കോണ്‍ഗ്രസിന്റെ 85 -ാമത് പ്ലീനറി സമ്മേളനം നടക്കാനിരിക്കെ ഛത്തീസ്ഗഢിലെ കോണ്‍ഗ്രസ് നേതാക്കളുടെ വീടുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ വ്യാപക റെയ്ഡ്. കോണ്‍ഗ്രസ് എംഎല്‍എമാരുടെയും ട്രഷററുടെയും മുന്‍ വൈസ് പ്രസിഡന്റിന്റെയും വസതികളിലാണ് ഇ ഡി റെയ്ഡ് നടത്തിയത്. കല്‍ക്കരി ഖനന അഴിമതിക്കേസുമായി ബന്ധപ്പെട്ടാണ് പരിശോധനയെന്നാണ് വിശദീകരണം. ഖൈരാഗഡ് ഉപതിരഞ്ഞെടുപ്പ് ഫണ്ട് വകമാറ്റിയെന്നാണ് ഇഡി ആരോപിക്കുന്നത്. നടപടിക്കെതിരെ പ്രതിഷേധവുമായി കോൺഗ്രസ് രംഗത്തെത്തി. നടക്കുന്നത് രാഷ്ട്രീയ പകപോക്കലെന്നാണ് കോൺഗ്രസിന്റെ ആരോപണം.
കേന്ദ്രസര്‍ക്കാരിനെതിരായ ഇപ്പോഴത്തെ വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള നീക്കമാണ് റെയ്ഡിന് പിന്നില്‍
അതേസമയം അദാനിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ വെളിപ്പെട്ടതിന്റെയും ഭാരത് ജോഡോ യാത്ര വിജയിച്ചതിന്റെയും അസ്വസ്ഥതയാണ് ബിജെപിക്കെന്ന് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍ കുറ്റപ്പെടുത്തി. 'കേന്ദ്ര സര്‍ക്കാരിനെതിരായ ഇപ്പോഴത്തെ വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള നീക്കമാണ് റെയ്ഡ്. രാജ്യത്തെ ജനങ്ങള്‍ക്ക് സത്യമറിയാം. ഞങ്ങള്‍ പോരാടി ജയിക്കും'. ഭൂപേഷ് ബാഗല്‍ ട്വീറ്റ് ചെയ്തു. രാഷ്ട്രീയ പകപോക്കലാണ് ബിജെപി നടത്തുന്നതെന്ന് ജയറാം രമേശും പ്രതികരിച്ചു.
ഛത്തീസ്ഗഢ് തലസ്ഥാനമായ റായ്പൂരില്‍ രണ്ട് ദിവസത്തിനകം കോണ്‍ഗ്രസിന്റെ പ്ലീനറി സമ്മേളനം നടക്കാനിരിക്കെയാണ് എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. സമ്മേളനത്തന്റെ മുഖ്യ സംഘാടകരും മുഖ്യമന്ത്രി ഭൂപേഷ് ബാഗലിന്റെ അടുത്ത ആളുകളുടെയും വസതിയിലാണ് ഇപ്പോഴത്തെ റെയ്ഡ്.