കര്‍ണാടകയില്‍ ബിജെപിയുമായി കൈകോര്‍ക്കാനുള്ള എച്ച് ഡി കുമാരസ്വാമിയുടെ നീക്കത്തിനെതിരെ ജെഡിഎസ് നേതാവും രാജ്യസഭാംഗവുമായ എച്ച് ഡി ദേവെ ഗൗഡ രംഗത്ത്. ജെഡിഎസ് ആരുമായും സഖ്യത്തിനില്ല, വരാനിരിക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിനെ പാര്‍ട്ടി ഒറ്റയ്ക്ക് നേരിടുമെന്നും ദേവെ ഗൗഡ പറഞ്ഞു.
കര്‍ണാടകയില്‍ നിന്നുള്ള 28 ലോക്‌സഭ സീറ്റുകളില്‍ വിജയസാധ്യതയുള്ള സീറ്റുകളിലെല്ലാം ജെഡിഎസ് മത്സരിക്കും. പാര്‍ട്ടിക്ക് സ്വാധീനമുള്ള സീറ്റുകള്‍ ഏതൊക്കെയെന്ന് ജില്ല നേതാക്കളില്‍ നിന്നും പ്രവര്‍ത്തകരില്‍ നിന്നും ശേഖരിക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ മനസിലാക്കും. ഇതല്ലാതെ ആരുമായും കൈകോര്‍ത്ത് തിരഞ്ഞെടുപ്പിനെ നേരിടാന്‍ പാര്‍ട്ടി ആലോചിക്കുന്നില്ലെന്നും എച്ച് ഡി ദേവെ ഗൗഡ മാധ്യമങ്ങളോട് പറഞ്ഞു.
കര്‍ണാടക നിയമസഭയ്ക്കകത്തും പുറത്തും പ്രതിപക്ഷമെന്ന നിലയില്‍ ബിജെപിക്കൊപ്പം കൈകോര്‍ക്കാനുള്ള തീരുമാനം ജെഡിഎസ് കൈക്കൊണ്ടതായി മകന്‍ എച്ച് ഡി കുമാരസ്വാമി അറിയിച്ചിരുന്നു. നിയമസഭയില്‍ 10 ബിജെപി എംഎല്‍എമാര്‍ക്കെതിരെ അച്ചടക്ക നടപടി എടുത്ത സംഭവത്തിലുള്‍പ്പടെ നിരവധി വിഷയങ്ങളില്‍ കുമാരസ്വാമി ബിജെപിക്കൊപ്പം നിലയുറപ്പിച്ചിരുന്നു. സര്‍ക്കാരിനെതിരെയുള്ള സമരങ്ങളില്‍ ഒരുമിച്ച് നില്‍ക്കുമെന്ന് ബിജെപി-ജെഡിഎസ് നിയമസഭ കക്ഷി നേതാക്കള്‍ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഇരുപാര്‍ട്ടികളും സഖ്യമായി മത്സരിക്കുമെന്ന അഭ്യൂഹം ഇതോടെ ശക്തമായി, ഈ സാഹചര്യത്തിലാണ് ബിജെപി ബാന്ധവം തള്ളി ദേവെ ഗൗഡയുടെ വാക്കുകകള്‍.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിച്ച ജെഡിഎസിന് 224 ല്‍ 19 സീറ്റുകള്‍ മാത്രമായിരുന്നു നേടാനായത്.
കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ജെഡിഎസും കര്‍ണാടകയില്‍ സഖ്യമായായിരുന്നു മത്സരിച്ചത്. 28 സീറ്റുകളില്‍ ഏഴ് എണ്ണത്തില്‍ ജെഡിഎസും 21 എണ്ണത്തില്‍ കോണ്‍ഗ്രസും മത്സരിച്ചു. ബിജെപി തൂത്തുവാരിയ തിരഞ്ഞെടുപ്പില്‍ ഇരുപാര്‍ട്ടികള്‍ക്കും ഒന്ന് വീതം സീറ്റുകളായിരുന്നു ലഭിച്ചത്. എച്ച് ഡി കുമാരസ്വാമിയുടെ നേതൃത്വത്തില്‍ കര്‍ണാടകയില്‍ രൂപീകരിച്ച ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യ സര്‍ക്കാര്‍ ലോക്‌സഭ തിരഞ്ഞെടുപ്പ് കഴിഞ്ഞ് നിലം പൊത്തുകയും സഖ്യം പിരിയുകയും ചെയ്തു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിച്ച ജെഡിഎസിന് 224 ല്‍ 19 സീറ്റുകള്‍ മാത്രമായിരുന്നു നേടാനായത്.
ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ജെഡിഎസിന്റെ സഹായം പ്രതീക്ഷിക്കുന്ന ബിജെപി എച്ച് ഡി കുമാരസ്വാമിയെ എന്‍ഡിഎ മുന്നണിയിലേക്ക് ക്ഷണിച്ചിരിക്കുകയാണ്. എന്‍ഡിഎ പ്രവേശം സംബന്ധിച്ച് ജെഡിഎസില്‍ ഭിന്നതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. കര്‍ണാടക നിയമസഭയില്‍ സംയുക്ത പ്രതിപക്ഷ നേതാവ് സ്ഥാനം നല്‍കി കുമാരസ്വാമിയെ പാട്ടിലാക്കാനുള്ള നീക്കങ്ങള്‍ ദേശീയ നേതൃത്വം നടത്തുന്നുണ്ട്.
കോണ്‍ഗ്രസ് ആതിഥ്യമരുളിയ വിശാല പ്രതിപക്ഷ യോഗത്തിന് ജെഡിഎസ് കൈകൊടുക്കാതിരുന്നത് ബിജെപിയുമായി ചര്‍ച്ചകള്‍ നടക്കുന്നതിനാല്‍ ആയിരുന്നു. എന്നാല്‍ ബിജെപിയുമായി കൈകോര്‍ക്കുന്നത് കര്‍ണാടകയില്‍ പാര്‍ട്ടിക്ക് ക്ഷീണമാകുമെന്ന വിലയിരുത്തലിലാണ് ജെഡിഎസിലെ ഒരുപക്ഷം. സാധാരണ പ്രവര്‍ത്തകരുടെ വികാരം കണക്കിലെടുത്തെ എച്ച് ഡി ദേവെ ഗൗഡ ഈ വിഷയത്തില്‍ തീരുമാനം കൈകൊള്ളുകയുള്ളൂ.