്നതാണെന്നാണ് ദ വയർ അടക്കമുള്ള ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

എൽഗർ പരിഷത്ത് കേസുമായി ബന്ധപ്പെട്ട് ആദ്യം അറസ്റ്റ് ചെയ്യപ്പെട്ട ആറ് ആക്ടിവിസ്റ്റുകളിൽ ഒരാളാണ് സെൻ. ആദ്യം പൂണെയിലെ യേർവാഡ ജയിലിലും പിന്നീട് മുംബൈയിലെ ബൈക്കുള വനിത ജയിലിലുമാണ്‌ സെന്നിനെ പാർപ്പിച്ചിരുന്നത്. ഇതേകേസിൽ അറസ്റ്റിലായി പിന്നീട് ജാമ്യം ലഭിച്ച അഭിഭാഷകയും അധ്യാപികയുമായ സുധ ഭരദ്വാജ് അടുത്തിടെ പ്രസിദ്ധീകരിച്ച 'ഫ്രം ഫാൻസി യാർഡ്: മൈ ഇയർ വിത്ത് ദി വിമൻ ഓഫ് യെരവാഡ' എന്ന പുസ്തകത്തിൽ സുധയും സെന്നും താമസിച്ചരുന്ന ജയിലിനെ പറ്റി വിശദമായി പരാമർശിക്കുന്നുണ്ട്. പൂണെയിലായിരിക്കെ ഇരുവരെയും ആദ്യം വീട്ടുതടങ്കലിൽ പാർപ്പിച്ചിരുന്നു. പിന്നീടാണ് ബൈക്കുള ജയിലിലേയ്ക്ക് മാറ്റുന്നത്. കേസിൽ അറസ്റ്റിലായ മനുഷ്യാവകാശ പ്രവർത്തകരിൽ ജാമ്യം ലഭിച്ച ആദ്യത്തെയാളായിരുന്നു സുധ. പിന്നീട് കേസിൽ അറസ്റ്റിലായ 16 പേരിൽ സുധയുൾപ്പടെ അഞ്ച് പേർക്ക് ജാമ്യം ലഭിച്ചിരുന്നു. വരവര റാവു, ആനന്ദ് തെൽതുംബ്ഡെ, വെർനൺ ഗോൺസാൽവസ്, അരുൺ ഫെരേര എന്നിവർക്കാണ് അറസ്റ്റിലായി വർഷങ്ങൾക്ക് ശേഷം ജാമ്യം ലഭിച്ചത്.

കേസിൽ കൂട്ടുപ്രതികളായി ചേർത്തിട്ടുള്ള ക്രിസ്തുമത പുരോഹിതൻ ഫാദർ സ്റ്റാൻ സ്വാമി 2021ൽ റിമാൻഡിലായിരിക്കെ മരിച്ചു. കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തിട്ടുള്ള ജ്യോതി ജഗ്‌താപ്, സാഗർ ഗോർഖെ, രമേഷ് ഗെയ്‌ചോർ, മഹേഷ് റൗട്ട്, സുരേന്ദ്ര ഗാഡ്‌ലിംഗ്, സുധീർ ധവാലെ, റോണ വിൽസൺ, ഹാനി ബാബു എന്നിവർ ഇപ്പോഴും ജയിലിൽ കഴിയുകയാണ്. സെന്നിൻ്റെ ജാമ്യാപേക്ഷയിൽ സുപ്രീം കോടതി തീരുമാനമെടുത്ത ശേഷമായിരിക്കും ഈ കേസിൽ തീർപ്പുകൽപ്പിക്കാത്ത മറ്റ് അപേക്ഷകളിൽ വാദം കേൾക്കുക.

കൊറേഗാവ് - ഭീമ യുദ്ധത്തിന്റെ 200-ാം വാര്‍ഷികത്തോടനുബന്ധിച്ച് പൂനെയിലെ ശനിവാര്‍ വാഡയില്‍ നടന്ന ഒരു സമ്മേളനത്തെയും തുടര്‍ന്നുണ്ടായ അക്രമത്തെയും അതുവഴി മൂന്ന് പേരുടെ മരണത്തിനും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുന്നതിനും ഇടയാക്കിയതാണ് ഭീമ കൊറേഗാവ് കേസ്. 2018ൽ മഹാരാഷ്‌ട്രയിൽ ശിവസേന - ബിജെപി സഖ്യ സർക്കാർ ഭരിക്കുന്ന കാലത്താണ് ഭീമ കൊറെഗാവ് സംഭവം അരങ്ങേറുന്നത്. 1818 ജനുവരി 1 ലെ ഭീമ കൊറെഗാവ് യുദ്ധത്തിൽ പെഷവാ ബാജിറാവു രണ്ടാമന്റെ സവർണ സൈന്യത്തിന് മേൽ ദളിതുകൾ ഉൾപ്പെട്ട സേന നേടിയ വിജയം എല്ലാ വർഷവും ആഘോഷിക്കാറുണ്ട്. എന്നാൽ 2018 ജനുവരി 1ന് നടന്ന വിജയാഘോഷം സംഘർഷത്തിലാണ് കലാശിച്ചത്.

പ്രക്ഷോഭം അക്രമാസക്തമാവുകയും രാജ്യത്തിന്റെ പല ഭാഗങ്ങളിലും സംഘർഷമുണ്ടാവുകയും ചെയ്‌തിരുന്നു. ഒരു ദളിത് യുവാവ് ഉൾപ്പെടെ രണ്ട് യുവാക്കൾ കൊല്ലപ്പെടുകയും ചെയ്‌തു. അക്രമത്തിന് പിന്നിൽ അർബൻ മാവോയിസ്റ്റുകൾ ആണെന്നാരോപിച്ച് 16 പേര്‍ക്കെതിരെയാണ് യു എ പി ഐ കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത് ജയിലിലിട്ടത്. 2020ലാണ് കേസ് എൻഐഎയ്ക്ക് കൈമാറിയത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ