INDIA

'നമ്മ മെട്രോയ്ക്ക്' ഇനി ഡ്രൈവറില്ലാത്ത ട്രെയിന്‍; കോച്ചുകള്‍ ചൈനയില്‍ നിന്നെത്തി

ഡ്രൈവറില്ലാ ട്രെയിന്‍ സര്‍വീസ് നടത്തുക നമ്മ മെട്രോയുടെ മഞ്ഞ ലൈനില്‍

ദ ഫോർത്ത് - ബെംഗളൂരു

ദക്ഷിണേന്ത്യയിലെ ആദ്യ ഡ്രൈവര്‍രഹിത മെട്രോ റെയില്‍ സര്‍വീസിന് തുടക്കമിടാന്‍ സജ്ജമായി ബെംഗളുരുവിന്റെ സ്വന്തം 'നമ്മ മെട്രോ'. ഡ്രൈവറില്ലാ പരീക്ഷണ ഓട്ടത്തിനായി ആറ് മെട്രോ കോച്ചുകള്‍ ചൈനയില്‍നിന്ന് കഴിഞ്ഞ ദിവസം ബെംഗളുരുവിലെത്തി.

ഗതാഗതക്കുരുക്കിന് കുപ്രസിദ്ധിയാര്‍ജിച്ച സില്‍ക്ക് ബോര്‍ഡ് ജങ്ക്ഷന്‍ ഉള്‍പ്പെടുന്ന ഭാഗത്തുകൂടെ കടന്നുപോകുന്ന ആര്‍ വി റോഡ് മുതല്‍ ഇലക്ട്രോണിക് സിറ്റി വരെയുള്ള യെല്ലോ ലൈനിലാണ് 'നമ്മ മെട്രോ'യുടെ ഡ്രൈവറില്ലാ സര്‍വീസ് നടക്കുക. എട്ട് ട്രെയിനാണ് ഇതിനായി ഒരുങ്ങുന്നത്.

19.15 കിലോമീറ്റര്‍ നീളമുള്ളതാണ് മെട്രൊയുടെ യെല്ലോ ലൈന്‍. ബെംഗളൂരുവില്‍നിന്ന് തമിഴ്‌നാട് അതിര്‍ത്തിയായ ഹൊസൂരിന് തൊട്ടടുത്തുവരെ എത്താന്‍ ഈ പാത ഉപകരിക്കും.

സെന്‍സറുകളും അനുബന്ധ ഉപകരണങ്ങളും വഴി നടക്കുന്ന കൃത്യതയാര്‍ന്ന ആശയ വിനിമയ സംവിധാനം പ്രയോജനപ്പെടുത്തിയാണ് ഡ്രൈവറില്ലാ മെട്രോ ഓടുക. ട്രെയിന്‍ ഏതു ദിശയില്‍ സഞ്ചരിക്കണം, എത്ര വേഗതയില്‍ മുന്നേറണം, മുന്നിലെ തടസങ്ങള്‍ എന്തൊക്കെ, ട്രെയിന്‍ ഏതൊക്കെ സ്റ്റോപ്പുകളില്‍ നിര്‍ത്തണം തുടങ്ങിയവയൊക്കെ കണക്കുകൂട്ടി ട്രെയിന്‍ ഓടിക്കാന്‍ കണ്‍ട്രോള്‍ സെന്ററില്‍ നിന്ന് നിര്‍ദേശങ്ങള്‍ എത്തും.

ട്രെയിനിനുള്ളിലിരുന്നു ഒരു ഡ്രൈവര്‍ ചെയ്യുന്ന ജോലികള്‍ കണ്‍ട്രോള്‍ സെന്ററിൽനിന്ന് ഒരാള്‍ നിയന്ത്രിക്കുന്നതോടെ സര്‍വീസ് സുഖമായി നടക്കും. ആദ്യമായതിനാല്‍ കണ്‍ട്രോള്‍ സെന്ററിലുള്ളവര്‍ക്ക് മികച്ച പരിശീലനം നല്‍കി പരീക്ഷണ ഓട്ടം വിജയമാണോയെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.

ചൈനയില്‍നിന്ന് ചെന്നൈ തുറമുഖത്ത് എത്തിച്ച ട്രെയിന്‍ കോച്ചുകള്‍ സുരക്ഷാ പരിശോധനകള്‍ക്കും അനുബന്ധ നടപടികള്‍ക്കും ശേഷം കഴിഞ്ഞ ദിവസമാണ് ബിഎംആര്‍സിഎല്‍ ഏറ്റുവാങ്ങിയത്. കോച്ചുകളും എന്‍ജിനും നിലവില്‍ ഇലക്ട്രോണിക് സിറ്റിക്ക് സമീപം ഹെബ്ബകോടി ഡിപ്പോയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കോച്ചുകള്‍ പരിശോധിക്കുന്നതിനും കാര്യക്ഷമത ഉറപ്പാക്കുന്നതിനും ചൈനയില്‍നിന്നുള്ള അഞ്ച് എന്‍ജിനീയര്‍മാരും ബെംഗളുരുവിലെത്തിയിട്ടുണ്ട്.

പരീക്ഷണ ഓട്ടത്തിന് മുന്നോടിയായി 10 സാങ്കേതിക വിദഗ്ധര്‍ കൂടി ചൈനയില്‍ നിന്നെത്തും. 32 തരം പരിശോധനകള്‍ക്ക് ശേഷം സാങ്കേതിക തികവ് ഉറപ്പുവരുത്തിയശേഷം കോച്ചുകള്‍ ട്രാക്കിലെത്തിക്കും. ചൈനീസ് സര്‍ക്കാരിന്റെ മേല്‍നോട്ടത്തിലുള്ള റെയില്‍ കോച്ച് നിര്‍മാണക്കമ്പനിയായ സിആര്‍ആര്‍സിയാണ് കോച്ചുകള്‍ നിര്‍മിച്ചത്.

ചെന്നൈ തുറമുഖത്ത് എത്തിച്ച കോച്ചുകള്‍ മാറ്റുന്നു

നിലവില്‍ രാജ്യത്ത് ഡല്‍ഹി മെട്രോയ്ക്ക് മാത്രമാണ് ഡ്രൈവറില്ലാ സര്‍വീസുള്ളത്. അത്യാധുനിക സിഗ്‌നല്‍ സംവിധാനമായ കമ്യൂണിക്കേഷന്‍ ബേസ്ഡ് ട്രെയിന്‍ കണ്‍ട്രോള്‍ (സിബിടിസി) സംവിധാനമുള്ള പാതകളിലാണ് ഡ്രൈവറില്ലാത്ത മെട്രോ ഫലപ്രദമാകുക. നമ്മ മെട്രൊയുടെ യെല്ലാ ലൈന്‍ ഈ സംവിധാനമുള്ളതാണ്. ഈ വർഷം പകുതിയോടെ മഞ്ഞ ലൈനില്‍ സര്‍വീസ് തുടങ്ങാനാകുമെന്ന പ്രതീക്ഷയിലാണ് ബിഎംആര്‍സിഎലും കര്‍ണാടക സര്‍ക്കാരും.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ