INDIA

'ഭിന്നശേഷിക്കാരെ പരിഹസിക്കരുത്'; മാധ്യമങ്ങളോടും സിനിമാക്കാരോടും സുപ്രീംകോടതി, മാര്‍ഗനിര്‍ദേശം പുറത്തിറക്കി

വെബ് ഡെസ്ക്

ദൃശ്യമാധ്യമങ്ങളിലും സിനിമകളിലും ഭിന്നശേഷിക്കാരെ അവഹേളിക്കുന്ന രീതിയില്‍ ചിത്രീകരിക്കുന്നതിന് എതിരെ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് സുപ്രീംകോടതി. ഭിന്നശേഷിക്കാരെ പരിഹസിക്കുന്ന തരത്തിലുള്ള ചിത്രീകരണങ്ങള്‍ അവരുടെ അന്തസിനെ ബാധിക്കുന്നതും സാമൂഹിക വിവേചനം നിലനിര്‍ത്തുന്നതാണെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. മഠയന്‍, മുടന്തന്‍ തുടങ്ങിയ പദങ്ങള്‍ സിനിമയിലും മറ്റും ഉപയോഗിക്കുന്നത് സാമൂഹിക മാധ്യമത്തില്‍ തെറ്റായ ധാരണകള്‍ സൃഷ്ടിക്കുന്നുണ്ടെന്നും സുപ്രീം കോടതി പറഞ്ഞു.

സ്‌ക്രീനിങിന് മുമ്പ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ ബോഡി വിദഗ്ധരുടെ അഭിപ്രായം തേടണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. സോണി പിക്‌ചേഴ്‌സ് നിര്‍മ്മിച്ച 'ആംഖ് മിച്ചോളി' എന്ന ഹിന്ദി സിനിമയില്‍ ഭിന്നശേഷിക്കാരെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങളുണ്ടെന്ന് കാണിച്ച് സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെ ഉത്തരവ്.ജസ്റ്റിസുമാരായ ജെ ബി പര്‍ദ്ദിവാല, മനോജ് മിശ്ര എന്നിവരായിരുന്നു ബെഞ്ചിലെ മറ്റംഗങ്ങള്‍.

ഭിന്നശേഷിക്കാരുടെ ജീവിതത്തിലെ വിവിധ യാഥാര്‍ഥ്യങ്ങളെ ചിത്രീകരിക്കാന്‍ ദൃശ്യമാധ്യമങ്ങള്‍ ശ്രദ്ധിക്കണം. അവരുടെ വെല്ലുവിളികള്‍ മാത്രമല്ല, വിജയങ്ങള്‍, കഴിവുകള്‍, സമൂഹത്തിനുള്ള സംഭാവനകള്‍ എന്നിവയും ചിത്രീകരിച്ച് പ്രദര്‍ശിപ്പിക്കേണ്ടതുണ്ടെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. കെട്ടുകഥകള്‍ ചിത്രീകരിച്ച് അവരെ അപകീര്‍ത്തിപ്പെടുത്തരുതെന്നും ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് കൂട്ടിച്ചേര്‍ത്തു.

എന്നാല്‍, ചിത്രത്തിന് സി ബി എഫ്‌ സി നല്‍കിയ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണം എന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. ഭിന്നശേഷിക്കാരെ ഇകഴ്ത്തുകയും അവരെ കൂടുതല്‍ പാര്‍ശ്വവത്കരിക്കുകയും അവരുടെ സാമൂഹിക പങ്കാളിത്തത്തില്‍ ബുദ്ധിമുട്ടുണ്ടാക്കുന്ന തടസങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്ന ചിത്രീകരണങ്ങളില്‍ ജാഗ്രതയോടെ സമീപിക്കേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാണിച്ചു.

ഇര, ബാധിതര്‍ തുടങ്ങിയ പദങ്ങള്‍ ഒഴിവാക്കേണ്ടതാണ്. അത്തരം പദ പ്രയോഗങ്ങള്‍ നത്തുന്നിടത്ത് നിയമപരമായ മുന്നറിയിപ്പ് എഴുതിക്കാണിക്കണം. രാത്രികാല അന്ധത പോലുള്ള അവസ്ഥകളെ കുറിച്ചുള്ള തെറ്റായ ചിത്രീകരണങ്ങള്‍ ഇത്തരം രോഗങ്ങളെ കുറിച്ച് പരക്കുന്ന തെറ്റായ വിവരങ്ങളെ ശാശ്വതവത്കരിക്കും. അത്തരം രോഗങ്ങള്‍ നേരിടുന്ന വ്യക്തികളെ കുറിച്ചുള്ള സ്ഥിരമായ കാഴ്ചപ്പാടുകള്‍ രൂപീകരിക്കുകയും ചെയ്യും.

കാഴ്ച ശക്തിയില്ലാത്തവര്‍ വഴിയിലെ വസ്തുക്കളില്‍ തട്ടിവീഴുന്നതുപോലുള്ള ചിത്രീകരണങ്ങള്‍ ഒഴിവാക്കേണ്ടതാണ്. ഭിന്നശേഷിക്കാര്‍ പരിമിതികളെ മറികടന്ന് വലിയ നേട്ടം കൈവരിച്ചു എന്ന തരത്തില്‍ ചിത്രീകരിക്കുകയും അരുത്. ഉദാഹരണത്തിന് കാഴ്ച പരിമിതിയുള്ള ഒരാള്‍ക്ക് മറ്റ് ഇന്ദ്രിയങ്ങളുടെ പ്രവര്‍ത്തന മികവ് കൂടുതലായിരിക്കും. എന്നാല്‍, എല്ലാവരും ഇതുപോലെ ആയിരിക്കണമെന്നില്ല.

രചയിതാക്കള്‍, സംവിധായകര്‍, നിര്‍മ്മാതാക്കള്‍, അഭിനേതാക്കള്‍ എന്നിവര്‍ ഉള്‍പ്പെടെ ദൃശ്യ മാധ്യമങ്ങളില്‍ കണ്ടന്റുകള്‍ നിര്‍മ്മിക്കുന്നവര്‍ക്ക് ഇത്തരം കാര്യങ്ങളില്‍ പരിശീലനം നല്‍കണം. മാന്യമായ ഭാഷയുടെ പ്രാധാന്യം, കൃത്യവും സഹാനുഭൂതിയുള്ളതുമായ പ്രാതിനിധ്യത്തിന്റെ ആവശ്യകത എന്നിവ ഈ പരിശീലനങ്ങളിലെ വിഷയങ്ങളാകണം. ഭിന്നശേഷിക്കാരെ ഉള്‍പ്പെടുത്തിക്കൊണ്ട് സ്ഥിരമായി വര്‍ക്ക്‌ഷോപ്പുകളും മറ്റും സംഘടിപ്പിക്കുന്നത് സമൂഹത്തോടുള്ള പ്രതിബദ്ധത വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്നും കോടതി വ്യക്തമാക്കി.

'തൃശൂരില്‍ ബിജെപിയെ ജയിപ്പിച്ചത് മുഖ്യമന്ത്രി, ഇപ്പോള്‍ പാലക്കാടും കച്ചവടം ഉറപ്പിച്ചുകഴിഞ്ഞു'; ആഞ്ഞടിച്ച് അന്‍വര്‍

'കോഴിക്കോട്-മലപ്പുറം ജില്ലകള്‍ വിഭജിച്ച് പുതിയ ജില്ല പ്രഖ്യാപിക്കണം'; ഡിഎംകെയുടെ നയം പ്രഖ്യാപിച്ച് പി വി അന്‍വര്‍

വനിതാ ടി20 ലോകകപ്പ്: പാകിസ്താനെ ആറുവിക്കറ്റിന് തകര്‍ത്ത് ഇന്ത്യയുടെ തിരിച്ചുവരവ്, സെമിസാധ്യത നിലനിര്‍ത്തി

ചങ്ങനാശേരി സ്വദേശിയായ മലയാളി വൈദികൻ കർദിനാൾ പദവിയിലേക്ക്; സീറോ മലബാർ സഭയുടെ തലവനെ ഒഴിവാക്കി, തട്ടിലിന് തിരിച്ചടിയായത് സഭാപ്രതിസന്ധിയിലെ ഇരട്ടത്താപ്പ്?

ബെയ്‌റൂട്ടിൽ ശക്തമായ ആക്രമണം തുടർന്ന് ഇസ്രയേൽ; തെക്കൻ ലെബനനിലെ ഗ്രാമങ്ങളിൽ അടിയന്തര ഒഴിപ്പിക്കൽ ഉത്തരവ് പുറപ്പെടുവിപ്പിച്ചു