പഠനം, ജോലി, വിവാഹം തുടങ്ങിയ പലവിധ കാരണങ്ങളാല്‍ മറ്റൊരു നാട്ടില്‍ സ്ഥിരതാമസമാക്കുന്നവര്‍ നിരവധിയാണ്. തിരഞ്ഞെടുപ്പ് സമയത്ത് സ്വന്തം നാട്ടിലെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ വോട്ടവകാശം വിനിയോഗിക്കാത്തവരും ഒരുപാടുണ്ട്. ഇനി മുതല്‍ അങ്ങനെയുള്ളവര്‍ക്ക് താമസ സ്ഥലത്ത് നിന്ന് സ്വന്തം നിയോജക മണ്ഡലത്തില്‍ വോട്ട് ചെയ്യാം. ഇതിനായി 'റിമോട്ട് വോട്ടിങ്' സംവിധാനം ഏര്‍പ്പെടുത്താനൊരുങ്ങുകയാണ് ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍. നിലവില്‍ ഒരു വോട്ടിങ് യന്ത്രത്തില്‍ ആ മണ്ഡലത്തിലെ സ്ഥാനാര്‍ഥി പട്ടിക മാത്രമേ ഉണ്ടാകൂ. എന്നാല്‍ ഇതിനുപകരം 72 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥി പട്ടിക ഒറ്റ യന്ത്രത്തില്‍ ഉള്‍പ്പെടുത്തുന്ന രീതിയില്‍ വോട്ടിങ് യന്ത്രം പരിഷ്‌കരിക്കാനാണ് നീക്കം.
രാജ്യത്തെ ജനസംഖ്യയില്‍ പ്രായപൂര്‍ത്തിയായ മൂന്നിലൊന്ന് പൗരന്‍മാരും അവരുടെ വോട്ടവകാശം വിനിയോഗിക്കുന്നില്ലെന്ന ആശങ്കയെത്തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുതിയ സംവിധാനത്തിന് തുടക്കം കുറിക്കുന്നത്. 2019ലെ പൊതുതിരഞ്ഞെടുപ്പില്‍ 67.4% പോളിങ്ങാണ് രേഖപ്പെടുത്തിയത്. 30 കോടിയിലധികം വോട്ടര്‍മാര്‍ തങ്ങളുടെ വോട്ടവകാശം വിനിയോഗിച്ചില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ടെത്തിയിരിക്കുന്നത്. കുറഞ്ഞ വോട്ടിങ് ശതമാനം പരിഹരിക്കുന്നതിനും പുതിയ സംവിധാനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനുമായി സര്‍വകക്ഷിയോഗം വിളിച്ചിരിക്കുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ജനുവരി 16നാണ് സര്‍വകക്ഷിയോഗം.
രാജ്യത്തെ എട്ട് അംഗീകൃത ദേശീയ പാര്‍ട്ടികളെയും 57 സംസ്ഥാന രാഷ്ട്രീയ പാര്‍ട്ടികളെയുമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സര്‍വകക്ഷിയോഗത്തില്‍ ക്ഷണിച്ചിരിക്കുന്നത്
രാജ്യത്തെ എട്ട് അംഗീകൃത ദേശീയ പാര്‍ട്ടികളെയും 57 സംസ്ഥാന രാഷ്ട്രീയ പാര്‍ട്ടികളെയുമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സര്‍വകക്ഷിയോഗത്തില്‍ ക്ഷണിച്ചിരിക്കുന്നത്. ഭരണപരമായ നടപടിക്രമങ്ങള്‍, വോട്ടിങ് രീതികള്‍, നിയമങ്ങള്‍ എന്നിവയില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് രാഷ്ട്രീയ പാര്‍ട്ടികളോട് അഭിപ്രായങ്ങള്‍ തേടിയിരിക്കുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ജനുവരി 31നകം എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും രേഖാമൂലം അഭിപ്രായം അറിയിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. റിമോട്ട് വോട്ടിങ് സംവിധാനം ജനാധിപത്യ തിരഞ്ഞെടുപ്പ് പ്രക്രിയയിലെ ജനപങ്കാളിത്തം ശക്തിപ്പെടുത്താന്‍ കാരണമാകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ വ്യക്തമാക്കി.