INDIA

ഡൽഹി വഖഫ് ബോർഡ് കേസ്: അമാനത്തുള്ള ഖാനെതിരെ കുറ്റപത്രം സമർപ്പിച്ച് ഇ ഡി

110 പേജുള്ള അനുബന്ധ കുറ്റപത്രത്തിൽ ഇഡി അറസ്റ്റ് ചെയ്യാത്ത മറിയം സിദ്ദിഖിയെയും പ്രതിയാക്കിയിട്ടുണ്ട്

വെബ് ഡെസ്ക്

ഡൽഹി വഖഫ് ബോർഡ് കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിൽ ആം ആദ്മി പാർട്ടി (എഎപി) എംഎൽഎ അമാനത്തുള്ള ഖാനെതിരെ കുറ്റപത്രം സമർപ്പിച്ച് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. സെപ്റ്റംബർ രണ്ടിന് ഇ ഡി അറസ്റ്റ് ചെയ്ത അമാനുള്ള ഖാൻ നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. 110 പേജുള്ള അനുബന്ധ കുറ്റപത്രത്തിൽ ഇഡി അറസ്റ്റ് ചെയ്യാത്ത മറിയം സിദ്ദിഖിയെയും പ്രതിയാക്കിയിട്ടുണ്ട്.

ഡൽഹി വഖഫ് ബോർഡിൽ നിയമവിരുദ്ധമായി ജീവനക്കാരെ നിയമിച്ചതിലൂടെ അമാനുള്ള ഖാൻ വൻ തുക സമ്പാദിച്ചതായും തൻ്റെ അടുപ്പക്കാരുടെ പേരിൽ സ്ഥാവര സ്വത്തുക്കൾ വാങ്ങാൻ ഉപയോഗിച്ചുവെന്നുമാണ് കേസ്. 2018നും 2022നും ഇടയിൽ വഖഫ് ബോർഡിൻ്റെ ചെയർമാനായിരിക്കെ വഖഫ് ബോർഡിൻ്റെ വസ്‌തുക്കൾ പാട്ടത്തിന് നൽകിയും എഎപി നേതാവ് നേട്ടമുണ്ടാക്കിയെന്നും ഇഡി ആരോപിക്കുന്നു.

2024 ഏപ്രിലിലാണ്, ഏജൻസിക്ക് മുന്നിൽ ഹാജരാകാത്തത് ചൂണ്ടിക്കാട്ടിയാണ് അമാനത്തുള്ള ഖാനെതിരെ അറസ്റ്റ് വാറണ്ട് ആവശ്യപ്പെട്ട് ഇഡി കോടതിയെ സമീപിച്ചത്. കേസിൽ സഹകുറ്റാരോപിതരായ ദൗദ് നസീർ, സീഷൻ ഹൈദർ, ജാവേദ് ഇമാം സിദ്ദിഖി, കൗസർ ഇമാം സിദ്ദിഖി എന്നിവർക്കെതിരെ ജനുവരിയിൽ ഏജൻസി കുറ്റപത്രം സമർപ്പിച്ചിരുന്നു.

ഒന്നിലധികം എഫ്ഐആറുകളുടെ അടിസ്ഥാനത്തിലാണ് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം (പിഎംഎൽഎ) പ്രകാരം അമാനത്തുള്ള ഖാനെതിരെ ഇഡി അന്വേഷണം നടത്തുന്നത്. ഡൽഹി വഖഫ് ബോർഡ് ചെയർമാനായിരിക്കെ അമാനത്തുള്ള ഖാൻ അടുപ്പക്കാർ നിയമിക്കുകയും നിയമനടപടികൾ മറികടന്ന് വ്യക്തിപരമായ നേട്ടങ്ങൾക്കായി ഒന്നിലധികം ക്രമക്കേടുകൾ നടത്തുകയും ചെയ്തതിന്റെ തെളിവുകൾ ഉണ്ടെന്നാണ് ഇ ഡി വാദിക്കുന്നത്. സെപ്റ്റംബർ രണ്ടിനാണ് ഓഖ്‌ലയിലെ വസതിയിൽനിന്ന് അദ്ദേഹത്തെ ഇ ഡി അറസ്റ്റ് ചെയ്തത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ