INDIA

'ഇന്ത്യ' എന്ന പേരില്‍ ഇടപെടില്ല; രാഷ്ട്രീയ സഖ്യങ്ങളെ നിയന്ത്രിക്കാനാകില്ലെന്ന് വ്യക്തമാക്കി തിരഞ്ഞെടുപ്പ് കമ്മീഷന്‍

വെബ് ഡെസ്ക്

പ്രതിപക്ഷ സഖ്യത്തിന്റെ 'ഇന്ത്യ' (ഇന്ത്യന്‍ നാഷണല്‍ ഡവലപ്‌മെന്റല്‍ ഇന്‍ക്ലൂസീവ് അലയന്‍സ്)യെന്ന പേരില്‍ ഇടപെടാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. 1951ലെ ജനപ്രാതിനിധ്യ നിയമം (ആര്‍ പി നിയമം) പ്രകാരം രാഷ്ട്രീയ സഖ്യങ്ങളെ നിയന്ത്രിക്കാനാകില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഡല്‍ഹി ഹൈക്കോടതിയില്‍ വ്യക്തമാക്കി.

1951ലെ ജനപ്രാതിനിധ്യ വകുപ്പ് പ്രകാരം രാഷ്ട്രീയ പാര്‍ട്ടികളുടെയോ വ്യക്തികളുടെയോ കൂട്ടായ്മകള്‍ രജിസ്റ്റര്‍ ചെയ്യുന്നത് തിരഞ്ഞെടുപ്പ് കമ്മീഷനില്‍ നിക്ഷിപ്തമാണ്. എന്നാല്‍ ആര്‍ പി നിയമത്തിന്റെയോ ഭരണഘടനയുടെയോ കീഴിലുള്ള നിയന്ത്രണ സ്ഥാപനങ്ങളായി രാഷ്ട്രീയ സഖ്യങ്ങളെ കണക്കാക്കുന്നില്ലെന്നത് ശ്രദ്ധേയമാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു.

'ഇന്ത്യ' എന്ന പേര് ഉപയോഗിച്ചതില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ വ്യവസായിയായ ഗിരീഷ് ഭരദ്വാജ് നല്‍കിയ പൊതു താല്‍പര്യ ഹര്‍ജിയില്‍ സമര്‍പ്പിച്ച എതിര്‍ സത്യവാങ്മൂലത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ഡോ. ജോര്‍ജ് ജോസഫ് തെമ്പ്‌ളങ്ങാടും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള കേസിലെ കേരള ഹൈക്കോടതിയുടെ തീരുമാനത്തെ ഉദ്ധരിച്ചാണ് കമ്മീഷന്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്. ഇതില്‍ രാഷ്ട്രീയ കക്ഷികളുടെ പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ ഭരണഘടനാ സ്ഥാപനത്തെ നിര്‍ബന്ധിക്കുന്ന നിയമപരമായ വ്യവസ്ഥകളൊന്നുമില്ലെന്ന് പറയുന്നുണ്ട്.

കമ്മീഷന് ഇക്കാര്യത്തില്‍ ഇടപെടാനാകില്ലെന്നും എന്നാല്‍ 'ഇന്ത്യ' എന്ന പേര് ഉപയോഗിക്കുന്നതിലെ നിയമ സാധുതയെക്കുറിച്ചുള്ള അഭിപ്രായമല്ലയിതെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നു.

26 പ്രതിപക്ഷ പാര്‍ട്ടികള്‍ രൂപീകരിച്ച സഖ്യത്തിനെതിരെ ജൂലൈ 19ന് തിരഞ്ഞെടുപ്പ് കമ്മീഷനില്‍ ഗിരീഷ് ഭരദ്വാജ് പരാതി നല്‍കിയിരുന്നു. എന്നാല്‍ അതില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രതികരണം നല്‍കിയിരുന്നില്ല. തുടര്‍ന്നാണ് ഇദ്ദേഹം ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. രാഷ്ട്രീയ പാര്‍ട്ടികളുടെ സഖ്യത്തിന് 'ഇന്ത്യ' എന്ന പേര് ഉപയോഗിക്കുന്നത് തടയാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുവരെ ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് ഭരദ്വാജ് ഹര്‍ജിയില്‍ പറയുന്നു. റിട്ട് ഹര്‍ജി സമര്‍പ്പിക്കുകയല്ലാതെ തന്റെ മുന്നില്‍ മറ്റ് മാര്‍ഗങ്ങളില്ലെന്നും അദ്ദേഹം ഹര്‍ജിയില്‍ സൂചിപ്പിക്കുന്നു.

ഇന്ത്യ എന്ന പേര് ഉപയോഗിക്കരുതെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നിര്‍ദേശം നല്‍കണമെന്നും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്ര സര്‍ക്കാരും ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു. 2024ല്‍ നടക്കാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാന്‍ വേണ്ടിയാണ് 'ഇന്ത്യ' എന്ന പേര് രാഷ്ട്രീയകക്ഷികള്‍ സ്വീകരിച്ചതെന്നും അതില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

''ദേശീയ ചിഹ്നത്തിന്റെ അഭിവാജ്യ ഘടകമാണ് ഇന്ത്യ എന്ന പേര്. ഇത് തൊഴില്‍പരമായോ വാണിജ്യപരമായോ, രാഷ്ട്രീയപരമായോ ഉപയോഗിക്കരുത്. അങ്ങനെ ഉപയോഗിക്കുന്നത് 1950ലെ ചിഹ്നങ്ങളുടെയും പേരുകളുടെയും (അനുചിതമായ ഉപയോഗം തടയല്‍) നിയമത്തിന്റെ ലംഘനമാണ്.

രാഷ്ട്രീയ പാര്‍ട്ടികളുടെ ഈ സ്വാര്‍ഥ പ്രവര്‍ത്തനം 2024ലെ വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിലെ സമാധാനപരവും സുതാര്യവും നീതിയുക്തവുമായ വോട്ടെടുപ്പിനെ പ്രതികൂലമായി ബാധിക്കാം. ഇത് പൗരന്മാരെ അനാവശ്യമായ അക്രമങ്ങള്‍ക്ക് വിധേയമാക്കുകയും രാജ്യത്തിന്റെ ക്രമസമാധാനത്തെ ബാധിക്കുകയും ചെയ്യുന്നു,''- ഹര്‍ജിയില്‍ പറയുന്നു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും