മണിപ്പൂരിലെ ഇംഫാലിൽ ജോലിചെയ്യുന്ന ഇഡി ഉദ്യോഗസ്ഥനെ കൈക്കൂലിക്കേസിൽ അറസ്റ്റു ചെയ്ത് രാജസ്ഥാൻ ആന്റി കറപ്ഷൻ ബ്യൂറോ. ഇയാൾ ബിനാമി വഴി ജയ്‌പ്പൂരിൽ നിന്ന് 15 ലക്ഷം രൂപ കൈക്കൂലി വാങ്ങിയതാണ് കേസിനാധാരം. ചിട്ടിക്കേസ് ഒത്തു തീർപ്പാക്കാൻ 17 ലക്ഷം രൂപയാണ് ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടതെന്ന് പരാതിക്കാർ പറയുന്നു.
ഇംഫാലിലെ ഇഡി ഉദ്യോഗസ്ഥൻ നവൽ കിഷോർ മീണയെയും, അയാളുടെ പ്രാദേശിക ബിനാമിയായ ബാബുലാൽ മീണയെയുമാണ് അറസ്റ്റ് ചെയ്തതെന്ന് രാജസ്ഥാൻ ആന്റി കറപ്ഷൻ ബ്യൂറോ അറിയിക്കുന്നു.
മണിപ്പൂരിലെ ഇംഫാലിലെ ഇഡി ഓഫീസിൽ രജിസ്റ്റർ ചെയ്ത പരാതി ഒത്തുതീർപ്പാക്കാൻ നവൽ കിഷോർ മീണ 17 ലക്ഷം രൂപ ആവശ്യപ്പെട്ടതായാണ് പരാതിക്കാർ രാജസ്ഥാൻ ആന്റി കറപ്ഷൻ ബ്യൂറോയ്ക്ക് നൽകിയ പരാതിയിൽ പറയുന്നത്. പിന്നീട് വിശദാംശങ്ങൾ പരിശോധിച്ചപ്പോൾ 15 ലക്ഷമാണ് സ്വീകരിച്ചതെന്ന് രാജസ്ഥാൻ സംസ്ഥാന ഏജൻസി പറയുന്നു.
സാമ്പത്തിക തട്ടിപ്പുകൾ അന്വേഷിക്കുന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഭാഗമായ ഒരുദ്യോഗസ്ഥനെ കൈക്കൂലിക്കേസിൽ ഒരു സംസ്ഥാന ഏജൻസി അറസ്റ്റ് ചെയ്യുന്നു എന്ന കൗതുകവും ഈ സംഭവത്തിനുണ്ട്. നവാൽ കിഷോർ രാജസ്ഥാനിലെ ജയ്‌പൂർ ജില്ലയിലെ വിമൽപുര ഗ്രാമത്തിൽ നിന്നുള്ള ആളാണ്. അയാളുടെ ബിനാമി ബാബുലാൽ മീണ, മുണ്ടവാർ സബ് രജിസ്ട്രാർ ഓഫീസിൽ ജൂനിയർ അസിസ്റ്റന്റ് ആയി ജോലിചെയ്യുകയാണ്.