ഇടക്കാല ജാമ്യം നീട്ടി നല്‍കണമെന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഹര്‍ജിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) ഡല്‍ഹി കോടതിയില്‍. തടവിലായതിന് ശേഷം ആറ് കിലോഗ്രാം കുറഞ്ഞെന്നും ആരോഗ്യം മോശമാണെന്നും പറഞ്ഞായിരുന്നു കെജ്‌രിവാള്‍ ജാമ്യം നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ടത്.
തന്റെ പെട്ടെന്നുള്ള ഭാരക്കുറവ് മാരകമായ രോഗത്തിന്റെ ലക്ഷണമാണെന്നായിരുന്നു കഴിഞ്ഞ ദിവസം കെജ്‌രിവാള്‍ മാധ്യമങ്ങളോട് പറഞ്ഞത്. ഇടക്കാല ജാമ്യം നീട്ടണമെന്ന് കെജ്‌രിവാള്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. സാധാരണ ജാമ്യത്തിന് വേണ്ടി വിചാരണ കോടതിയില്‍ സമീപിക്കാമെന്ന് പറഞ്ഞ് സുപ്രീം കോടതി കെജ്‌രിവാളിന്റെ ഹര്‍ജി തള്ളിക്കളയുകയായിരുന്നു. തുടര്‍ന്ന് കെജ്‌രിവാള്‍ ഡല്‍ഹിയിലെ റോസ് ഹൗസ് കോടതിയെ സമീപിക്കുകയായിരുന്നു. കേസില്‍ ഡല്‍ഹി കോടതി ജൂണ്‍ അഞ്ചിന് വിധി പറയും.
രോഗസാധ്യത തിരിച്ചറിയാന്‍ തനിക്ക് ഏഴ് ദിവസത്തെ വൈദ്യപരിശോധന ആവശ്യമാണെന്ന കെജ്‌രിവാളിന്റെ വാദത്തെ ഇ ഡി തള്ളിക്കളഞ്ഞു. അരവിന്ദ് കെജ്‌രിവാള്‍ ഒരു കിലോഗ്രാം ഭാരം കൂടിയിട്ടുണ്ടെന്നും ഇഡി വാദിച്ചു. വൈദ്യപരിശോധനയ്ക്ക് പകരം അദ്ദേഹം രാജ്യം മുഴുവന്‍ സഞ്ചരിക്കുകയാണെന്നും ഇ ഡി പറയുന്നു. സാധാരണ ജാമ്യം നേടുന്നതിനാണ് സുപ്രീം കോടതി കെജ്‌രിവാളിനോട് വിചാരണക്കോടതിയെ സമീപിക്കാന്‍ നിര്‍ദേശിച്ചതെന്നും നീട്ടി നല്‍കാനല്ലെന്നും ഇ ഡി കൂട്ടിച്ചേര്‍ത്തു. ഞായറാഴ്ച കീഴടങ്ങുമെന്ന് കെജ്‌രിവാള്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിട്ടുണ്ടെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ചൂണ്ടിക്കാട്ടി.
''കീഴടങ്ങുന്നതിന് മുമ്പ് അദ്ദേഹം ഒരു അവസരം എടുക്കുകയാണോ? അദ്ദേഹം സ്വമേധയാ കീഴടങ്ങില്ല. കഴിഞ്ഞ ദിവസത്തെ വാര്‍ത്താ സമ്മേളനം ഞങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. ജാമ്യം അവസാനിക്കുന്ന സുപ്രീം കോടതിയുടെ തീയ്യതിയില്‍ മാറ്റം വരുത്താന്‍ സാധിക്കില്ല,'' അദ്ദേഹം കോടതിയില്‍ വ്യക്തമാക്കി. ജൂണ്‍ രണ്ടിന് കീഴടങ്ങണമെന്ന് കോടതിയുടെ ഉത്തരവുണ്ടെന്നും മേത്ത പറയുന്നു.
മാർച്ച് 21നായിരുന്നു ഡൽഹി മദ്യനയക്കേസിൽ അരവിന്ദ് കെജ്രിവാളിനെ ഇ ഡി അറസ്റ്റ് ചെയ്തത്. തിഹാര്‍ ജയിലിൽ കഴിഞ്ഞിരുന്ന കെജ്‌രിവാളിന് മെയ് ഏഴിനാണ് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്.