INDIA

'സർവതും കാവിവത്കരിക്കാനുള്ള ബിജെപി നീക്കം'; ഡി ഡി ന്യൂസ് ലോഗോ നിറം മാറ്റത്തിനെതിരെ എംകെ സ്റ്റാലിൻ

നേരത്തെ വിവിധ പ്രതിപക്ഷ കക്ഷികളും ലോഗോ മാറ്റത്തിനെതിരെ രംഗത്തുവന്നിരുന്നു

വെബ് ഡെസ്ക്

കേന്ദ്രസർക്കാരിന്റെ ഉടമസ്ഥതയിലുള്ള ദൂരദർശന്റെ വാർത്താ ചാനലായ ഡി ഡി ന്യൂസിന്റെ ലോഗോയുടെ നിറം കാവിയാക്കിയതിനെതിരെ രൂക്ഷ വിമർശനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. രാജ്യത്തെ സർവതും കാവിവത്ക്കരിക്കാനുള്ള നീക്കമാണ് ബിജെപി നടത്തുന്നതെന്ന് സ്റ്റാലിൻ എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.

''തമിഴ് കവി തിരുവള്ളുവരെ കാവിവത്കരിച്ചും തമിഴ്നാട്ടിലെ മഹാത്മാക്കളായ ആളുകളുടെ പ്രതിമകളിൽ കാവി പെയിന്റ് ഒഴിച്ച് അവരെ അപമാനിച്ചു. അവർ റേഡിയോയുടെ ശുദ്ധമായ തമിഴ് പേര് മാറ്റി ആകാശവാണി എന്ന സംസ്‌കൃതമാക്കി. 'പൊതികൈ' എന്ന മനോഹരമായ തമിഴ് വാക്കും അവർ നീക്കം ചെയ്തു. ഇപ്പോൾ ദൂരദർശനിലും അവർ കാവി അടിച്ചു,'' സ്റ്റാലിൻ കുറിച്ചു.

''തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ നമ്മൾ പറഞ്ഞതുപോലെ, എല്ലാം കാവിവൽക്കരിക്കാനുള്ള ബിജെപിയുടെ പദ്ധതിയുടെ പ്രിവ്യൂ മാത്രമാണിത്. ഈ ഏകശിലാ ഫാസിസത്തിനെതിരെ ഇന്ത്യയിലെ ജനങ്ങൾ ഉയർന്നുവരികയാണെന്ന് 2024 ലെ തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കും!,'' സ്റ്റാലിൻ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ദൂരദർശൻ ലോഗോ പുതിയ രീതിയിൽ മാറിയത്. ലോഗോയിൽ മാത്രമാണ് മാറ്റമെന്നും മൂല്യങ്ങൾ അതേപടി നിലനിർത്തുമെന്നും ദൂരദർശൻ പ്രഖ്യാപിച്ചിരുന്നു.

''ഞങ്ങളുടെ മൂല്യങ്ങൾ അതേപടി നിലനിൽക്കുമ്പോൾ, ഞങ്ങൾ ഇപ്പോൾ ഒരു പുതിയ രൂപത്തിൽ ലഭ്യമാണ്. മുമ്പെങ്ങുമില്ലാത്തവിധം ഒരു വാർത്താ യാത്രയ്ക്ക് തയ്യാറാകൂ.. ഏറ്റവും പുതിയ ഡിഡി വാർത്തകൾ അനുഭവിക്കൂ!'' എന്ന കുറിപ്പിനൊപ്പമാണ് പുതിയ നിറത്തിലുള്ള ലോഗോ പുറത്തുവിട്ടത്.

ലോഗോ നിറം മാറ്റത്തിനെതിരെ നേരത്തെ വിവിധ പ്രതിപക്ഷ കക്ഷികൾ രംഗത്തെത്തിയിരുന്നു. സമ്പൂർണ കാവിവൽകരണത്തിന്റെ ഭാഗമായിട്ടാണ് ദൂരദർശന്റെ കാവി ലോഗോ എന്നാണ് ഉയരുന്ന വിമർശനം. നേരത്തെ കേരള സ്റ്റോറി എന്ന സിനിമ ദൂരദർശനിൽ പ്രദർശിപ്പിക്കാനുള്ള തീരുമാനവും വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു.

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം