INDIA

തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയെ ഇ ഡി അറസ്റ്റ് ചെയ്തു; നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി

17 മണിക്കൂര്‍ നീണ്ട പരിശോധനയ്ക്കും ചോദ്യംചെയ്യലിനും ശേഷമാണ് അറസ്റ്റ്; പ്രതിഷേധിച്ച് ഡിഎംകെ

വെബ് ഡെസ്ക്

തമിഴ്‌നാട് വൈദ്യുതി - എക്‌സൈസ് വകുപ്പ് മന്ത്രി സെന്തില്‍ ബാലാജിയെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ നെഞ്ചുവേദന അനുഭവപ്പെട്ട സെന്തില്‍ ബാലാജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അറസ്റ്റ് നിയമവിരുദ്ധമെന്നും ഭയപ്പെടുത്താൻ നോക്കേണ്ടെന്നുമാണ് ഡിഎംകെയുടെ പ്രതികരണം.

ജയലളിത മന്ത്രിസഭയില്‍ ഗതാഗതമന്ത്രിയായിരിക്കെ ജോലി നല്‍കുന്നതിന് കോഴ ആവശ്യപ്പെട്ടെന്ന കേസിലാണ് ഇ ഡി അറസ്റ്റ്. ഇന്നലെ സെന്തില്‍ ബാലാജിയുടെ ഔദ്യോഗിക വസതിയിലും ചെന്നൈയിലെ ബംഗ്ലാവിലും കരൂരിലെയും കോയമ്പത്തൂരിലും അദ്ദേഹവുമായി ബന്ധപ്പെട്ടുള്ള സ്ഥാപനങ്ങളിലും ഇഡി പരിശോധന നടത്തിയിരുന്നു. 17 മണിക്കൂർ നീണ്ട പരിശോധനയ്ക്കും ചോദ്യംചെയ്യലിനും ശേഷം പുലർച്ചെയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ നെഞ്ചുവേദന അനുഭവപ്പെട്ടതോടെ സെന്തിൽ ബാലാജിയെ ഓമന്ദൂരാര്‍ മെഡിക്കൽ കോളേജിലേക്ക് മാറ്റി. കനത്ത സുരക്ഷയാണ് ആശുപത്രിയില്‍ ഒരുക്കിയിരിക്കുന്നത്. ആശുപത്രിക്ക് പുറത്ത് നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്. ഡിഎംകെ പ്രവർത്തകരും നേതാക്കളും ആശുപത്രിയിലെത്തിയിട്ടുണ്ട്.

അറസ്റ്റിനെതിരെ കടുത്തപ്രതിഷേധമാണ് ഡിഎംകെ ഉയർത്തുന്നത്. അറസ്റ്റ് നിയമവിരുദ്ധമെന്നും ബിജെപിയുടെ ഭീഷണിക്കും സമ്മര്‍ദത്തിനും വഴങ്ങില്ലെന്നും നിയമപരമായി നേരിടുമെന്നും ഉദയനിധി സ്റ്റാലിൻ പ്രതികരിച്ചു. ആശുപത്രിയിലെത്തിയതിന് ശേഷമാണ് ഉയദനിധി സ്റ്റാലിന്റെ പ്രതികരണം. മറ്റ് മന്ത്രിമാരായ എം സുബ്രഹ്‌മണ്യന്‍, ഇ വി വേലു തുടങ്ങിയവരും ആശുപത്രിയിലെത്തി. ഭാവി പരിപാടികൾ ആസൂത്രണം ചെയ്യാൻ മുഖ്യമന്ത്രി എ കെ സ്റ്റാലിന്റെ വസതിയിൽ കൂടിയാലോചനകൾ നടക്കുകയാണ്.

2011-15 കാലയളവിലാണ് സെന്തില്‍ ബാലാജി ഗതാഗതമന്ത്രിയായത്. മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനില്‍ ജോലിക്കായി കൈക്കൂലി ആവശ്യപ്പെട്ടന്നായിരുന്നു ആരോപണം. സംസ്ഥാന സെക്രട്ടേറിറ്റിലടക്കം പരിശോധന നടത്താനുള്ള ഇ ഡി നടപടി ഇന്നലെ വ്യാപക പ്രതിഷേധത്തിന് വഴിവച്ചിരുന്നു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ ദുരുപയോഗം ചെയ്യുകയാണ് കേന്ദ്ര സർക്കാരെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രതികരിച്ചു. ഫെഡറൽ സംവിധാനത്തോടുള്ള വെല്ലുവിളിയാണ് നടപടിയെന്ന് എം കെ സ്റ്റാലിനും ഇന്നലെ പ്രതികരിച്ചിരുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ