രാഷ്ട്രീയ ഫണ്ടിങ് സുത്യാര്യമാക്കുന്നതിന്റെ ഭാഗമായി തിരഞ്ഞെടുപ്പ് ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരമാണ് കമ്മീഷന്‍ ഇന്ന് ഇലക്ടറല്‍ ബോണ്ട് സംബന്ധിച്ച വിവരങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയത്. കകഴിഞ്ഞ ദിവസമാണ് എസ്ബിഐ വിവരങ്ങള്‍ കമ്മീഷന് കൈമാറിയത്. മാര്‍ച്ച് 15-നകം വിവരങ്ങള്‍ പരസ്യപ്പെടുത്തണമെന്നായിരുന്നു സുപ്രീംകോടതി നല്‍കിയ നിര്‍ദേശം. എന്നാല്‍ സമയപരിധിക്ക് ഒരു ദിനം മുമ്പേ തന്നെ കമ്മീഷന്‍ വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുകയായിരുന്നു.
2019 ഏപ്രില്‍ 12 മുതല്‍ ഈ വര്‍ഷം ജനുവരി വരെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ കൈപ്പറ്റിയ തുകയുടെ വിവരങ്ങളാണ് പ്രസിദ്ധീകരിച്ചത്. രണ്ട് ഭാഗങ്ങളായി ഒരു ലക്ഷം, പത്തു ലക്ഷം, ഒരു കോടി എന്നിങ്ങനെ മൂന്നു മൂല്യങ്ങളിലുള്ള ബോണ്ടുകളുടെ വിവരങ്ങളാണു പ്രസിദ്ധീകരിച്ചത്. ആദ്യ ഭാഗത്തില്‍ പണം നല്‍കിയ കമ്പനികളുടെ വിവരങ്ങളും രണ്ടാം ഭാഗത്തില്‍ കൈപ്പറ്റിയ രാഷ്ട്രീയ പാര്‍ട്ടികളുടെ വിവരങ്ങളുമാണുള്ളത്. ഏത് കമ്പനികള്‍ ഏത് രാഷ്ട്രീയ പാര്‍ട്ടിക്ക് പണം കൈമാറിയെന്നത് ബന്ധപ്പെടുത്തിയിട്ടില്ല.
കോവിഡ് വാക്‌സിന്‍ നിര്‍മിച്ച കമ്പനിയായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട്, ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന്‍, മേഘ എന്‍ജിനീയറിങ്, പിരാമല്‍ എന്റര്‍പ്രൈസസ്, അപ്പോളോ ടയേഴ്‌സ്, മുത്തൂറ്റ് ഫിനാന്‍സ്, സുല വൈന്‍സ്, മരുന്നുനിര്‍മാണ കമ്പനിയായ സണ്‍ഫാര്‍മ, വേദാന്ത ലിമിറ്റഡ്, ഐടിസി, അള്‍ട്രാടെക് സിമന്റസ്, ബജാജ് ഫിനാന്‍സ് തുടങ്ങിയ കമ്പനികള്‍ ബോണ്ട് നല്‍കിയവരുടെ പട്ടികയിലുണ്ട്. എന്നാല്‍ അദാനി, റിലയന്‍സ് എന്നീ കമ്പനികളുടെ പേര് പട്ടികയിലില്ല.
2019നും 2023-നുമിടയില്‍ രാജ്യത്തെ എട്ട് വന്‍കിട ബിസിനസ് ഗ്രൂപ്പുകള്‍ മാത്രം ഏറ്റവും കുറഞ്ഞത് അഞ്ചു കോടി രൂപ വീതം ഇലക്ടറല്‍ ബോണ്ട് വഴി വിവധ രാഷ്ട്രീപാര്‍ട്ടികള്‍ക്ക് നല്‍കിയിട്ടുണ്ട്. പ്രസിദ്ധപ്പെടുത്തിയ വിവരങ്ങള്‍ പ്രകാരം ബോണ്ടുകളുടെ 75 ശതമാനവും ബിജെപിയാണ് പങ്കുപറ്റിയിരിക്കുന്നത്. കോണ്‍ഗ്രസ്, എഐഎഡിഎംകെ, ബിആര്‍എസ്, ശിവസേന, ടിഡിപി, തൃണമൂല്‍ കോണ്‍ഗ്രസ്, ഡിഎംകെ, ജനതാദള്‍ എസ്, വൈഎസ്ആര്‍ കോണ്‍ഗ്രസ്, അകാലിദള്‍, ബിജു ജനതാ ദള്‍, എന്‍സിപി, ആംആദ്മി പാര്‍ട്ടി, ജെഡിയു, ആര്‍ജെഡി, സമാജ്‌വാദി പാര്‍ട്ടി, ജെഎംഎം, തുടങ്ങിയവര്‍ ഫണ്ട് കൈപ്പറ്റിയിട്ടുണ്ട്. അതേസമയം സിപിഎമ്മും സിപിഐയും ഇലക്ടറല്‍ ബോണ്ട് വാങ്ങിയിട്ടില്ല.
ചൊവ്വാഴ്ചയാണ് ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ എസ്ബിഐ തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ചത്. വിവിധ പാര്‍ട്ടികള്‍ക്ക് ലഭിച്ച ഇലക്ടറല്‍ ബോണ്ടിന്റെ വിവരങ്ങള്‍ മാര്‍ച്ച് ആറിന് മുമ്പ് തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കാനാണ് സുപ്രീം കോടതി കഴിഞ്ഞ മാസം 15-ന് ഉത്തരവിട്ടത്. എന്നാല്‍ വിവരങ്ങള്‍ നല്‍കാന്‍ സാവകാശം തേടി എസ്ബിഐ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ എസ്ബിഐ നിലപാടില്‍ കടുത്ത വിമര്‍ശനം ഉന്നയിച്ച സുപ്രീംകോടതി തൊട്ടടുത്ത ദിവസം തന്നെ വിവരം കൈമാറണമെന്ന് എസ്ബിഐയ്ക്ക് അന്ത്യശാസനം നല്‍കി. ഇതോടെയാണ് അവര്‍ വിവരങ്ങള്‍ കൈമാറിയത്.