വംശീയ സംഘര്‍ഷം രൂക്ഷമായ സംസ്ഥാനത്ത് മെയ്തി, കുകി വിഭാഗങ്ങൾക്കിടയിൽ വളർന്നുവന്ന വിദ്വേഷവും അവിശ്വാസവും അവസാനിപ്പിക്കാനാണ് തന്റെ ശ്രമങ്ങളെന്ന് മണിപ്പൂർ ഗവർണർ അനുസൂയ ഉയ്കേ. അതിനായി ഇരു സമുദായങ്ങളെ പ്രതിനിധികളുമായി കൂടിക്കാഴ്ച്ചകൾ നടത്തുന്നുണ്ടെന്നും ഗവർണർ പറഞ്ഞു. സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കാൻ നേതാക്കൾ രാഷ്ട്രീയത്തിന് അതീതമായി ഉയരണമെന്നും ഗവർണർ പറഞ്ഞു. ചുരാചന്ദ്പൂർ ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഗവർണർ.
രണ്ട് സമുദായങ്ങളെയും പ്രതിനിധീകരിക്കുന്ന സംഘടനകളുമായി അവർ കൂടിക്കാഴ്ച നടത്തുകയും സംസ്ഥാനത്ത് സമാധാനവും സാധാരണ നിലയും തിരികെ കൊണ്ടുവരാൻ അവരുടെ സഹകരണം തേടിയതായും ഗവര്‍ണര്‍ പറഞ്ഞു. ''എന്റെ സഹോദരങ്ങളുടെ ദുഃഖത്തിൽ പങ്കുചേരാനാണ് ഞാൻ രണ്ടാമതും ഇവിടെ വന്നത്. മൂന്ന് മാസത്തോളമായി ഇവരെല്ലാം വീടുകളിൽ നിന്ന് മാറിനിൽക്കുകയാണ്. വീടുൾപ്പെടെ എല്ലാം നഷ്ടപ്പെട്ടവരാണിവർ. ക്യാമ്പിലെങ്കിലും ഇവർക്ക് ഒരു പ്രശ്‌നവും നേരിടുന്നില്ലെന്ന് ഉറപ്പാക്കാനാണ് ഞാൻ ഇവിടെ വന്നത്''- അനുസൂയ ഉയ്കേ പറഞ്ഞു.
ക്യാമ്പില്‍ കഴിയുന്നവര്‍ക്ക് വസ്ത്രങ്ങള്‍ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കണമെന്ന് സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു.
''രണ്ട് സമുദായങ്ങൾക്കിയടിൽ വിദ്വേഷവും അവിശ്വാസവും വളർന്നിരിക്കുകയാണ്. അത് അവസാനിപ്പിക്കാനുള്ള ശ്രമത്തിലാണ് ഞാൻ. രണ്ട് സമുദായങ്ങളെ പ്രതിനിധീകരിക്കുന്ന സംഘടനകളെയും വ്യത്യസ്ത രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളെയും കാണുകയും സമാധാനം സ്ഥാപിക്കുന്നതിന് അവരുടെ സഹകരണം തേടുകയും ചെയ്തിട്ടുണ്ട്. നമ്മൾ രാഷ്ട്രീയത്തിന് അതീതമായി ഉയർന്ന് മണിപ്പൂരിൽ സമാധാനവും സാധാരണ നിലയും ഉറപ്പാക്കണം'' - ഗവർണർ കൂട്ടിച്ചേർത്തു.
അതിനിടെ സംസ്ഥാനത്തെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായെത്തിയ പ്രതിപക്ഷ പാർട്ടി സഖ്യമായ 'ഇന്ത്യ' പ്രതിനിധികൾ ഇംഫാലിലെത്തി. മണിപ്പൂരിലെ വംശീയ സംഘർഷം ഇന്ത്യയുടെ പ്രതിച്ഛായയ്ക്ക് കോട്ടം വരുത്തിയെന്നും രാഷ്ട്രീയം കളിക്കാനല്ല മണിപ്പൂരിലെ ജനങ്ങളുടെ വേദന മനസിലാക്കാനാണ് തങ്ങള്‍ ഇവിടെ എത്തിയതെന്നും മുതിർന്ന കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി വ്യക്തമാക്കി. രണ്ട് ദിവസത്തെ സന്ദർശനത്തിനായെത്തിയ സംഘം മണിപ്പൂരിലെ അക്രമ ബാധിത പ്രദേശങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും സന്ദർശിക്കും.