രഹസ്യാന്വേഷണ ഏജൻസിയായ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസിന്റെ ( ഡിആർഐ ) നേതൃത്വത്തിൽ രാജ്യത്ത് വന്‍ സ്വര്‍ണവേട്ട. വിവിധയിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഏകദേശം 65.46 കിലോഗ്രാം സ്വര്‍ണം പിടികൂടി. 33.40 കോടി രൂപയോളം വിലവരുന്ന 394 സ്വര്‍ണക്കട്ടികളാണ് ഏജൻസി കണ്ടെടുത്തത്. മുബൈ, പട്ന, ഡൽഹി എന്നിവിടങ്ങളിൽ നിന്നാണ് വന്‍തോതില്‍ സ്വര്‍ണം ഒരേ സമയം പിടികൂടിയത്.
സമീപകാലത്ത് രാജ്യത്ത് പിടിക്കുന്ന ഏറ്റവും വലിയ സ്വര്‍ണക്കള്ളക്കടത്താണ് ഇതെന്നാണ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്. ഗോൾഡ് റഷ് എന്ന പേരിട്ട നീക്കത്തിലൂടെയാണ് സ്വര്‍ണം പിടികൂടിയത്.
സമീപകാലത്ത് രാജ്യത്ത് പിടിക്കുന്ന ഏറ്റവും വലിയ സ്വര്‍ണക്കള്ളക്കടത്തെന്ന് ഉദ്യോഗസ്ഥര്‍
മിസോറാം വഴി ഇന്ത്യയിലേക്ക് വന്‍ തോതില്‍ സ്വര്‍ണം എത്തുന്നു എന്ന് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു രാജ്യവ്യാപകമായ പരിശോധന നടന്നത്. ആഭ്യന്തര കൊറിയര്‍ സര്‍വീസുകള്‍ ലോജിസ്റ്റിക് കമ്പനികള്‍ എന്നിവ മുഖേന വിവിധ തരം വീട്ടുപകരണങ്ങളില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്തുന്നു എന്നായിരുന്നു രഹസ്യാനേഷണ ഏജന്‍സികള്‍ക്ക് ലഭിച്ച വിവരം.
10.18 കോടി വിലമതിക്കുന്ന 120 സ്വര്‍ണ ബിസ്ക്കറ്റുകളാണ് മുബൈയില്‍ നിന്നും കണ്ടെടുത്തത്. ബീഹാറിലെ ലോജിസ്റ്റിക് കമ്പനിയുടെ വെയര്‍ഹൗസില്‍ നടത്തിയ പരിശോധനയില്‍ ഏകദേശം 28.57 കിലോഗ്രാം സ്വര്‍ണവും 14.50 കോടിയോളം രൂപ വിലവരുന്ന 172 സ്വര്‍ണക്കട്ടികളും കണ്ടെടുത്തു. ഡല്‍ഹിയില്‍ നിന്നും 16.96 കിലോ സ്വര്‍ണവും , 8.6 കോടി വിലമതിക്കുന്ന 102 വിദേശ സ്വര്‍ണക്കട്ടികളും പിടിച്ചെടുത്തു.