INDIA

ഇലക്ടറല്‍ ബോണ്ടുകള്‍ ഭരണഘടനാവിരുദ്ധം; റദ്ദാക്കണം, സംഭാവനകളെക്കുറിച്ച് ജനങ്ങള്‍ക്ക് അറിയണമെന്ന് സുപ്രീംകോടതി

ഇലക്ടറല്‍ ബോണ്ടുകള്‍ വിവരാകാശത്തിന്റെയും ഭരണഘടനയുടെ 19(1) (എ) അനുച്ഛേദത്തിന്റെയും ലംഘനമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച്

വെബ് ഡെസ്ക്

ഒന്നാം മോദി സർക്കാർ അവതരിപ്പിച്ച ഇലക്ടറൽ ബോണ്ട് സംവിധാനത്തിനെതിരായ ഹർജികളിൽ സുപ്രീംകോടതിയുടെ നിർണായക വിധി. ഇലക്ട്രല്‍ ബോണ്ടുകള്‍ ഭരണഘടനാവിരുദ്ധമാണെന്നും റദ്ദാക്കണമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധിച്ചു. ഇലക്ടറല്‍ ബോണ്ടുകള്‍ വിവരാവകാശ നിയമത്തിന്റെയും ഭരണഘടനയുടെ 19(1) (എ) അനുച്ഛേദത്തിന്റെയും ലംഘനമാണെന്നും രാഷ്ട്രീയ പാർട്ടികള്‍ക്ക് ലഭിക്കുന്ന സംഭാവനകള്‍ അറിയാനുള്ള അവകാശം പൊതുജനങ്ങള്‍ക്കുണ്ടെന്നും കോടതി വ്യക്തമാക്കി. കള്ളപ്പണം ഒഴിവാക്കാനുള്ള ഏക വഴിയല്ല ഇലക്ടറല്‍ ബോണ്ടെന്നും കോടതി പറഞ്ഞു. കള്ളപ്പണം തടയുക എന്ന ലക്ഷ്യത്തെ വിവരാവകാശ ലംഘനം ന്യായീകരിക്കുന്നില്ല.

കള്ളപ്പണം ഒഴിവാക്കാനുള്ള ഏക വഴിയല്ല ഇലക്ടറല്‍ ബോണ്ടെന്ന് സുപ്രീംകോടതി

ഇലക്ടറല്‍ ബോണ്ട് അധികാരത്തിലിരിക്കുന്ന പാര്‍ട്ടിക്ക് നേട്ടമുണ്ടാക്കാനുള്ള പദ്ധതി ആണെന്ന് കോടതി നിരീക്ഷിച്ചു. പണമാക്കി മാറ്റാത്ത ഇലക്ടറല്‍ ബോണ്ടുകള്‍ സംഭാവന തന്നവര്‍ക്കു തിരികെ നല്‍ണകമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. സംഭാവന ചെയ്യുന്നവരുടെ സ്വകാര്യതയെ മാനിക്കുന്നെങ്കിലും രാഷ്ട്രീയ ധനസമാഹരണത്തിന്റെ സുതാര്യത ഉറപ്പാക്കാന്‍ പൂര്‍ണ ഇളവുകള്‍ അനുവദിക്കാനാകില്ലെന്നും സുപ്രീം കോടതി.

ഇലക്ടറൽ ബോണ്ട് പദ്ധതി ഭരണഘടനാ വിരുദ്ധമാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ കമ്പനി നിയമത്തിലെ എസ് 182 വകുപ്പിന്റെ ഭേദഗതി അസാധുവായെന്നും കോടതി വ്യക്തമാക്കി. തിരഞ്ഞെടുപ്പ് പ്രക്രിയയിൽ രാഷ്ട്രീയ പാർട്ടികൾ പ്രസക്തമായ യൂണിറ്റുകളാണ്. രാഷ്ട്രീയ പാർട്ടികളുടെ ഫണ്ടിങ് സംബന്ധിച്ച വിവരങ്ങൾ വോട്ടർമാരുടെ തിരഞ്ഞെടുപ്പുകൾക്ക് അത്യന്താപേക്ഷിതമാണ്.

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിച്ച ഇലക്ടറല്‍ ബോണ്ടുകളുടെയും അതുപ്രകാരമുള്ള സംഭാവനകളുടെയും വിശദാംശങ്ങള്‍ സേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാര്‍ച്ച് ആറിനകം തിരഞ്ഞെടുപ്പ് കമ്മിഷന് നൽകണം. കമ്മിഷൻ 13നകം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണം. ഇഷ്യൂ ചെയ്ത ഇലക്ടറല്‍ ബോണ്ടുകളുടെ വിതരണം ഉടന്‍ നിര്‍ത്തിവയ്ക്കണം.

രാഷ്ട്രീയ പാർട്ടികളുടെ ഫണ്ടിങ് സംബന്ധിച്ച വിവരങ്ങൾ വോട്ടർമാരുടെ തിരഞ്ഞെടുപ്പുകളില്‍ സുപ്രധാനം

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനെ കൂടാതെ ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബി ആർ ഗവായ്, ജെബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. ഏകകണ്ഠമായ വിധിയാണ് കോടതി പുറപ്പെടുവിച്ചത്.

ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡും ജസ്റ്റിസ് സഞ്ജീവ് ഖന്നയുമാണ് വിധി വായിച്ചത്. ചില കാര്യങ്ങളില്‍ തനിക്കും ജസ്റ്റിസ് സഞ്ജീവ് ഖന്നയ്ക്കുമിടയില്‍ നേരിയ അഭിപ്രായവ്യത്യാസമുണ്ടായെങ്കിലും ഒരേ നിഗമനത്തിലാണ് എത്തിയതെന്നു പറഞ്ഞുകൊണ്ടാണ് ചീഫ് ജസ്റ്റിസ് വിധിപ്രസ്താവം ആരംഭിച്ചത്. ചീഫ് ജസ്റ്റിസിനോട് യോജിക്കുന്നുവെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന വ്യക്തമാക്കി. ചീഫ് ജസ്റ്റിസിന്റെ അഭിപ്രായത്തില്‍നിന്ന ചെറിയ വ്യത്യാസത്തോടെ ആനുപാതികതയുടെ തത്വങ്ങളും താന്‍ പ്രയോഗിച്ചുവെന്നും എന്നാല്‍ നിഗമനങ്ങള്‍ ഒന്നുതന്നെയാണെന്നും ജസ്റ്റിസ് ഖന്ന പറഞ്ഞു.

ജനാധിപത്യ പ്രക്രിയയുടെ മൂല്യം ഉയര്‍ത്തിപ്പിടിക്കുന്ന ശുഭകരമായ വിധിയെന്നാണ് മുതിര്‍ന്ന അഭിഭാഷന്‍ പ്രശാന്ത് ഭൂഷന്റെ പ്രതികരണം.

സിപിഎം, അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ്, കോമണ്‍ കോസ് എന്നീ സംഘടനകളും ഡോ. ജയ താക്കൂരുമാണ് സുപ്രീംകോടതിയെ സമീപിച്ചിരുന്നത്. ഇലക്ടറൽ ബോണ്ടിനുവേണ്ടിയുള്ള ഭരണഘടനാ ഭേദഗതികൾ അനുച്ഛേദം 19(1)(എ) പ്രകാരം വിവരാവകാശത്തിൻ്റെ ലംഘനമാണെന്നും അനിയന്ത്രിതമായ കോർപ്പറേറ്റ് ഫണ്ടിങ് സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പിൻ്റെ തത്വങ്ങൾ ലംഘിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി.

ഇലക്ട്രൽ ബോണ്ടുകളിലെ രഹസ്യാത്മക സ്വഭാവം രാഷ്ട്രീയ ഫണ്ടിങ്ങിലെ സുതാര്യതയെ ബാധിക്കുകയും വോട്ടർമാരുടെ വിവരാവകാശം ലംഘിക്കുകയും ചെയ്യുന്നുവെന്നും വിവിധ ഹരജികൾ ചൂണ്ടിക്കാട്ടി. 2018 ജനുവരി 2 മുതലാണ് ഇലക്ടറൽ ബോണ്ടിലൂടെ സംഭാവന സ്വീകരിക്കാമെന്ന് കേന്ദ്ര സർക്കാർ വിജ്ഞാപനം പുറത്തിറക്കിയത്. നേരത്തെ ഇലക്ട്രൽ ബോണ്ടുകളുടെ പ്രഖ്യാപനത്തോടെ തന്നെ ബോണ്ടുകളിലെ അഴിമതിയുമായി ബന്ധപ്പെട്ട് ഹർജികൾ സുപ്രീംകോടതിയിൽ എത്തിയങ്കിലും, ഹർജികൾ സുപ്രീംകോടതി പരിശോധിക്കുന്നില്ലെന്ന പരാതികൾ ഉയർന്നിരുന്നു.

നേരത്തെ ഇലക്ട്രൽ ബോണ്ട് പദ്ധതി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ രണ്ട് തവണ തള്ളി പോയിരുന്നു.

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി