INDIA

ചരിത്രദിനം; രാഷ്ട്രപതിയായി ദ്രൗപദി മുര്‍മു ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ഇന്ത്യയുടെ ചരിത്രത്തില്‍ പുതിയ അധ്യായമെഴുതുന്ന ദിവസത്തെ ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് മയൂര്‍ഭഞ്ച് ഗ്രാമവും ആദിവാസി സമൂഹവും

വെബ് ഡെസ്ക്

ഇന്ത്യ സ്വതന്ത്രമായതിന്റെ എഴുപത്തഞ്ചാം വാര്‍ഷികത്തില്‍, ആദിവാസി ഗോത്രവിഭാഗത്തില്‍നിന്നുള്ള ആദ്യ രാഷ്ട്രപതിയായി ദ്രൗപദി മുര്‍മു ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍, രാവിലെ 10.15നാണ് സത്യപ്രതിജ്ഞാ ചടങ്ങ്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍.വി രമണ സത്യവാചകം ചൊല്ലിക്കൊടുക്കും. സ്ഥാനമൊഴിയുന്ന രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു, ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ല, പ്രധാനമന്ത്രി നരേന്ദ്ര മോദി, മന്ത്രിമാര്‍, എംപിമാര്‍, സേനാ മേധാവിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍, വിദേശരാഷ്ട്ര പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.

രാവിലെ പത്തോടെ, സ്ഥാനമൊഴിയുന്ന രാംനാഥ് കോവിന്ദും നിയുക്ത രാഷ്ട്രപതി ദ്രൗപദി മുര്‍മുവും രാഷ്ട്രപതിഭവനില്‍നിന്നു പാര്‍ലമെന്റിലെത്തും. ഉപരാഷ്ട്രപതിയും ലോക്‌സഭാ സ്പീക്കറും സുപ്രീം കോടതി ചീഫ് ജസ്റ്റിസും ചേര്‍ന്ന് ഇരുവരെയും സെന്‍ട്രല്‍ ഹാളിലേക്ക് ആനയിക്കും. സ്ഥാനമേറ്റശേഷം പുതിയ രാഷ്ട്രപതി ചടങ്ങിനെ അഭിസംബോധന ചെയ്യും. തുടര്‍ന്ന് 11.05ന് രാഷ്ട്രപതി ഭവനിലെത്തി സേനകളുടെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിക്കുന്നതോടെ ചടങ്ങുകള്‍ പൂര്‍ത്തിയാകും. ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയാകും മുര്‍മു.

ആദിവാസി ഗോത്രവിഭാഗത്തില്‍ നിന്ന് രാഷ്ട്രപതി സ്ഥാനത്തെത്തുന്ന ആദ്യ വനിതയാണ് മുര്‍മു. പദവിയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി, രണ്ടാമത്തെ വനിത എന്നിങ്ങനെ പ്രത്യേകതകളുമുണ്ട്. ഇന്ത്യയുടെ ചരിത്രത്തില്‍ പുതിയ അധ്യായമെഴുതുന്ന ദിവസത്തെ ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് മയൂര്‍ഭഞ്ച് ഗ്രാമവും ആദിവാസി സമൂഹവും. സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷ്യംവഹിക്കാന്‍ മുര്‍മുവിന്റെ കുടുംബാംഗങ്ങള്‍ ശനിയാഴ്ചതന്നെ ഡല്‍ഹിയിലെത്തി. ദീദിക്ക് അണിയാന്‍ പരമ്പരാഗത സാന്താളി സാരിയുമായാണ് ഭര്‍തൃസഹോദരി സുക്രു ടുഡുവും അവരുടെ ഭര്‍ത്താവ് തരിനിസേന്‍ ടുഡുവും എത്തിയത്. ഗോത്രവര്‍ഗ കലാസംഘങ്ങളും കഴിഞ്ഞദിവസം തന്നെ ഡല്‍ഹിയില്‍ എത്തിയിരുന്നു. ഡല്‍ഹിയിലും ആദിവാസി മേഖലകളിലും രണ്ടു ദിവസം നീളുന്ന ആഘോഷങ്ങള്‍ ബിജെപിയും സംഘടിപ്പിച്ചിട്ടുണ്ട്.

ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്, മയൂര്‍ഭഞ്ച് ജില്ലയിലെ ആറ് ബിജെപി. എംഎല്‍എമാര്‍, മുര്‍മു ആധ്യാത്മിക പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തിരുന്ന ബ്രഹ്‌മകുമാരീസിന്റെ രായ് രംഗ്പുര്‍ ശാഖയില്‍നിന്നുള്ള മൂന്ന് അംഗങ്ങള്‍ തുടങ്ങിയവരും ഡല്‍ഹിയിലെത്തിയിട്ടുണ്ട്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി സൗത്ത് ബ്‌ളോക്ക്, നോര്‍ത്ത് ബ്ലോക്ക്, റെയില്‍ ഭവന്‍, കൃഷിഭവന്‍, ശാസ്ത്രി ഭവന്‍, സഞ്ചാര്‍ഭവന്‍, സേനാഭവന്‍, വായുഭവന്‍, നിര്‍മാണ്‍ ഭവന്‍ തുടങ്ങി മുപ്പതോളം കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസുകള്‍ക്ക് തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിവരെ അവധി നല്‍കിയിട്ടുണ്ട്.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം