പ്രതീകാത്മക ചിത്രം 
INDIA

ഏറ്റുമുട്ടല്‍ കൊല: ആറു വര്‍ഷത്തിനിടെ 813 കേസുകള്‍; ഒരാള്‍പോലും ശിക്ഷിക്കപ്പെട്ടില്ല!

ആറു വര്‍ഷത്തിനിടെ, തീര്‍പ്പാക്കാത്ത ഏറ്റുമുട്ടല്‍ കൊലപാതക/നിയമവിരുദ്ധ വധശിക്ഷാ കേസുകള്‍ അഞ്ചിരട്ടിയോളം വര്‍ധിച്ചു

വെബ് ഡെസ്ക്

ഏറ്റുമുട്ടല്‍ കൊലകള്‍ അല്ലെങ്കില്‍ പോലീസിന്റെ നിയമവിരുദ്ധമായ വധശിക്ഷകള്‍ പലപ്പോഴും വാര്‍ത്തകള്‍ക്ക് തലക്കെട്ടുകളാണ്. ഇന്ത്യയില്‍ ഏറെ പരിചിതമായൊരു പ്രയോഗമായി അത് മാറിയിരിക്കുന്നു. ഇത്തരം കേസുകള്‍ വര്‍ധിക്കുമ്പോഴും അതിനെതിരെ നടപടികള്‍ ഉണ്ടാകുന്നില്ലെന്നതാണ് ഏറെ ദൗര്‍ഭാഗ്യകരം. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ, 813 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. എന്നാല്‍, കൃത്യമായ അന്വേഷണമോ വിചാരണയോ നടപടികളോ ഉണ്ടാകുന്നില്ല. തീര്‍പ്പാക്കാത്ത ഏറ്റുമുട്ടല്‍ കൊലപാതക/നിയമവിരുദ്ധ വധശിക്ഷാ കേസുകള്‍ അഞ്ചിരട്ടിയോളം വര്‍ധിച്ചു. ഇക്കാലയളവിനിടെ, ഒരാളെപ്പോലും ശിക്ഷിച്ചിട്ടില്ലെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. ഏറ്റുമുട്ടല്‍ കൊല/നിയമവിരുദ്ധ വധശിക്ഷയെ കൃത്യമായി നിര്‍വചിക്കാന്‍ ഒരു നിയമം ഇല്ല എന്നതാണ് ഇത്തരമൊരു ദുരവസ്ഥയ്ക്ക് ആക്കം കൂട്ടുന്നത്.

ആറ് വര്‍ഷം, 813 കൊലകള്‍

2016-17ല്‍ കൊലപാതക/നിയമവിരുദ്ധ വധശിക്ഷ കേസുകളുടെ എണ്ണം 25 ആയിരുന്നു. 2021-22ല്‍ അത് 124 ആയി ഉയര്‍ന്നതായാണ് ഫാക്ട്‌ചെക്കര്‍ (www.factchecker.in) കണ്ടെത്തല്‍. 2016-17 മുതല്‍ 2021-22 (2022 മാര്‍ച്ച് 10 വരെ) വരെയുള്ള ആറ് വര്‍ഷത്തിനിടെ രജിസ്റ്റര്‍ ചെയ്ത ഏറ്റുമുട്ടല്‍ കൊലപാതക കേസുകളില്‍ 15 ശതമാനം കുറവു വന്നപ്പോള്‍, കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ കേസുകള്‍ 69.5 ശതമാനം വര്‍ധിച്ചു. എന്നാല്‍, ഒരാള്‍ പോലും ശിക്ഷിക്കപ്പെട്ടിട്ടില്ല. ഇക്കാലത്തിനിടെ, ഒരിക്കല്‍ മാത്രമാണ് അച്ചടക്ക നടപടിയോ പ്രോസിക്യൂഷനോ വേണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ (എന്‍എച്ച്ആര്‍സി) ശുപാര്‍ശ ചെയ്തിരുന്നതെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് തന്നെ ഈവര്‍ഷം മാര്‍ച്ചില്‍ രാജ്യസഭയെ അറിയിച്ചിരുന്നു. അതേസമയം, ആറ് വര്‍ഷത്തിനിടെ മൊത്തം 7.16 കോടിയുടെ നഷ്ടപരിഹാരത്തിനായി കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരുന്നു.

ആറു വര്‍ഷത്തിനിടെ, കോവിഡ് കാലത്ത് മാത്രമാണ് കേസുകളില്‍ ഇടിവ് വന്നത്. 2019-20ല്‍ 112 കേസുകളായിരുന്നത് 2020-21ല്‍ 82 കേസുകളായി താഴ്ന്നു. എന്നാല്‍ തൊട്ടടുത്ത വര്‍ഷം 139 കേസുകളാണ് ഉണ്ടായത്, അതായത് 69.5 ശതമാനം വര്‍ധന. 2016 ഏപ്രിലിനുശേഷം, ഛത്തീസ്ഗഢിലാണ് ഏറ്റവും കൂടുതല്‍ ഏറ്റുമുട്ടല്‍ കൊലകള്‍ അല്ലെങ്കില്‍ നിയമവിരുദ്ധ വധശിക്ഷകള്‍ ഉണ്ടായിട്ടുള്ളത്. ഇക്കാലയളവില്‍ 259 കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഉത്തര്‍പ്രദേശ് 110, അസം 79 എന്നിങ്ങനെയാണ് രണ്ടും മൂന്നും സ്ഥാനങ്ങള്‍.

ആറു വര്‍ഷത്തെ മൊത്തം കേസുകളുടെ എണ്ണത്തില്‍ ഛത്തീസ്ഗഢാണ് മുന്നിലെങ്കിലും, കേസുകളുടെ കാര്യത്തില്‍ 62.6 ശതമാനം ഇടിവുണ്ടായിട്ടുണ്ട്. അസമിലും 45 ശതമാനത്തോളം കേസുകള്‍ കുറഞ്ഞിരുന്നു (2020-21ല്‍ അസമില്‍ നാല് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. തൊട്ടടുത്ത വര്‍ഷം അത് 17 ആയി വര്‍ധിച്ചിരുന്നു). അതേസമയം, ഉത്തര്‍പ്രദേശില്‍ കേസുകളുടെ എണ്ണം രണ്ട് മടങ്ങ് വര്‍ധിച്ചു. 2017-18 വര്‍ഷത്തിലാണ് ഏറ്റവും കൂടുതല്‍ നിയമവിരുദ്ധ വധശിക്ഷകള്‍ സംസ്ഥാനത്തുണ്ടായത്. അതേവര്‍ഷം തന്നെയാണ് ബിജെപി സര്‍ക്കാര്‍ സംസ്ഥാനത്ത് അധികാരത്തിലെത്തിയതെന്നും ശ്രദ്ധേയം. യുപി പോലീസിന്റെ അനൗദ്യോഗിക മിഷനായ, 'ഓപ്പറേഷന്‍ ലംഗ്ഡ' വഴി 8,472 ഏറ്റുമുട്ടലുകളിലൂടെ 3,300ല്‍ അധികം ക്രിമിനലുകളെ വെടിവച്ച് പരുക്കേല്‍പ്പിച്ചതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ, ഏറ്റവും കൂടുതല്‍ നിയമവിരുദ്ധ വധശിക്ഷകള്‍ നടന്നത് ജമ്മു-കാശ്മീരിലാണ്. 38 നിയമവിരുദ്ധ വധശിക്ഷകളാണ് സംസ്ഥാനത്ത് നടന്നത്. ഛത്തീസ്ഗഢില്‍ 28 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. യുപിയിലും ജാര്‍ഖണ്ഡിലും ഒമ്പത് കേസുകള്‍ വീതമാണ് റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം, ഇത്തരം ഏറ്റുമുട്ടല്‍ കൊലകള്‍/നിയമവിരുദ്ധ വധശിക്ഷകളുടെ എണ്ണത്തില്‍, ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ടിലും ദേശീയ ക്രൈം റെക്കോഡ്‌സ് ബ്യൂറോ റിപ്പോര്‍ട്ടിലും പ്രകടമായ അന്തരമുണ്ടെന്നതാണ് ഏറെ ശ്രദ്ധേയം. ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ റിപ്പോര്‍ട്ട് പ്രകാരം, 2020ല്‍ മൂന്ന് കേസുകള്‍ മാത്രമാണുള്ളത്. കമ്മീഷന്‍ ഡേറ്റയില്‍ 2018-19ല്‍ 156 കേസുകളാണുള്ളത്. 2019-20ല്‍ 112, 2020-21ല്‍ 82 എന്നിങ്ങനെയാണ് കേസുകള്‍.

എന്താണ് നിയമം പറയുന്നത്?

ഓരോ വ്യക്തിക്കും ജീവിക്കാനും സ്വാതന്ത്ര്യത്തിനുമുള്ള അവകാശത്തിനൊപ്പം നിയമത്തിനു മുന്നില്‍ തുല്യതയ്ക്കുള്ള അവകാശവുമുണ്ട്. എന്നാൽ, ഏറ്റുമുട്ടല്‍/നിയമവിരുദ്ധമായ കൊലകളിലൂടെ കുറ്റവാളികള്‍ക്ക് ഭരണഘടന നൽകുന്ന മൗലികാവകാശങ്ങള്‍പോലും ലംഘിക്കപ്പെടുന്നു. ഏറ്റുമുട്ടല്‍ കൊലകളെ കൃത്യമായി നിര്‍വചിക്കുന്ന ഏതെങ്കിലുമൊരു നിയമം നിലവിലില്ല. അതേസമയം, 'മനുഷ്യാവകാശ ലംഘനങ്ങളുടെ പേരില്‍ സംസ്ഥാനത്തെ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍' എന്നാണ് ദേശീയ ക്രൈം റെക്കോഡ്‌സ് ബ്യൂറോ അതിനെ വേര്‍തിരിച്ചിരിക്കുന്നത്.

എന്നിരുന്നാലും, 1860ലെ ഇന്ത്യന്‍ പീനല്‍ കോഡിലെ സെക്ഷന്‍ 96-106നു കീഴിലെ സ്വകാര്യ പ്രതിരോധത്തിനുള്ള അവകാശം അനുസരിച്ച്, ഏറ്റുമുട്ടല്‍ മരണം ഇന്ത്യയില്‍ കുറ്റമായി കണക്കാക്കാന്‍ പാടില്ലാത്ത ചില സാഹചര്യങ്ങളുണ്ട്. പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മാത്രമല്ല, രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും ബാധകമായ ഈ നിയമത്തിന് കീഴില്‍, സ്വയം പ്രതിരോധിക്കാന്‍ എടുത്ത നടപടി മൂലമുണ്ടാകുന്ന ഏറ്റുമുട്ടലില്‍ മരണം ക്രിമിനല്‍ കുറ്റമായി കണക്കാക്കില്ല. അതായത്, സ്വയം പ്രതിരോധത്തിനായോ ക്രമസമാധാനം പരിപാലിക്കുന്നതിനായോ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ക്രിമിനലുകളെ മുറിവേല്‍പ്പിക്കാം. പക്ഷേ, അവരുടെ ഉദ്ദേശ്യത്തില്‍ സൂക്ഷ്മമായി പരിശോധിക്കേണ്ടതുണ്ട്. നിയമപ്രകാരം കൊലയെ ന്യായീകരിക്കാന്‍ കഴിയുന്നില്ലെങ്കില്‍, പോലീസ് ഉദ്യോഗസ്ഥന്‍ നിര്‍ബന്ധമായും നരഹത്യക്ക് വിചാരണ നേരിടണം.

എന്‍എച്ച്ആര്‍സി മാര്‍ഗനിര്‍ദേശങ്ങള്‍

1997ലെ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം, എല്ലാ സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളും ഇനി പറയുന്ന നിര്‍ദേശങ്ങള്‍ നിര്‍ബന്ധമായും പാലിക്കേണ്ടതാണ്.

  • ഏറ്റുമുട്ടല്‍ മരണം സംഭവിച്ച വിവരം ലഭിച്ചാലുടന്‍ പോലീസ് സ്‌റ്റേഷനില്‍ ചുമതലയിലുള്ള ഉദ്യോഗസ്ഥന്‍ ഇക്കാര്യം കൃത്യമായി രജിസ്റ്റര്‍ ചെയ്യണം.

  • ആരോപണവിധേയന്റെ മരണത്തിലേക്ക് നയിച്ച വസ്തുതകള്‍, സാഹചര്യങ്ങള്‍ എന്നിവയെക്കുറിച്ച് അനേഷിക്കാനുള്ള നടപടികള്‍ എത്രയുംവേഗം കൈക്കൊള്ളണം.

  • ഏറ്റുമുട്ടലില്‍ പൊലീസ് തന്നെ ഉള്‍പ്പെട്ടിരിക്കുന്നതിനാല്‍, അന്വേഷണം സംസ്ഥാന ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് പോലുള്ള സ്വതന്ത്ര ഏജന്‍സിയെ ഏല്‍പ്പിക്കണം.

  • ്അന്വേഷണം നാലു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണം. അന്വേഷണഫലത്തില്‍ പ്രോസിക്യൂഷനില്‍ എത്തുകയാണെങ്കില്‍, വേഗത്തിലുള്ള വിചാരണയ്ക്കുള്ള നടപടികള്‍ സ്വീകരിക്കണം.

  • ശിക്ഷയില്‍ അവസാനിക്കുന്ന കേസുകളില്‍ മരണപ്പെട്ടയാളുടെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്ന കാര്യം പരിഗണിക്കാം.

  • മനഃപൂര്‍വമല്ലാത്ത നരഹത്യയുടെ പേരില്‍ പോലീസിനെതിരെ പരാതിപ്പെടുമ്പോള്‍ ഐപിസിയുടെ ഉചിതമായ വകുപ്പുകള്‍ പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണം.

  • പോലീസ് നടപടി മൂലമുള്ള എല്ലാ മരണങ്ങളിലും മൂന്ന് മാസത്തിനുള്ളില്‍ ഒരു മജിസ്ട്രേറ്റ് അന്വേഷണം നടത്തണം.

  • പോലീസ് നടപടി മൂലമുള്ള എല്ലാ മരണങ്ങളും, മരണം സംഭവിച്ച് 48 മണിക്കൂറിനുള്ളില്‍ ജില്ലയിലെ സീനിയര്‍ പോലീസ് സൂപ്രണ്ട് അല്ലെങ്കില്‍ പോലീസ് സൂപ്രണ്ട് ദേശീയ മനുഷ്യാവകാശ കമ്മീഷനെ അറിയിക്കണം.

  • പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്, ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്, മജിസ്റ്റീരിയല്‍ അന്വേഷണത്തിലെ കണ്ടെത്തലുകള്‍, മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ അന്വേഷണങ്ങള്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ഉള്‍പ്പെടുന്ന രണ്ടാമത്തെ റിപ്പോര്‍ട്ട് മൂന്ന് മാസത്തിനകം ദേശീയ മനുഷ്യാവകാശ കമ്മീഷന് സമര്‍പ്പിക്കണം.

കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ ഉണ്ടെങ്കിലും പല സംസ്ഥാനങ്ങളും പാലിക്കുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ ഇത്തരം കേസുകളില്‍ യാതൊരുവിധ പ്രോസിക്യൂഷനുകളും ശിക്ഷകളും ഉണ്ടായിട്ടില്ല. മിക്ക സംസ്ഥാനങ്ങളും കമ്മീഷന്‍ ശുപാര്‍ശകള്‍ യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ പാലിക്കുന്നില്ലെന്നാണ്, 2010ല്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ തന്നെ പ്രസ്താവിച്ചിരുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ