INDIA

'ഞാൻ കാത്തിരിക്കുന്നു ഇ ഡിക്കായി' ലോക്‌സഭയിലെ 'ചക്രവ്യൂഹ' പ്രസംഗത്തിന് പിന്നാലെ തനിക്കെതിരെ പരിശോധന നടത്താൻ പദ്ധതിയിട്ടുവെന്ന് രാഹുൽ ഗാന്ധി

വെള്ളിയാഴ്ച സമൂഹമാധ്യമമായ എക്‌സിലൂടെയാണ് രാഹുൽ ആരോപണം ഉന്നയിച്ചത്

വെബ് ഡെസ്ക്

കേന്ദ്ര ബജറ്റ് 2024 ചർച്ചയ്ക്കിടെ നടത്തിയ 'ചക്രവ്യൂഹം' പ്രസംഗത്തെത്തുടർന്ന് തനിക്കെതിരെ റെയ്ഡ് നടത്താൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പദ്ധതിയിട്ടതായി ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സമൂഹമാധ്യമമായ എക്‌സിലൂടെയാണ് വെള്ളിയാഴ്ച രാഹുൽ ആരോപണം ഉന്നയിച്ചത്. ഇ ഡിയിൽ തന്നെയുള്ളവരാണ് തന്നോട് ഇക്കാര്യം പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

ഇ ഡിയുടെ പരിശോധനയ്ക്കായി കാത്തിരിക്കുകയാണെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. ചായയും ബിസ്കറ്റും അവർക്കായി ഒരുക്കിവെച്ചിട്ടുണ്ടെന്നും അദ്ദേഹം എക്‌സിലൂടെ പരിഹസിച്ചു. ഇ ഡിയെ ടാഗ് ചെയ്തുകൊണ്ടായിരുന്നു രാഹുലിന്റെ കുറിപ്പ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ 2024ലെ ബജറ്റ് പ്രഖ്യാപനങ്ങളിലൂടെ മധ്യവർഗത്തെ മുന്നിൽനിന്നും പിന്നിൽനിന്നും കുത്തുകയാണ് ചെയ്തതെന്ന് രാഹുൽ ജൂലൈ 29ന് ലോക്‌സഭയിൽ സംസാരിക്കവെ കുറ്റപ്പെടുത്തിയിരുന്നു.

കൂടാതെ, ഭരണപക്ഷത്തെയും ആർ എസ് എസിനെയും അദാനിയും അംബാനിയും ഉൾപ്പെടെയുള്ള വ്യവസായികളെയും കടന്നാക്രമിച്ചുകൊണ്ടായിരുന്നു രാഹുലിന്റെ പ്രസംഗം. ഇത് വളരെയധികം ചർച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു. ചെറുകിട ഇടത്തരം ബിസിനസുകാരും നരേന്ദ്രമോദി, അമിത് ഷാ, മോഹൻ ഭഗവത്, അജിത് ഡോവൽ, അംബാനി, അദാനി എന്നിവർ തീർത്ത ആധുനിക പത്മവ്യൂഹത്തിൽ പെട്ടുകിടക്കുകയാണ് എന്നായിരുന്നു രാഹുൽ ആരോപിച്ചത്.

അന്ന് രാഹുലിന്റെ പത്മവ്യൂഹ പരാമർശത്തിൽ സ്പീക്കർ ഓം ബിർള ഇടപെടുകയും സഭയിലെ വാക്പോര് കൂടുതൽ രൂക്ഷമാകുകയും ചെയ്തിരുന്നു. ഇതിന് മറുപടി പറഞ്ഞ രാഹുൽ ''നിങ്ങൾക്ക് താൽപ്പര്യമില്ലെങ്കിൽ, ഞാൻ എൻഎസ്എ, അംബാനി, അദാനി എന്നിവരുടെ പേരുകൾ ഒഴിവാക്കുകയും മൂന്ന് പേരുകൾ മാത്രം പരാമർശിക്കുകയും ചെയ്യും,'' എന്നായിരുന്നു മറുപടി നൽകിയത്.

''ഇന്ത്യ പിടിച്ചടക്കിയ ചക്രവ്യൂഹത്തിന് പിന്നിൽ മൂന്ന് ശക്തികളുണ്ട്. കുത്തക മൂലധനമാണ് ഇതിൽ ആദ്യത്തേത്, ഇന്ത്യൻ സമ്പത്ത് മുഴുവൻ സ്വന്തമാക്കാൻ രണ്ട് പേരെ അനുവദിക്കുന്നു. ഈ രാജ്യത്തെ സ്ഥാപനങ്ങൾ, ഏജൻസികൾ, ഇ ഡി, സിബിഐ, ആദായ നികുതി വകുപ്പ് ഇവർ ചക്രവ്യൂഹത്തിന്റെ ഉള്ളിൽ പ്രവർത്തിക്കുന്നു. എല്ലാവരും ചേർന്ന് രാജ്യത്തെ തകർത്തു,'' എന്നും രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം