രാവിലെ 8.20: നിയുക്ത രാഷ്ട്രപതി ദ്രൗപദി മുര്‍മു രാജ്ഘട്ടിലെത്തി പുഷ്പങ്ങള്‍ അര്‍പ്പിക്കും.
9.22: ദ്രൗപദി മുര്‍മു നോര്‍ത്ത് ബ്ലോക്കിലെ രാഷ്ട്രപതി ഭവനിലെത്തും. സ്ഥാനമൊഴിയുന്ന രാഷ്ട്രപതി രാംനാഥ് കോവിന്ദ് മുര്‍മുവിനെ സ്വീകരിക്കും.
9.47: നിയുക്ത രാഷ്ട്രപതിയും സ്ഥാനമൊഴിയുന്ന രാഷ്ട്രപതിയും രാഷ്ട്രപതി ഭവനില്‍നിന്ന് അശ്വരഥത്തില്‍ സത്യപ്രതിജ്ഞ ചടങ്ങിനായി പുറപ്പെടും. സ്ഥാനമൊഴിയുന്ന രാഷ്ട്രപതി ഇടത്തും പുതിയ ആള്‍ വലത്തുമാണ് ഇരിക്കുക. കാലാവസ്ഥ പ്രതികൂലമാണെങ്കില്‍ മാത്രം കാര്‍ ഉപയോഗിക്കും.
10.00: ഇരുവരും അംഗരക്ഷകരുടെ അകമ്പടിയോടെ, ലോക്‌സഭാ സ്പീക്കര്‍ ഉപയോഗിക്കുന്ന പാര്‍ലമെന്റിന്റെ അഞ്ചാം നമ്പര്‍ ഗേറ്റിലെത്തും. അവിടെ ലോക്‌സഭാ സ്പീക്കര്‍, സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, രാജ്യസഭാ ചെയര്‍മാന്‍ കൂടിയായ ഉപരാഷ്ട്രപതി എന്നിവര്‍ ചേര്‍ന്ന് ഇരുവരെയും സ്വീകരിക്കും. അകത്തേക്ക് കയറുന്നതിനു മുമ്പായി, രാഷ്ട്രപതിയുടെ അംഗരക്ഷകര്‍ അഭിവാദ്യം ചെയ്യും. രാഷ്ട്രപതി സല്യൂട്ട് സ്വീകരിക്കും. നിയുക്ത രാഷ്ട്രപതിയും ചീഫ് ജസ്റ്റിസും സ്ഥാനമൊഴിയുന്ന രാഷ്ട്രപതിയുടെ വലതു വശത്തും ലോക്‌സഭാ സ്പീക്കറും രാജ്യസഭാ ചെയര്‍മാനും ഇടതുവശത്തുമായി നില്‍ക്കും.
അഞ്ചാം നമ്പര്‍ ഗേറ്റില്‍നിന്ന് രണ്ട് വരിയായി, സെന്‍ട്രല്‍ ഹാളിലേക്ക് നീങ്ങും. സ്ഥാനമൊഴിയുന്ന രാഷ്ട്രപതി നടുക്കും വലതു വശത്ത് എഡിസി (Aide-De-Camp), രാജ്യസഭാ ചെയര്‍മാന്‍, ലോക്‌സഭാ സ്പീക്കര്‍ എന്നിവരും ഇടതു വശത്ത് എഡിസി, സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, നിയുക്ത രാഷ്ട്രപതി എന്നിവരും അണിനിരക്കും. അതിനു പിന്നിലായിരിക്കും ഉദ്യോഗസ്ഥര്‍.
10.02: സ്ഥാനമൊഴിയുന്ന രാഷ്ട്രപതിയും നിയുക്ത രാഷ്ട്രപതിയും സെന്‍ട്രല്‍ ഹാളില്‍ എത്തുമ്പോള്‍, പ്രധാനമന്ത്രി, മന്ത്രിമാര്‍, എംപിമാര്‍, ഗവര്‍ണര്‍മാര്‍, വിദേശരാഷ്ട്രങ്ങളുടെ സ്ഥാനപതിമാര്‍ തുടങ്ങിയ അതിഥികള്‍ എഴുന്നേറ്റു നില്‍ക്കും. വേദിയില്‍ രാഷ്ട്രപതി നടുക്കും അദ്ദേഹത്തിന്റെ വലതുവശത്ത് നിയുക്ത രാഷ്ട്രപതി, ചീഫ് ജസ്റ്റിസ് എന്നിവരും ഇടതു ഭാഗത്ത് ലോക്‌സഭാ സ്പീക്കര്‍, രാജ്യസഭാ ചെയര്‍മാന്‍ എന്നിവരും ഉപവിഷ്ടരാകും.
10.07: സ്ഥാനമൊഴിയുന്ന രാഷ്ട്രപതി അദ്ദേഹത്തിന്റെ സീറ്റിനു മുന്‍പില്‍ എഴുന്നേറ്റു നില്‍ക്കും. പിന്നാലെ, ദേശീയ ഗാനം മുഴങ്ങും.
10.08: ആഭ്യന്തര സെക്രട്ടറി നിയുക്ത രാഷ്ട്രപതിയെ സംബന്ധിച്ച് തിരഞ്ഞെടുപ്പു കമ്മിഷനില്‍നിന്നുള്ള സന്ദേശം വായിക്കാന്‍ അനുമതി തേടും.
10.09: രാഷ്ട്രപതിയുടെ അനുമതിക്കുശേഷം ആഭ്യന്തര സെക്രട്ടറി സന്ദേശം വായിക്കും.
10.14: സുപ്രീം കോടതി ചീഫ് ജസ്റ്റിസും നിയുക്ത രാഷ്ട്രപതിയും സീറ്റില്‍ നിന്നെഴുന്നേല്‍ക്കും. ചീഫ് ജസ്റ്റിസ് സത്യപ്രതിജ്ഞയ്ക്ക് തുടക്കമിടും.
10.15: നിയുക്ത രാഷ്ട്രപതി സത്യപ്രതിജ്ഞ ചെയ്തു ചുമതലയേല്‍ക്കും. അതോടെ, മുന്‍ രാഷ്ട്രപതി തന്റെ കസേരയില്‍നിന്നു മാറി പുതിയ രാഷ്ട്രപതിയെ ഇരുത്തും. ഈസമയം 21 ആചാര വെടികള്‍ മുഴങ്ങും.
10.18: രാഷ്ട്രപതിയുടെ സെക്രട്ടറി സത്യപ്രതിജ്ഞാ രജിസ്റ്റര്‍ രാഷ്ട്രപതിക്ക് നല്‍കും. രാഷ്ട്രപതി ഒപ്പിടും. ആഭ്യന്തര സെക്രട്ടറി വിജ്ഞാപനം വായിക്കാന്‍ അനുമതി തേടുകയും രാഷ്ട്രപതി അനുവദിക്കുകയും ചെയ്യും.
10.23: രാഷ്ട്രപതിയുടെ പ്രഥമ പ്രസംഗം. പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യും. 20 മിനിറ്റാണ് സാധാരണ എടുക്കുക.
10.33: രാഷ്ട്രപതിയുടെ പ്രസംഗം ഇംഗ്ലീഷില്‍ ഉപരാഷ്ട്രപതി വായിക്കും.
10.37: ആഭ്യന്തര സെക്രട്ടറി ചടങ്ങ് അവസാനിപ്പിക്കാന്‍ രാഷ്ട്രപതിയുടെ അനുമതി തേടും. പിന്നാലെ, ബാന്‍ഡ് വാദ്യം മുഴങ്ങും. എല്ലാവരും സീറ്റില്‍നിന്ന് എഴുന്നേല്‍ക്കും. ദേശീയ ഗാനം.
10.45: രാഷ്ട്രപതി പുറത്തേക്ക് നടക്കും. രണ്ട് വരിയായി നീങ്ങുന്ന സംഘത്തില്‍ വലതു വശത്ത് ചീഫ് ജസ്റ്റിസ്, ലോക്‌സഭാ സ്പീക്കര്‍ എന്നിവര്‍ക്കു ശേഷമായിരിക്കും രാഷ്ട്രപതി. പിന്നില്‍ സെക്രട്ടറിയും ഉദ്യോഗസ്ഥരും. ഇടതു വശത്ത് രാജ്യസഭാ ചെയര്‍മാന്‍, സ്ഥാനമൊഴിഞ്ഞ രാഷ്ട്രപതി, ഉദ്യോഗസ്ഥര്‍ എന്നിവര്‍ അണിനിരക്കും.
10.50: അംഗരക്ഷകര്‍ പുതിയ രാഷ്ട്രപതിക്ക് സല്യൂട്ട് നല്‍കും.
10.52: സ്പീക്കര്‍, രാജ്യസഭാ ചെയര്‍മാന്‍, ചീഫ് ജസ്റ്റിസ് തുടങ്ങിയവരോടു യാത്രപറഞ്ഞു രാഷ്ട്രപതിയും മുന്‍രാഷ്ട്രപതിയും രാഷ്ട്രപതി ഭവനിലേക്കു പോകും.
11.05: രാഷ്ട്രപതി ഭവനിലെത്തി ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിക്കും. തുടര്‍ന്ന് മുന്‍ രാഷ്ട്രപതി അദ്ദേഹത്തിന്റെ വസതിയിലേക്ക് പോകും.