സോറനും എംഎല്‍എമാരും 
INDIA

വീണ്ടും റിസോര്‍ട്ട് രാഷ്ട്രീയം; ജാർഖണ്ഡിലെ കോൺഗ്രസ് - ജെഎംഎം എംഎല്‍എമാരെ റായ്പുരിലേക്ക് മാറ്റി

എംഎല്‍എമാരെ വിലയ്‌ക്കെടുത്തുകൊണ്ട് സഖ്യ സര്‍ക്കാരിനെ പിളര്‍ത്തി, ബിജെപി അധികാരം പിടിച്ചെടുത്തേക്കുമെന്നാണ് ആശങ്ക

വെബ് ഡെസ്ക്

ജാര്‍ഖണ്ഡില്‍ ബിജെപിയുടെ അട്ടിമറി നീക്കങ്ങളെ പ്രതിരോധിക്കാനുറച്ച് കോണ്‍ഗ്രസ് - ജെഎംഎം (ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച) സഖ്യം. സംസ്ഥാനത്ത് 'ഓപ്പറേഷന്‍ ലോട്ടസ്' ആരോപണങ്ങള്‍ ഉയര്‍ന്നതിനു പിന്നാലെ, സഖ്യ സര്‍ക്കാരിലെ എംഎല്‍എമാരെ കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഢിലേക്ക് മാറ്റിയതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. റായ്പുരിലെ മേഫെയര്‍ റിസോര്‍ട്ടിലേക്കാണ് എംഎല്‍എമാരെ മാറ്റിയതെന്നാണ് പാര്‍ട്ടിവൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍. മുഖ്യമന്ത്രി ഹേമന്ത് സോറനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി രാഷ്ട്രീയ പ്രതിസന്ധി തീര്‍ക്കുന്നതിനിടെയാണ് സഖ്യ സര്‍ക്കാരിന്റെ പുതിയ നീക്കം.

നിലവിലെ രാഷ്ട്രീയ പ്രതിസന്ധി മുതലെടുക്കാന്‍ ബിജെപി ശ്രമിച്ചേക്കുമെന്നാണ് ജെഎംഎം വിലയിരുത്തുന്നത്. എംഎല്‍എമാരെ വിലയ്‌ക്കെടുത്തുകൊണ്ട് സഖ്യ സര്‍ക്കാരിനെ പിളര്‍ത്തി, ബിജെപി അധികാരം പിടിച്ചെടുത്തേക്കുമെന്ന ആശങ്കയാണ് നിലനില്‍ക്കുന്നത്. മഹാരാഷ്ട്ര, മധ്യപ്രദേശ്, കര്‍ണാടക ഉള്‍പ്പെടെയുള്ള ഉദാഹരണങ്ങള്‍ മുന്നിലുള്ളതിനാലാണ് ജെഎംഎം-കോണ്‍ഗ്രസ് സര്‍ക്കാര്‍ മുന്‍കരുതലെന്നോണം എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റിയത്.

ചൊവാഴ്ച് ഉച്ച തിരിഞ്ഞ് രണ്ട് ബസുകളിലായാണ് എംഎല്‍എമാര്‍ സോറന്റെ വസതിയില്‍നിന്ന് റാഞ്ചി വിമാനത്താവളത്തിലേക്ക് പോയത്. അവിടെനിന്ന് ചാര്‍ട്ടേഡ് ഫ്‌ളൈറ്റിലാണ് എംഎല്‍എമാരെ റായ്പുരിലേക്ക് കൊണ്ടുപോയത്. സംഘത്തിനൊപ്പം സോറനും ഉണ്ടായിരുന്നതായാണ് വിമാനത്താവളത്തില്‍ നിന്നുള്ള വിഡീയോ ദൃശ്യങ്ങളില്‍നിന്ന് വ്യക്തമാകുന്നത്. ''ഇത് അമ്പരപ്പിക്കുന്ന നീക്കമൊന്നുമല്ല. രാഷ്ട്രീയത്തില്‍ ഇത് സംഭവിക്കുന്നതാണ്. ഏത് സാഹചര്യവും നേരിടാന്‍ സജ്ജമാണ്'' സോറനെ ഉദ്ധരിച്ചുകൊണ്ട് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ''ഇതൊരു പുതിയ കാര്യമല്ല. ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കപ്പെടുന്ന ബിജെപി ഇതര സര്‍ക്കാരുകളെല്ലാം അസ്ഥിരമാക്കപ്പെടുന്നു. ഞങ്ങളുടെ എംഎല്‍എമാരെ ഒരുമിച്ച് നിര്‍ത്താനുള്ള തന്ത്രപരമായ നീക്കമാണിത്'' -സോറന്‍ കൂട്ടിച്ചേര്‍ത്തു.

അഴിമതിക്കേസിൽ ഹേമന്ത് സോറനെ അയോ​ഗ്യനാക്കണമെന്ന ബിജെപി ആവശ്യത്തില്‍, ഗവർണറുടെ നടപടി വൈകുന്നതിനിടയിലാണ് സഖ്യ സര്‍ക്കാരിന്റെ നിര്‍ണായക നീക്കം. സോറനെ അയോഗ്യനാക്കിയാലും അത് സർക്കാരിനെ ബാധിക്കില്ലെന്നാണ് ഭരണ മുന്നണിയുടെ അവകാശവാദം.

അതേസമയം, മുഖ്യമന്ത്രിക്ക് എതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസിൽ തിരിച്ചടി ഭയന്നാണ് ഭരണപക്ഷം തങ്ങളുടെ എംഎൽഎമാർക്ക് ജാ​ഗ്രതാ നിർദ്ദേശം നൽകിയതെന്നാണ് ബിജെപിയുടെ ആരോപണം. നേരത്തെ നിയമസഭാ സ്പീക്കർ രവീന്ദ്ര നാഥ് മഹ്തോയും ജാർഖണ്ഡ് മുക്തി മോ‍‍‍‍‍‍‍‍‍‍ർച്ച എംഎൽഎ നിരാൽ പുർത്തിയും കോമൺവെൽത്ത് പരിപാടിയിൽ പങ്കെടുക്കുന്നതിനായി നിശ്ചയിച്ചിരുന്ന യാത്ര റദ്ദാക്കിയിരുന്നു.

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം

രാജിവയ്‌ക്കേണ്ട; പാര്‍ട്ടി സജി ചെറിയാന് ഒപ്പം, തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍

'സര്‍ക്കാര്‍ വേണ്ടത്ര പിന്തുണയ്ക്കുന്നില്ല'; മുകേഷ് അടക്കം നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കുന്നെന്ന് നടി

പെര്‍ത്തില്‍ പരിതാപകരം; ടോസ് ലഭിച്ചിട്ടും ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ തകര്‍ന്നു, അമ്പതു കടക്കും മുന്‍പ് നാലു വിക്കറ്റുകള്‍ നഷ്ടം