INDIA

മണിപ്പൂര്‍ സർക്കാർ കേസ് എടുത്തതിനെതിരെ എഡിറ്റേഴ്‌സ് ഗില്‍ഡ് സുപ്രീംകോടതിയില്‍; ഹർജിയിൽ അടിയന്തരമായി വാദം കേള്‍ക്കും

ഇന്ന് ഉച്ചയ്ക്ക് ശേഷം ഹർജിയിൽ വാദം കേള്‍ക്കും

വെബ് ഡെസ്ക്

മണിപ്പൂര്‍ കലാപം പഠിക്കാനെത്തിയ എഡിറ്റേഴ്‌സ് ഗില്‍ഡ് സംഘാംഗങ്ങളെ പ്രതിചേർത്ത് കേസെടുത്ത സംസ്ഥാന സർക്കാരിന്റെ നടപടിക്കെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരെ മണിപ്പൂർ പോലീസ് അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്നും ഹർജിയിൽ അടിയന്തരമായി വാദം കേള്‍ക്കണമെന്നും എഡിറ്റേഴ്‌സ് ഗില്‍ഡ് സുപ്രീംകോടതിയെ അറിയിച്ചു.

ഇതോടെ ഹര്‍ജി ഇന്ന് തന്നെ അടിയന്തരമായി പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഉച്ചയ്ക്ക് ശേഷമായിരിക്കും വാദം കേള്‍ക്കുക. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ ബി പര്‍ദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചിന് മുന്‍പാകെയാണ് വിഷയം അടിയന്തരമായി ലിസ്റ്റ് ചെയ്തത്.

മണപ്പൂർ കലാപവുമായി ബന്ധപ്പെട്ട് ഇജിഐ പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യാജവും കെട്ടിച്ചമച്ചതും സ്‌പോണ്‍സര്‍ ചെയ്തതെന്നും ആരോപിച്ചാണ് വസ്തുതാന്വേഷണ സമിതിയിലെ മൂന്ന് മാധ്യമപ്രവർത്തകർക്കെതിരെ മണിപ്പൂര്‍ സര്‍ക്കാര്‍ കേസെടുത്തത്. മണിപ്പൂരിലെ ഒരു സാമൂഹ്യപ്രവര്‍ത്തകന്റെ പരാതിയില്‍ ഇംഫാല്‍ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

മെയ് ആദ്യം സംസ്ഥാനത്ത് പൊട്ടിപ്പുറപ്പെട്ട വംശീയകലാപത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഏകപക്ഷീയമായി ഇടപെടലുകള്‍ നടത്തിയതിന്റെ സൂചനകളുണ്ടെന്നായിരുന്നു ഇജിഐ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം

എഡിറ്റേഴ്സ് ഗില്‍ഡ് ഓഫ് ഇന്ത്യയുടെ വസ്തുതാന്വേഷണ സംഘം ആഗസ്റ്റ് 7 മുതല്‍ 10 വരെ നാല് ദിവസങ്ങളിലായാണ് സംസ്ഥാനത്ത് നടന്ന വംശീയകലാപവും മാധ്യമങ്ങളുടെ നിലപാട് അടക്കമുള്ള വിഷയങ്ങളിലും പഠനം നടത്തിയത്. മാധ്യമപ്രവര്‍ത്തകരായ ഭരത് ഭൂഷണ്‍, സീമ ഗുഹ, സഞ്ജയ് കപൂര്‍ എന്നിവരടങ്ങിയ മൂന്നംഗ സംഘമാണ് മണിപ്പൂരിലെ വംശീയ അക്രമങ്ങളെക്കുറിച്ചുള്ള മാധ്യമങ്ങളുടെ റിപ്പോര്‍ട്ടിങ്ങിനെക്കുറിച്ച് 24 പേജുള്ള പഠനം തയ്യാറാക്കിയത്.

മെയ് ആദ്യം സംസ്ഥാനത്ത് പൊട്ടിപ്പുറപ്പെട്ട വംശീയകലാപത്തില്‍ സംസ്ഥാനസര്‍ക്കാര്‍ ഏകപക്ഷീയമായി ഇടപെടലുകള്‍ നടത്തിയതിന്റെ സൂചനകളുണ്ടെന്നായിരുന്നു ഇജിഐ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം. കലാപം അരങ്ങേറിയ സമയത്ത് സംസ്ഥാന സര്‍ക്കാര്‍ പക്ഷപാതപരമായി പെരുമാറാന്‍ പാടില്ലായിരുന്നുവെന്നും ഒരു ജനാധിപത്യ സര്‍ക്കാര്‍ എന്ന നിലയില്‍ കലാപം അമര്‍ച്ചചെയ്യുന്നതില്‍ പരാജയപ്പെട്ടെന്നും റിപ്പോര്‍ട്ടിന്റെ സംഗ്രഹത്തില്‍ എടുത്തുപറയുന്നു.

മണിപ്പൂരിലെ മാധ്യമങ്ങള്‍ മെയ്തികളുടെ മാധ്യമങ്ങളായാണ് കലാപ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തത്, സുരക്ഷാ സേനയെ അപകീര്‍ത്തിപ്പെടുത്തുന്നതിനായി വാര്‍ത്തകള്‍ സൃഷ്ടിക്കല്‍, മാധ്യമപ്രവര്‍ത്തകര്‍ക്ക് വിവരങ്ങള്‍ ലഭിക്കുന്നത് തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇന്റര്‍നെറ്റ് നിരോധനം ഉപയോഗപ്പെടുത്തി തുടങ്ങിയ ഗുരുതര ആരോപണങ്ങള്‍ ഇജിഐ റിപ്പോര്‍ട്ടിലുണ്ട്. മുഖ്യമന്ത്രി ബിരേന്‍ സിങ് ഉള്‍പ്പെടെയുള്ളവര്‍ എഡിറ്റേഴ്‌സ് ഗില്‍ഡിനെതിരെ രംഗത്തെത്തിയിരുന്നു. എഡിറ്റേഴ്സ് ഗിൽഡ് ‌ കുകി-മെയ്തി സമുദായത്തിലുള്ളവരെ നേരിട്ട് കാണാതെയാണ് ഇത്തരത്തിലൊരു റിപ്പോർട്ട് തയാറാക്കിയതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.

മെയ് 5ന് നടന്ന കലാപത്തിൽ സംസ്ഥാനത്ത് കത്തിനശിച്ച ഒരു കുക്കി വീടാണെന്ന് അടിക്കുറിപ്പുള്ള കത്തിയ കെട്ടിടത്തിന്റെ ഫോട്ടോ ഇജിഐ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ ഇത് ചുരാചന്ദ്പൂരിലെ ഫോറസ്റ്റ് ബീറ്റ് ഓഫീസറുടെ ഓഫീസ് കെട്ടിടമാണെന്നും വസ്തുതകൾക്ക് നിരക്കാത്ത റിപ്പോർട്ടാണെന്നുമായിരുന്നു പരാതിക്കാരന്റെ വാദം. എന്നാൽ, സെപ്തംബർ രണ്ടിന് പുറത്തുവിട്ട റിപ്പോർട്ടിലെ ഫോട്ടോയിലെ അടിക്കുറിപ്പിൽ എഡിറ്റിങ് ടീമിന് തെറ്റ് പറ്റിയാതാണെന്നും അതിൽ ഖേദിക്കുന്നുവെന്നും സെപ്തംബർ മൂന്നിന് തന്നെ ഇജിഐ വ്യക്തമാക്കിയിരുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ