കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ ക്രമക്കേടുകള്‍ നടന്നെന്ന് ചൂണ്ടിക്കാട്ടി ശശി തരൂര്‍ നല്‍കിയ പരാതി തള്ളി കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി. യുപിയിലെ ബാലറ്റുകള്‍ പ്രത്യേകം എണ്ണണമെന്ന ആവശ്യമാണ് തള്ളിയത്. നിലവില്‍ എല്ലാ പിസിസികളിലെ വോട്ടുകളും മുന്‍നിശ്ചയപ്രകാരം കൂട്ടിക്കലര്‍ത്തിയാണ് എണ്ണുന്നത്.
തിരഞ്ഞെടുപ്പ് ദിവസം ലക്നൗവിൽ ഇല്ലാതിരുന്ന ഒട്ടേറെപ്പേരുടെ വോട്ടുകൾ രേഖപ്പെടുത്തി എന്ന് ചൂണ്ടിക്കാട്ടിയാണ് തരൂര്‍ പരാതി നല്‍കിയത്. ബാലറ്റ് പെട്ടികൾ സീൽ ചെയ്തതിൽ നടപടിക്രമം പാലിച്ചില്ല. ഏജന്റുമാർ വിഷയം ചൂണ്ടിക്കാണിച്ചെങ്കിലും നടപടിയുണ്ടായില്ലെന്നും തരൂർ നല്‍കിയ പരാതിയില്‍ സൂചിപ്പിച്ചിരുന്നു. കൃത്യമായി സീല്‍ ചെയ്യാത്തതിന്റെ ചിത്രങ്ങളടക്കമായിരുന്നു തരൂരിന്റെ പരാതി.
പഞ്ചാബ്, തെലങ്കാന സംസ്ഥാനങ്ങളിലും സമാന അട്ടിമറി നടന്നതായും വോട്ടര്‍മാരുടെ എണ്ണത്തിലുണ്ടായ വ്യത്യാസവും പരാതിയില്‍ തരൂര്‍ സൂചിപ്പിച്ചു. 9308 വോട്ടര്‍മാരില്‍ നിന്ന് അവസാന ഘട്ടത്തില്‍ 9915 വോട്ടര്‍മാരായി ഉയര്‍ന്നെന്നായിരുന്നു പരാതിയില്‍ ഉന്നയിച്ചത്.
വരും തിരഞ്ഞെടുപ്പുകളില്‍ പിഴവുകള്‍ പരിഹരിച്ച് മുന്നോട്ട് പോകുന്നതിനാണ് പരാതികള്‍ പരസ്യമായി ഉന്നയിക്കുന്നതെന്നാണ് തരൂര്‍ ക്യാമ്പിന്റെ നിലപാട്.തരൂര്‍ പക്ഷത്തിന്റെ ആരോപണങ്ങളിലും പരാതിയിലും ഇതുവരെ പരസ്യ പ്രതികരണം നടത്താന്‍ മധുസൂദന്‍ മിസ്ത്രി തയ്യാറായില്ല.
(തരൂർ നല്‍കയിയ പരാതിയുടെ പകർപ്പുകള്‍ )
അതിനിടെ, അധ്യക്ഷ തിരഞ്ഞെടുപ്പില്‍ തന്നെ പിന്തുണച്ച പ്രവര്‍ത്തകര്‍ക്ക് തരൂര്‍ നന്ദി അറിയിച്ചു. 19 ഭാഷകളിലുള്ള നന്ദിവാചകവുമായാണ് തരൂര്‍ ട്വീറ്റ് പങ്കുവെച്ചത്.