കള്ളപ്പണം വെളുപ്പിക്കൽ ഭൂമി കുംഭകോണ കേസുകളിൽ ശിവസേന നേതാവ് സഞ്ജയ് റാവുത്തിന്റെ ഭാര്യ വർഷ റാവുത്തിനെയും ചോദ്യം ചെയ്യലിനായി വിളിപ്പിച്ച് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. പത്ര ചൗള്‍ ഭൂമി കുംഭകോണ കേസിൽ സഞ്ജയ് റാവുത്തിനെ കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇ ഡി അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെയാണ് വർഷ റാവുത്തിനോട് ഹാജരാകാൻ ഇ ഡി ആവശ്യപ്പെട്ടിട്ടുള്ളത്.
കുംഭകോണ കേസില്‍ വർഷയുടെ പേര് നിരവധി തവണ ഇ ഡി ഉന്നയിച്ചിരുന്നെങ്കിലും ഇതുവരെ ഇവരെ ചോദ്യം ചെയ്തിരുന്നില്ല. സഞ്ജയ് റാവുത്തിന്റെയും വർഷയുടെയും ഇവരുടെ കൂട്ടാളികളുടെയും പതിനൊന്ന് കോടിയോളം വിലയുള്ള സ്വത്തുക്കളാണ് ഇ ഡി കള്ളപ്പണ കേസിൽ ഉൾപ്പെടുത്തിയത്. ദാദറിലുള്ള വർഷയുടെ ഫ്‌ളാറ്റും അലിബാഗിലെ എട്ടോളം പ്ലോട്ടുകളും ഇതിൽ ഉൾപ്പെടും. അലിബാഗിലെ വസ്തുവിൽ വർഷ റാവുത്തും സ്വപ്ന പട്കറും പങ്കാളികളാണ്. സഞ്ജയ് റാവുത്തിന്റെ അനുയായിയായ സുജിത് പട്കറുടെ ഭാര്യ സ്വപ്ന നിലവില്‍ ഈ കേസില്‍ സാക്ഷിയാണ്.
അതേസമയം കോടതിയിൽ പത്ര ചൗൾ പദ്ധതിയിൽ അഴിമതി നടത്തിയത് വഴി ഒരു കോടി രൂപയുടെ വരുമാനം റാവുത്തിന്റെ കുടുംബത്തിന് ലഭിച്ചതായി ഇ ഡി ആരോപിച്ചു. ഇത് റാവുത്ത് നേരത്തെ തന്നെ നിഷേധിച്ചിരുന്നു. സഞ്ജയ് റാവുത്തിന്റെ കസ്റ്റഡി ഓഗസ്റ്റ് എട്ട് വരെയാണ് കോടതി നീട്ടിയത്.