ഹരിയാനയിലെ വര്‍ഗ്ഗീയ കലാപത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ നടക്കുന്ന പ്രതിഷേധ പ്രകടനങ്ങളില്‍ മുൻകരുതലുകള്‍ സ്വീകരിക്കാൻ നിർദേശിച്ച് സുപ്രീംകോടതി. വിദ്വേഷ പ്രസംഗങ്ങളും അക്രമങ്ങളും നടക്കുന്നില്ലെന്ന് ഉറപ്പാക്കണം. പ്രതിഷേധം അക്രമാസക്തമാകുന്ന സാഹചര്യം കണക്കിലെടുത്ത് സിസിടിവി ഉള്‍പ്പെടെയുള്ള സംവിധാനമൊരുക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.
ഹരിയാനയിലെ നുഹിലും ഗുരുഗ്രാമിലും സംഘർഷം കനത്തതിന് പിന്നാലെ ഡല്‍ഹിയിലെ വിവിധയിടങ്ങളില്‍ വിശ്വഹിന്ദു പരിഷത്തും ബജ്‌റംഗ്ദളും വലിയ പ്രതിഷേധ പ്രകടനങ്ങളാണ് നടത്തിവരുന്നത്.
പ്രതിഷേധ മാര്‍ച്ചിലെ വീഡിയോകളും ഫോട്ടോകളും പകര്‍ത്താനും അധികാരികളോട് കോടതി നിര്‍ദേശിച്ചു
ഡല്‍ഹിയിലെ വിവിധ ഇടങ്ങളില്‍ ഈ രണ്ട് സംഘടനകളും സംഘടിപ്പിച്ചിട്ടുള്ള റാലികള്‍ തടയണമെന്നാവശ്യപ്പെട്ട് വിവിധ ഹര്‍ജികള്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിക്കപ്പെട്ടിരുന്നു. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് നടന്ന പ്രത്യേക സിറ്റിങ്ങിലാണ് പ്രതിഷേധ മാര്‍ച്ചില്‍ അക്രമങ്ങളുണ്ടാകരുതെന്ന് ഉറപ്പാക്കാന്‍ ഡല്‍ഹി പോലീസിനോടും ഉത്തര്‍പ്രദേശ് ഹരിയാന സര്‍ക്കാരുകളോടും കോടതി ആവശ്യപ്പെട്ടത്. പ്രതിഷേധ മാര്‍ച്ചിലെ വീഡിയോകളും ഫോട്ടോകളും പകര്‍ത്താനും കോടതി നിര്‍ദേശിച്ചു.
വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരെ കേസെടുക്കാമെന്ന് 2022 ഒക്ടോബറിലെയും 2023 ഏപ്രിലിലെയും സുപ്രീംകോടതി വിധികള്‍ വ്യക്തമാക്കുന്നുണ്ട്. ഈ ഉത്തരവ് ഓര്‍മിപ്പിച്ചാണ് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ജസ്റ്റിസ് വി ഭട്ടി എന്നിവരടങ്ങിയ ബെഞ്ച് വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരായ നടപടിയില്‍ വിട്ടുവീഴ്ചയുണ്ടാകരുതെന്ന് നിർദേശിച്ചത്. അര്‍ധ സൈനിക വിഭാഗമുൾപ്പെടെയുള്ളവരെ പ്രദേശത്ത് വിന്യസിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വിദ്വേഷ പ്രസംഗങ്ങള്‍ കലാപങ്ങളുണ്ടാക്കുമെന്നതില്‍ യാതൊരു സംശയവുമില്ല. അക്രമങ്ങളും വിദ്വേഷ പ്രസംഗങ്ങളുമുണ്ടാകാതിരിക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കണം. കലാപമുണ്ടായേക്കും എന്ന് തോന്നുന്ന എല്ലായിടത്തും വിഡീയോയും ദൃശ്യങ്ങളും പകര്‍ത്താനുള്ള സംവിധാനവും ഏര്‍പ്പെടുത്തണം'. ജസ്റ്റിസ് ഖന്ന അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജുവിനോട് പറഞ്ഞു.
ഡല്‍ഹിയുടെ അയല്‍ സംസ്ഥാനമായ ഹരിയാനയിലുണ്ടായ വര്‍ഗീയ സംഘര്‍ഷത്തില്‍ ആറ് പേര്‍ കൊല്ലപ്പെടുകയും വന്‍ നാശനഷ്ടടങ്ങളുണ്ടാകുകയും ചെയ്തിരുന്നു. ഇതില്‍ പ്രതിഷേധിച്ച് വിശ്വഹിന്ദു പരിഷത്ത്, ബജ്‌റംഗ്ദള്‍ എന്നീ സംഘടനകളെ പിന്തുണക്കുന്നവർ മുപ്പതോളം പ്രതിഷേധ പ്രകടനങ്ങളാണ് നടത്തിയത്. ഹരിയാനയിലുണ്ടായ സംഭവങ്ങളെ ദേശീയ അന്വേഷണ ഏജന്‍സികളെ കൊണ്ട് അന്വേഷിപ്പിക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
തിങ്കളാഴ്ച ഒരു മസ്ജിദ് കത്തിക്കുകയും ഒരു പുരോഹിതന്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു
ഹര്‍ജിക്കാരുടെ അഭിഭാഷകന്‍ സിയു സിങ്, ജസ്റ്റിസ് അനിരുദ്ധ ബോസിന്റെ ബെഞ്ചിനെ അടിയന്തര ഇടപെടലിനായി സമീപിക്കുകയായിരുന്നു. ഡല്‍ഹിയില്‍ നിന്ന് വെറും 80 കിലോമീറ്റര്‍ അകലെ ദൂരം മാത്രമുള്ള ഹരിയാനയിലെ നൂഹിലാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. വിശ്വഹിന്ദു പരിഷത്തിന്റെയും ബജ്‌റംഗദളിന്റെയും നേതൃത്വത്തില്‍ നടന്ന ഘോഷയാത്രയ്ക്കിടെയുണ്ടായ സംഭവങ്ങളാണ് കലാപത്തിന് തുടക്കമിട്ടത്.
സംഘർഷത്തിന് വഴിവച്ചത് പശുക്കടത്ത് ആരോപിച്ച് ഹരിയാനയിൽ രണ്ട് മുസ്ലിം യുവാക്കളെ ചുട്ടുകൊന്ന കേസിലെ പ്രതിയും സംഘപരിവാർ പ്രവർത്തകനുമായ മോനു മനേസറും സംഘവും ഘോഷയാത്രയിൽ പങ്കാളികളായതാണ് . ഘോഷയാത്രയുടെ ഭാഗമായി വിഎച്ച്‌പി പ്രവർത്തകൻ സമൂഹമാധ്യമത്തിൽ എതിർസമുദായത്തെ വെല്ലുവിളിക്കുന്നതും പ്രകോപനപരവുമായ പോസ്റ്റിട്ടതും ഏറ്റുമുട്ടലിന് വഴിയൊരുക്കി. ഘോഷയാത്രയ്ക്ക് നേരെ വെടിവയ്പും കല്ലേറുമുണ്ടായിരുന്നു. 2500 പേര്‍ കലാപത്തെ തുടര്‍ന്ന് ക്ഷേത്രത്തില്‍ അഭയം പ്രാപിച്ചിരുന്നു.
തിങ്കളാഴ്ച ഒരു മസ്ജിദ് കത്തിക്കുകയും ഒരു പുരോഹിതന്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നിരവധി കടകളും വ്യാപാര സ്ഥാപനങ്ങളും അക്രമിക്കപ്പെടുകയാണ്. ഇന്റര്‍നെറ്റ് സേവനങ്ങളും താല്‍ക്കാലികമായി റദ്ദാക്കിയിരിക്കുകയാണ്.