കോര്‍പ്പറേറ്റ് ഓഫിസുകളിലെ ജീവനക്കാര്‍ക്ക് വെള്ളിയാഴ്ച ദിവസം ഓഫിസുകളിലേക്ക് എത്താന്‍ അല്‍പം ഉത്സാഹം കൂടുതലാണ്. 'കാഷ്വല്‍ ഫ്രൈഡേ' ഡ്രസ് കോഡ് പിന്തുടരുന്നതിനാല്‍ ഈ ദിവസം ഔപചാരിക വസ്ത്രങ്ങള്‍ ഒഴിവാക്കി റിലാക്‌സഡ് വസ്ത്രങ്ങളില്‍ ഓഫിസിലെത്താന്‍ ജീവനക്കാര്‍ക്ക് അനുമതിയുണ്ട്.
എന്നാല്‍, ഇന്ത്യയിലെ ഗവേഷണ ലാബുകളുടെ വലിയ ശൃംഖലയായ കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് (സിഎസ്‌ഐആര്‍) പുതിയ ക്യാംപെയ്‌നുമായി രംഗത്തെത്തിയിരിക്കുകയാണ്. തിങ്കളാഴ്ചകളില്‍ ഇസ്തിരിയിടാത്ത വസ്ത്രങ്ങള്‍ ധരിച്ച് ഓഫിസില്‍ എത്താനാണ് നിര്‍ദേശം. ചുളിവുകള്‍ നല്ലതാണ് എന്നതാണ് ക്യാംപെയ്‌ന്റെ മുദ്രാവാദ്യം.
കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പ്രതീകാത്മക പോരാട്ടത്തില്‍ തിങ്കളാഴ്ചകളില്‍ ജോലിക്കായി എല്ലാ ജീവനക്കാരും ഇസ്തിരിയിടാത്ത വസ്ത്രങ്ങള്‍ ധരിച്ചെത്തുക എന്നതാണ് ആശയം. ശാസ്ത്ര-വ്യാവസായിക ഗവേഷണ വകുപ്പ് സെക്രട്ടറിയും സിഎസ്‌ഐആറിന്റെ ആദ്യ വനിതാ ഡയറക്ടര്‍ ജനറലുമായ ഡോ എന്‍ കലൈസെല്‍വി ഈ ആശയത്തെ പറ്റി വിവരിക്കുന്നത് ഇങ്ങനെ- ഓരോ ജോഡി വസ്ത്രങ്ങളും ഇസ്തിരിയിടുന്നത് 200 ഗ്രാം കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറന്തള്ളുന്നതിന് തുല്യമാണ്. അതിനാല്‍, ഇസ്തിരിയിടാത്ത വസ്ത്രങ്ങള്‍ ധരിക്കുന്നതിലൂടെ ഒരാള്‍ക്ക് 200 വരെ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറന്തള്ളുന്നത് തടയാന്‍ കഴിയും. രാജ്യത്തുടനീളം സിഎസ്‌ഐറിലെ ജീവനക്കാരെല്ലാം ഇത്തരമൊരു ക്യാംപെയ്‌ന്റെ ഭാഗമാകുന്നതോടെ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറന്തള്ളല്‍ കുറച്ചെങ്കിലും ഒഴിവാക്കാനാകും.
ഊര്‍ജം ലാഭിക്കുന്നതിനുള്ള സംരംഭത്തിന്റെ ഭാഗമായി സിഎസ്‌ഐആര്‍ രാജ്യത്തുടനീളമുള്ള എല്ലാ ലാബുകളിലും വൈദ്യുതി ഉപഭോഗം കുറയ്ക്കുന്നതിന് കുറച്ച് സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങള്‍ നടപ്പിലാക്കാനൊരുങ്ങുകയാണ്. ഓഫിസുകളിലെ വൈദ്യുതി ചാര്‍ജ് 10 ശതമാനം കുറയ്ക്കുക എന്ന പ്രാരംഭ ലക്ഷ്യത്തോടെ 2024 ജൂണ്‍-ഓഗസ്റ്റ് മാസങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ വിവിധ പദ്ധതികള്‍ നടപ്പിലാക്കും. അടുത്തിടെ ഡല്‍ഹിയിലെ റാഫി മാര്‍ഗിലെ സിഎസ്‌ഐആര്‍ ആസ്ഥാന മന്ദിരത്തിലാണ് രാജ്യത്തെ ഏറ്റവും വലിയ കാലാവസ്ഥാ ക്ലോക്ക് സ്ഥാപിച്ചത്.