INDIA

'മുസ്ലിങ്ങള്‍, കാടന്‍ നിയമം, വര്‍ഗീയ ഭരണം'; യെച്ചൂരിയടക്കമുള്ള പ്രതിപക്ഷ നേതാക്കളുടെ പ്രസംഗം സെന്‍സര്‍ ചെയ്ത് ദൂരദര്‍ശൻ

വെബ് ഡെസ്ക്

പ്രതിപക്ഷ നേതാക്കളുടെ പ്രസംഗത്തില്‍നിന്ന് മുസ്ലിം അടക്കമുള്ള വാക്കുകള്‍ സെന്‍സര്‍ ചെയ്ത് ദൂരദര്‍ശനും ഓള്‍ ഇന്ത്യ റേഡിയോയും. ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി അനുവദിച്ച പ്രസംഗത്തിലാണ് 'മുസ്ലിം', 'വര്‍ഗീയ സ്വേച്ഛാധിപത്യ ഭരണം', 'കാടന്‍ നിയമങ്ങള്‍' എന്നീ പദങ്ങള്‍ ഉപയോഗിക്കരുതെന്ന് നിര്‍ദേശിച്ചത്. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, ഓള്‍ ഇന്ത്യ ഫോര്‍വേഡ് ബ്ലോക്ക് ജനറൽ സെക്രട്ടറി നേതാവ് ജി ദേവരാജന്‍ എന്നീ രണ്ട് പ്രതിപക്ഷ നേതാക്കളോടാണ് പ്രസംഗത്തില്‍നിന്ന് മേല്‍പ്പറഞ്ഞ വാക്കുകള്‍ ഒഴിവാക്കാന്‍ നിര്‍ദേശിച്ചത്.

സീതാറാം യെച്ചൂരി തന്റെ പ്രസംഗത്തില്‍നിന്ന് രണ്ട് പദങ്ങളും ഒഴിവാക്കുകയും 'ഭരണത്തിലെ പാപ്പരത്തം' എന്നതിനു പകരം പരാജയം എന്ന വാക്ക് ഉപയോഗിക്കുകയും ചെയ്തു. ഡല്‍ഹിയിലെ ദൂരദര്‍ശന്‍ സ്റ്റുഡിയോയില്‍ റെക്കോഡ് ചെയ്ത പ്രസംഗത്തില്‍നിന്നുമാണ് ചില പദങ്ങൾ മാറ്റം വരുത്താനം ചിലത് ഒഴിവാക്കാനും യെച്ചൂരിയോട് ആവശ്യപ്പെട്ടത്. ജി ദേവരാജനോട് 'മുസ്ലിങ്ങള്‍' എന്ന വാക്ക് നീക്കം ചെയ്യാനാണ് ആവശ്യപ്പെട്ടത്. കൊല്‍ക്കത്ത സ്റ്റുഡിയോയിലാണ് ഈ പ്രസംഗം റെക്കോഡ് ചെയ്തത്.

തിരഞ്ഞെടുപ്പ് കമ്മിഷന്റെ പെരുമാറ്റച്ചട്ടം പാലിക്കുകയാണ് ദൂരദര്‍ശനും ഓള്‍ ഇന്ത്യ റേഡിയോയും ചെയ്തതെന്ന് പ്രസാര്‍ ഭാരതിയിലെ ഉദ്യോഗസ്ഥന്‍ ദി ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. ഒരുപാട് നേതാക്കളുടെ കാര്യത്തില്‍ ഇതു സംഭവിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രിമാരുടെ പ്രസംഗം പോലും തിരുത്തിയ സംഭവമുണ്ടായിട്ടുണ്ടെന്നും ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.

മറ്റു രാജ്യങ്ങളെക്കുറിച്ചുള്ള വിമർശം, മതങ്ങള്‍ക്കോ സമുദായങ്ങള്‍ക്കോ എതിരെയുള്ള വിമർശം, ആക്രമണത്തിനു പ്രേരണ നല്‍കൽ, കോടതിയലക്ഷ്യത്തിനു തുല്യമായ കാര്യങ്ങള്‍ പറയുക, രാഷ്ട്രപതിയുടെയും നീതിന്യായവ്യവസ്ഥയുടെയും സത്യസന്ധതയെ അധിക്ഷേപിക്കുക, പേരിനെ മുന്‍നിര്‍ത്തി വിമര്‍ശിക്കുക, ഐക്യവും രാജ്യത്തിന്റെ പരമാധികാരവും അഖണ്ഡതയെയും ബാധിക്കുന്ന പരാമര്‍ശങ്ങള്‍, അശ്ലീലവും അപകീര്‍ത്തിപരവുമായ പരാമര്‍ശങ്ങള്‍ തുടങ്ങിയവയിൽനിന്ന് വിട്ടുനില്‍ക്കണമെന്നാണു പ്രസാർഭാരതിയുടെ മാര്‍ഗനിര്‍ദേശത്തില്‍ പരാമര്‍ശിക്കുന്നത്.

തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഏപ്രിലില്‍ പുറപ്പെടുവിച്ച ഉത്തരവുകള്‍ പ്രകാരം ദേശീയ പാര്‍ട്ടിയുടെയും സംസ്ഥാന പാര്‍ട്ടികളുടെയും പ്രതിനിധികള്‍ക്കു തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ദൂരദര്‍ശനിലും ഓള്‍ ഇന്ത്യ റേഡിയോയിലും സമയം അനുവദിച്ചിരുന്നു. 1968ലെ തിരഞ്ഞെടുപ്പ് ചിഹ്നങ്ങളിലെ ഉത്തരവ് പ്രകാരം ആറ് ദേശീയ പാര്‍ട്ടികള്‍ക്കും 59 സംസ്ഥാന പാര്‍ട്ടികള്‍ക്കും പ്രസംഗം ആകാശവാണിയിൽ പ്രക്ഷേപണം ചെയ്യാനും ദൂരദർശനിൽ സംപ്രേഷണം ചെയ്യാനും അനുമതിയുണ്ട്.

അതേസമയം ഇംഗ്ലീഷിലുള്ള തന്റെ പ്രസംഗത്തിന്റെ ഹിന്ദി ഭാഗത്ത് ഒരു തെറ്റും ദൂരദർശൻ കണ്ടെത്തിയില്ലെന്ന് യെച്ചൂരി പ്രതികരിച്ചു. എന്നാല്‍ പ്രതിഷേധത്തെത്തുടര്‍ന്ന് അവരുടെ അഭിപ്രായം പ്രകാരം ഇംഗ്ലീഷ് പതിപ്പ് പരിഷ്‌കരിക്കേണ്ടി വന്നെന്നും യെച്ചൂരി വ്യക്തമാക്കി. തിരഞ്ഞെടുപ്പ് ബോണ്ടിനെക്കുറിച്ചുള്ള പരാമര്‍ശങ്ങളും നീക്കം ചെയ്യാന്‍ യെച്ചൂരിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

''ദൂരദര്‍ശനിലെ എന്റെ പ്രസംഗം സെന്‍സര്‍ ചെയ്തത് ജനാധിപത്യത്തിലെ വിയോജിക്കാനുള്ള അവകാശം നിഷേധിക്കലാണ്. വര്‍ഗീയ ഭരണം, കാടന്‍ നിയമങ്ങള്‍ തുടങ്ങിയ പദങ്ങള്‍ ഒഴിവാക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. ഒരു പാര്‍ലമെന്ററി ജനാധിപത്യത്തില്‍ ഭരണത്തിന്റെ സ്വഭാവത്തെ കുറിച്ചുള്ള അഭിപ്രായം പ്രകടിപ്പിക്കാന്‍ ഏതൊരു പാര്‍ട്ടിക്കും അവകാശമുണ്ട്. ഭരണത്തിലെ പാപ്പരത്തം എന്ന പ്രയോഗത്തിന് പകരം പരാജയം എന്ന് പ്രയോഗിക്കാന്‍ ആവശ്യപ്പെട്ടത് ഭരണത്തിലെ സ്വേച്ഛാധിപത്യത്തിന്റെ സാക്ഷ്യപ്പെടുത്തലാണ്,'' ദൂരദര്‍ശന്റെ ഡയറക്ടര്‍ ജനറലിന് അയച്ച കത്തില്‍ യെച്ചൂരി പറയുന്നു. പ്രയോഗങ്ങള്‍ നീക്കം ചെയ്തത് പുനഃപരിശോധിക്കണമെന്നും യെച്ചൂരി കത്തില്‍ ആവശ്യപ്പെട്ടു.

പൗരത്വ ഭേദഗതി നിയമത്തിലെ വിവേചനപരമായ വകുപ്പുകളാണ് തന്റെ പ്രസംഗത്തിലുണ്ടായിരുന്നതെന്ന് ദേവരാജന്‍ പറയുന്നു. ''മുസ്ലിം എന്ന വാക്ക് നീക്കം ചെയ്യാന്‍ അവര്‍ എന്നോട് ആവശ്യപ്പെട്ടു. പൗരത്വത്തിന് അര്‍ഹതയുള്ള മറ്റ് ന്യൂനപക്ഷങ്ങളെ നിയമത്തില്‍ പരാമര്‍ശിക്കുന്നതിനാല്‍ മുസ്ലിങ്ങളോടു കാണിക്കുന്ന വിവേചനം എനിക്ക് ഊന്നിപ്പറയണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ അവര്‍ അനുവദിച്ചില്ല,'' ദേവരാജന്‍ പറഞ്ഞു.

''പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ രജിസ്റ്ററും പോലുള്ള നയങ്ങള്‍ മുസ്ലിങ്ങളോടുള്ള വിവേചനപരമായ സമീപനമാണ്, അത് രാജ്യത്തിന്റെ മതേതരഘടനയെ ദുര്‍ബലപ്പെടുത്തും,'' എന്നായിരുന്നു ദേവരാജന്റെ പ്രസംഗത്തിന്റെ യഥാര്‍ത്ഥ രൂപം. എന്നാല്‍ പിന്നീട് മുസ്ലിങ്ങള്‍ക്കു പകരം പ്രത്യേക സമുദായം എന്ന് ഉപയോഗിക്കേണ്ടതായി വന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസം ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്ത പ്രസംഗത്തില്‍നിന്നാണ് ഈ വാക്കുകള്‍ സെൻസര്‍ ചെയ്തത്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും