നേപ്പാളിലുണ്ടായ ഭൂചലനത്തില്‍ മരണം 128 ആയി. 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 140 ൽ അധികം പേർക്ക് പരിക്കേറ്റതായി നേപ്പാൾ സർക്കാർ ഉടമസ്ഥതയിലുള്ള നേപ്പാൾ ടെലിവിഷൻ റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്ച നേപ്പാളിന്റെ വടക്കുപടിഞ്ഞാറന്‍ ഭാഗത്ത് ഉണ്ടായ ശക്തമായ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ജജർകോട്ട്, രുക്കും ജികളാണ്. ദൈലേഖ്, സല്യാൻ, റോൾപ ജില്ലകൾ ഉൾപ്പെടെയുള്ള മറ്റ് ജില്ലകളിൽ നിന്നും അപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2015 ന് ശേഷം രാജ്യത്തുണ്ടായ ഏറ്റവും വലിയ ഭൂകമ്പമാണിതെന്ന് നേപ്പാൾ സർക്കാർ പറഞ്ഞു.
പരുക്കേറ്റവരുടെ അടിയന്തര രക്ഷാപ്രവർത്തനത്തിനും സഹായത്തിനുമായി രാജ്യത്തെ മൂന്ന് സുരക്ഷാ ഏജൻസികളെയും അണിനിരത്തിയതായി നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹലിന്റെ ഓഫീസ് അറിയിച്ചു. പല സ്ഥലങ്ങളുമായുള്ള ആശയവിനിമയം വിച്ഛേദിക്കപ്പെട്ടതായി അധികൃതർ അസോസിയേറ്റഡ് പ്രസിനോട് സ്ഥിരീകരിച്ചു. നിലവിൽ നേപ്പാൾ സൈന്യവും നേപ്പാൾ പോലീസും രക്ഷാപ്രവർത്തനത്തിനായി അണിനിരന്നിട്ടുണ്ട്. മണ്ണിടിച്ചിലുകൾ രക്ഷാപ്രവർത്തകർക്ക് അപകടസ്ഥലത്തേക്ക് എത്താനുള്ള വഴികളെ തടസപെടുത്തിയിട്ടുണ്ട്.
ഒക്ടോബർ 3 ന് ഉണ്ടായ ഭൂകമ്പം ഇന്ത്യയിലും അനുഭവപ്പെട്ടിരുന്നു. ഡൽഹി-എൻസിആർ പ്രദേശം ഉൾപ്പെടെയുള്ള ഉത്തരേന്ത്യയുടെ ചില ഭാഗങ്ങളിലാണ് ഭൂചലനം പ്രതിഫലിച്ചത്. കഴിഞ്ഞ ഒരു മാസത്തിനിടെ നേപ്പാളിൽ ആറിലധികം ഭൂചലനമുണ്ടായ രണ്ടാമത്തെ ഭൂചലനമാണിത്. ഒക്ടോബർ രണ്ടിന് റിക്ടർ സ്‌കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രാജ്യത്ത് അനുഭവപ്പെട്ടിരുന്നു.
അതേസമയം ഭുചലനത്തിൽ ദുരിതത്തിലായ നേപ്പാളിന് ഇന്ത്യ എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഒരു വർഷം മുമ്പ്, 2022 നവംബറിൽ, ഡോട്ടി ജില്ലയിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ ആറ് പേർ കൊല്ലപ്പെട്ടിരുന്നു. 2015 ൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 12,000-ത്തിലധികം ആളുകൾ കൊല്ലപ്പെടുകയും വിവിധ കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിരുന്നു.