INDIA

'ദക്ഷിണേന്ത്യക്കാര്‍ ആഫ്രിക്കക്കാരെപ്പോലെ'; സാം പിട്രോഡയുടെ താരതമ്യം വിവാദമാക്കി ബിജെപി

പല ശരീരഘടനയും രൂപവുമുള്ള ആളുകൾ ഇന്ത്യയിൽ സാഹോദര്യത്തോടെ ജീവിക്കുന്നതായാണ് സാം പിട്രോഡ പറഞ്ഞത്

വെബ് ഡെസ്ക്

ദക്ഷിണേന്ത്യക്കാര്‍ ആഫ്രിക്കക്കാരെപ്പോലെയും കിഴക്കേന്ത്യക്കാര്‍ ചൈനക്കാരെപ്പോലെയുമാണെന്ന കോണ്‍ഗ്രസ് നേതാവും ഓവര്‍സീസ് കോണ്‍ഗ്രസ് ചെയര്‍മാനുമായ സാം പിട്രോഡയുടെ പരാമർശം ലോക്‌സഭ തിരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ വിവാദമാക്കി ബിജെപി. വംശീയവും ജനങ്ങളെ വിഭജിക്കുന്ന തരത്തിലുമുള്ള പരാമർശമാണ് രാഹുൽ ഗാന്ധി തന്റെ രാഷ്ട്രീയഗുരുവായി കാണുന്ന സാം പിട്രോഡയുടെ പരാമർശമെന്നാണ് ബിജെപിയുടെ ആരോപണം.

ഇന്ത്യയുടെ വൈവിധ്യത്തെക്കുറിച്ച് സംസാരിക്കവെയാണ് സാം പിട്രോഡ ഈ പരാമർശം നടത്തിയത്. "ഒരു വിഭാഗം രാമക്ഷേത്രത്തിനും ദൈവത്തിനും ചരിത്രത്തിനും പാരമ്പര്യത്തിനും വേണ്ടി വാദിക്കുമ്പോൾ, മറ്റൊരു വിഭാഗം തങ്ങളുടെ പൂർവികർ ബ്രിട്ടിഷുകാർക്കെതിരെ പോരാടിയത് ഒരു ഹിന്ദുരാഷ്ട്രം നിർമിക്കാനല്ല, പകരം ഒരു മതനിരപേക്ഷ രാജ്യത്തിനായാണെന്ന് പറയുന്നു. ഞങ്ങളാണ് ഈ ലോകത്ത് ജനാധിപത്യത്തിന്റെ തിളങ്ങുന്ന ഉദാഹരണം," സാം പിട്രോഡ രാജ്യാന്തര മാധ്യമമായ ദി സ്റ്റേറ്റ്സ്മാനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

''പല ശരീരഘടനയും രൂപവുമുള്ള ആളുകൾ ഇന്ത്യയിൽ സാഹോദര്യത്തോടെ ജീവിക്കുന്നതായും സാം പിട്രോഡ പറയുന്നു. " കിഴക്കുള്ളവരെ കാണാൻ ചൈനക്കാരെ പോലെയാണ്, പടിഞ്ഞാറുള്ളവർ അറബികളെപ്പോലെയും വടക്കുള്ളവർ വെള്ളക്കാരെപ്പോലെയും തെക്കുള്ളവർ ആഫ്രിക്കക്കാരെപ്പോലെയുമായിരിക്കും. എന്നാൽ ചില തർക്കങ്ങൾ അവിടിവിടെയായി നടന്നിട്ടുണ്ടെന്നതൊഴിച്ചാൽ, കഴിഞ്ഞ 70-75 വർഷങ്ങൾ ഞങ്ങൾ സന്തോഷത്തോടെയാണ് കഴിയുന്നത്," എന്ന സാം പിട്രോഡയുടെ പരാമർശമാണ് ബിജെപി വിവാദമാക്കുന്നത്.

ഇതിനു മറുപടിയായി താൻ വടക്കു കിഴക്കൻ സംസ്ഥാനത്ത് നിന്നുള്ള ആളാണെന്നും തന്നെ ഇപ്പോഴും കാണാൻ ഇന്ത്യക്കാരനെപ്പോലെ തന്നെയാണെന്നും പറഞ്ഞ ബിജെപി നേതാവ് ഹിമന്ത ബിശ്വ ശർമ, സാം പിട്രോഡ ഇന്ത്യയെക്കുറിച്ച് പഠിക്കണമെന്നും പറഞ്ഞു.

മതത്തിന്‌റെ പേരില്‍ ഇന്ത്യയെ വിഭജിക്കുകയെന്ന ഹിഡന്‍ അജണ്ട കോണ്‍ഗ്രസിനുണ്ടെന്നായിരുന്നു മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍ സിങ്ങിന്റെ പ്രതികരണം. കഴിഞ്ഞ വര്‍ഷം മെയ് മുതല്‍ മണിപ്പൂരില്‍ നൂറിലധികം പേര്‍ കൊല്ലപ്പെടുകയും ആയിരത്തിലധികം ആളുകള്‍ ഭവനരഹിതരാകുകയും ചെയ്ത അക്രമങ്ങള്‍ക്ക് പ്രതിപക്ഷ പാര്‍ട്ടിയെ അദ്ദേഹം കുറ്റപ്പെടുത്തുകയും ചെയ്തു

സാം പിട്രോഡ ഇന്ത്യക്കാർക്കെതിരെ വിഭാഗീയ സ്വഭാവമുള്ളതും വംശീയമായതുമായ പരാമർശം നടത്തിയെന്ന ആരോപണവുമായി നടിയും ബിജെപി സ്ഥാനാർഥിയുമായ കങ്കണ റണാവത്ത് രംഗത്തെത്തി. വിഭജിച്ച് ഭരിക്കുയെന്നതാണ് കോൺഗ്രസിന്റെ തന്ത്രമെന്നും കങ്കണ എക്‌സിൽ കുറിച്ചു.

അമേരിക്കയിൽ പൈതൃക സ്വത്തിന്മേൽ ചുമത്തുന്ന നികുതിയെക്കുറിച്ച് സാം പിട്രോഡ നടത്തിയ പരാമർശം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗങ്ങളിൽ വളച്ചൊടിച്ച് ഉപയോഗിച്ചിരുന്നു. കോൺഗ്രസ് രാജ്യത്തെ ജനങ്ങളുടെ സ്വത്തുക്കൾ അപഹരിച്ച് നുഴഞ്ഞുകയറിയവർക്കും കൂടുതൽ കുട്ടികളെ ഉൽപ്പാദിപ്പിക്കുന്നവർക്കും വിതരണം ചെയ്യുമെന്നുമായിരുന്നു സാം പിട്രോഡയുടെ പരാമർശം ഉപയോഗപ്പെടുത്തി മോദിയുടെ വാക്കുകൾ.

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം

രാജിവയ്‌ക്കേണ്ട; പാര്‍ട്ടി സജി ചെറിയാന് ഒപ്പം, തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍