ഡല്‍ഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്‌റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചു. അഴിമതി നടത്തി ലഭിച്ച പണം ഗോവയിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആം ആദ്മി പാര്‍ട്ടി ഉപയോഗിച്ചുവെന്നാണ് ഇഡിയുടെ ആരോപണം. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സര്‍വെ സംഘങ്ങളിലെ സന്നദ്ധപ്രവര്‍ത്തകര്‍ക്ക് 70 ലക്ഷം രൂപ പണമായി നല്‍കിയെന്നും ഏജന്‍സി ആരോപിച്ചു. എഎപിക്ക് വേണ്ടി വക്താവ് വിജയ് നായര്‍ 100 കോടി രൂപയോളം സമാഹരിച്ചെന്നും കുറ്റപത്രത്തിലുണ്ട്. അതേസമയം മനീഷ് സിസോദിയ ഉള്‍പ്പെടെയുള്ളവരുടെ പേര് കുറ്റപത്രത്തിലില്ല. ഇ ഡിയുടേത് ഭവനാസൃഷ്ടിയെന്ന് അരവിന്ദ് കെജ്രിവാള്‍ പ്രതികരിച്ചു.
ഡല്‍ഹി റോസ് അവന്യു കോടതിയിലാണ് എന്‍ഫോഴ്‌സ്‌മെന്‌റ് ഡയറക്ടറേറ്റ് അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചത്. നിരവധി തവണ ചോദ്യം ചെയ്‌തെങ്കിലും എക്‌സൈസ് മന്ത്രി മനീഷ് സിസോദിയയുടെ പേര് പട്ടികയിലില്ല. ഇക്കാര്യത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഇ ഡി കോടതിയെ അറിയിച്ചു.
100 കോടി രൂപ വിജയ് നായര്‍ എഎപിക്കായി സമാഹരിച്ചെന്നും അന്വേഷണ സംഘം പറയുന്നു
പ്രചാരണവുമായി ബന്ധപ്പെട്ട ജോലികളില്‍ ഏര്‍പ്പെട്ടിരുന്ന വ്യക്തികളോട് പ്രതിഫലം പണമായി സ്വീകരിക്കാന്‍ വിജയ് നായര്‍ ആവശ്യപ്പെട്ടെന്നും 70 ലക്ഷം രൂപയോളം ഈ വിധം സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് കൈമാറിയെന്നും കുറ്റപത്രത്തിലുണ്ട്. 100 കോടി രൂപ വിജയ് നായര്‍ എഎപിക്കായി സമാഹരിച്ചെന്നും അന്വേഷണ സംഘം പറയുന്നു. വൈഎസ്ആര്‍സിപി എംപി മഗുത ശ്രീനിവാസലുറെഡി, റെഡിയുടെ മകന്‍ രാഘവ് മഗുത, അരവിന്ദോ ഫാര്‍മാ ഡയറക്ടര്‍ പിശരത് ചന്ദ്ര റെഡി, തെലങ്കാന മുഖ്യമന്ത്രി കെസിആറിന്‌റെ മകള്‍ കവിത കല്‍വകുന്തല തുടങ്ങിയ സംഘത്തില്‍ നിന്ന് പണം കൈപ്പറ്റിയെന്നാണ് കണ്ടെത്തല്‍ ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബിസിനസുകാരന്‍ അഭിഷേക് ബൊയിന്‍പള്ളി പണമിടപാകുകള്‍ക്ക് സഹായിച്ചു. മനീഷ് സിസോദിയയുടെ സഹായി ദിനേഷ് അറോറയ്ക്ക് ഗൂഢാലോചനയില്‍ പങ്കുണ്ടെന്നും ഇ ഡി കുറ്റപത്രത്തില്‍ പറയുന്നു.
വിജയന്‍ നായര്‍, വ്യവസായികളായ ശരത് റെഡ്ഡി, ബിനോയ് ബാബു , അഭിഷേക് ബോയിന്‍പള്ളി, അമിത് അറോറ എന്നിവരുടെ പേരാണ് അനുബന്ധ കുറ്റപത്രത്തില്‍ ഉള്ളത്. അന്നത്തെ എക്‌സൈസ് കമ്മീഷണര്‍ ആരവ ഗോപികൃഷ്ണ, ഡെപ്യൂട്ടി കമ്മീഷണര്‍ ആനന്ദ് തിവാരി, അസിസ്റ്റന്റ് കമ്മീഷണര്‍ പങ്കജ് ഭട്‌നാഗര്‍ എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍.
2021-22 ലെ ഡല്‍ഹി മദ്യ നയവുമായി ബന്ധപ്പെട്ടാണ് വിവാദം. ലഫ്. ഗവര്‍ണറായിരുന്ന വിജയ് കുമാര്‍ സക്‌സേനയാണ് മദ്യനയത്തില്‍ ക്രമക്കേടുണ്ടെന്ന ആരോപണത്തില്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചത്. 2021 നവംബര്‍ 17 ന് നടപ്പാക്കിയ മദ്യനയം വിവാദത്തെ തുടര്‍ന്ന് എഎപി സര്‍ക്കാര്‍ 2022 ജൂലായില്‍ പിന്‍വലിച്ചു. കേസുമായി ബന്ധപ്പെട്ട അനധികൃത പണമിടപാടാണ് എന്‍ഫോഴ്‌സ്‌മെന്‌റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നത്.
മദ്യലോബിയുടെ ഒത്താശയോടെ ഡല്‍ഹി എക്‌സൈസ് നയം പരിഷ്‌കരിച്ചപ്പോള്‍ ക്രമക്കേടുകള്‍ നടന്നുവെന്നുവെന്നാണ് സര്‍ക്കാരിനെതിരായ ആരോപണം. ലൈസന്‍സ് ഫീസ് ഒഴിവാക്കുകയോ കുറയ്ക്കുകയോ മദ്യ ലൈസന്‍സ് ഉടമകള്‍ക്ക് അനാവശ്യ ആനുകൂല്യങ്ങള്‍ നല്‍കുകയും ചെയ്തു എന്നും ആരോപണം ഉയര്‍ന്നു. അഴിമതിയിലൂടെ മദ്യക്കമ്പനികള്‍ 12 ശതമാനം ലാഭമുണ്ടാക്കി. അതില്‍ 6 ശതമാനം ഹൈദരാബാദ് ആസ്ഥാനമായുള്ള വ്യവസായി അഭിഷേക് ബോണിപ്പള്ളിയെപ്പോലുള്ള ഇടനിലക്കാര്‍ വഴി പൊതുപ്രവര്‍ത്തകര്‍ക്ക് എത്തിച്ചുവെന്നുമാണ് ആരോപണം.
ഇഡിയുടെ കണ്ടെത്തലുകള്‍ തള്ളി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രരിവാള്‍ രംഗത്തെത്തി. സര്‍ക്കാരുകളെ അട്ടിമറിക്കാനും എംഎല്‍എമാരെ വാങ്ങാനും വില്‍ക്കാനും ആണ് ഇഡി പ്രവര്‍ത്തിക്കുന്നതെന്നും നിലവില്‍ സമര്‍പ്പിച്ച കുറ്റപത്രം സാങ്കല്‍പ്പികവും കെട്ടുകഥയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗുജറാത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉയര്‍ന്നുവന്ന കേസ് ബിജെപിയുടെ വഴിതിരിച്ചുവിടല്‍ തന്ത്രമാണെന്നാണ് എഎപിയുടെ വാദം.