INDIA

'കെ കവിതയെ ഇ ഡി അറസ്റ്റ് ചെയ്തേക്കും'; കേന്ദ്ര ഏജന്‍സികളെ ബിജെപി ദുരുപയോഗം ചെയ്യുന്നെന്ന് കെസിആര്‍

നോട്ടീസ് അയച്ചും റെയ്ഡ് നടത്തിയും കേന്ദ്രം വേട്ടയാടുകയാണെന്ന് കെസിആര്‍

വെബ് ഡെസ്ക്

കേന്ദ്ര അന്വേഷണ ഏജന്‍സികളെ ബിജെപി പ്രതിപക്ഷത്തിനെതിരെ ഉപയോഗപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി രൂക്ഷവിമര്‍ശനവുമായി ഭാരത് രാഷ്ട്ര സമിതി അധ്യക്ഷനും തെലങ്കാന മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖര്‍ റാവു. മകളും ബിആര്‍എസ് നേതാവുമായ കെ കവിതയെ ഡല്‍ഹി മദ്യനയക്കേസില്‍ ഇ ഡി ഇന്ന് ചോദ്യം ചെയ്യാനിരിക്കെയാണ് ചന്ദ്രശേഖര്‍ റാവുവിന്റെ വിമര്‍ശനം. കവിതയെ ഇ ഡി അറസ്റ്റ് ചെയ്തേക്കുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര അന്വേഷണ ഏജന്‍സിയെ ബിആര്‍എസ് നേതാക്കളെ കുടുക്കുന്നതിന് ഉപയോഗിക്കുന്ന പദ്ധതിയുടെ ഭാഗമാണിതെന്നും അദ്ദേഹം പറഞ്ഞു. കവിതയെ അറസ്റ്റ് ചെയ്താല്‍ ബിആര്‍എസ് വ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് ബിആര്‍എസിന് ലഭിക്കുന്ന പിന്തുണ ബിജെപിക്ക് സഹിക്കാനാകാത്തതിനാലാണ് ഇ ഡിയെ ഉപയോഗിച്ചുള്ള ഇപ്പോഴത്തെ നീക്കമെന്നും അദ്ദേഹം പറഞ്ഞു.

'' നോട്ടീസുകള്‍ അയച്ചും റെയ്ഡ് നടത്തിയും കേന്ദ്രം വേട്ടയാടുകയാണ്. ഇതൊന്നും ബിആര്‍എസിന്റെ മനോവീര്യം തകര്‍ക്കില്ല. കേന്ദ്രത്തിന്റെ സമ്മര്‍ദ തന്ത്രങ്ങള്‍ക്ക് വഴങ്ങില്ല. കേന്ദ്രത്തില്‍ നിന്ന് ബിജെപി സര്‍ക്കാരിനെ താഴെയിറക്കുന്നത് വരെ പോരാട്ടം തുടരും'' - കെസിആര്‍ വ്യക്തമാക്കി. തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പ് നേരത്തെ നടക്കാനുളള സാധ്യതകള്‍ കെസിആര്‍ തള്ളിക്കളഞ്ഞു. ഈ വര്‍ഷം ഡിസംബറില്‍ തന്നെയാകും തിരഞ്ഞെടുപ്പ്. കവിതയെ ഇ ഡി ചോദ്യം ചെയ്യുന്ന സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് നേരത്തെയാക്കണമെന്ന അഭിപ്രായം പാര്‍ട്ടിക്കുള്ളില്‍ തന്നെ ഉയര്‍ന്ന സാഹചര്യത്തിലാണ് വിശദീകരണം.

ബിആര്‍എസ് നേതാക്കള്‍ ജനങ്ങളിലേക്കിറങ്ങി പ്രവര്‍ത്തിക്കണമെന്ന് കെസിആര്‍ നിര്‍ദേശിച്ചു. സര്‍ക്കാരിന്റെ കര്‍മപരിപാടികള്‍ ജനങ്ങളിലെത്തിക്കാന്‍ നിയോജക മണ്ഡലം തിരിച്ച് യോഗങ്ങള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തെലങ്കാന ഭവനില്‍ ചേര്‍ന്ന ബിആര്‍എസ് ജനറല്‍ ബോഡി യോഗത്തിലാണ് കെസിആര്‍ ഭാവി പരിപാടികള്‍ സംബന്ധിച്ച് നിര്‍ദേശങ്ങള്‍ നല്‍കിയത്.

അനുശോചന യോഗം പോലെയാണ് ബിആര്‍എസ് ജനറല്‍ ബോഡി യോഗം നടന്നതെന്ന് ബിജെപി പരിഹസിച്ചു. മകള്‍ കേസില്‍ അകപ്പെടുമെന്ന ഭയത്താലാണ് ദേശീയതലത്തില്‍ ബിജെപിക്കെതിരെ പോരാടാനെന്ന പേരില്‍ കെസിആര്‍ നാടകം കളിക്കുന്നതെന്ന് തെലങ്കാന ബിജെപി അധ്യക്ഷന്‍ കുറ്റപ്പെടുത്തി.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ