INDIA

മഹുവ മൊയ്ത്ര പുറത്തേക്കോ? എത്തിക്‌സ് കമ്മിറ്റി റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ വച്ചു; ബഹളം, സഭ താത്കാലികമായി നിർത്തിവച്ചു

ഇപ്പോള്‍ നടക്കുന്നത് വസ്ത്രാക്ഷേപമാണെന്നും ഇനി മഹാഭാരത യുദ്ധം കാണാമെന്നുമായിരുന്നു പാര്‍ലമെന്റിലേക്ക് പോകുന്നതിന് മുന്‍പ് മഹുവ മാധ്യമങ്ങളോട് പ്രതികരിച്ചത്

വെബ് ഡെസ്ക്

ചോദ്യത്തിന് കോഴ ആരോപണത്തിൽ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരായ എത്തിക്സ് കമ്മിറ്റി റിപ്പോർട്ട് പാർലമെൻ്റിൽ സമർപ്പിച്ചു. ഉച്ചയ്ക്ക് പന്ത്രണ്ടിന് എത്തിക്‌സ് കമ്മിറ്റി അധ്യക്ഷന്‍ ബിജെപിയുടെ വിനോദ് കുമാര്‍ സോങ്കറാണ് റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ വെച്ചത്. ഇതിനുപിന്നാലെ വലിയ പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് സഭ ഉച്ചയ്ക്ക് രണ്ടു വരെ നിര്‍ത്തിവച്ചു. ഇപ്പോള്‍ നടക്കുന്നത് വസ്ത്രാക്ഷേപമാണെന്നും ഇനി മഹാഭാരത യുദ്ധം കാണാമെന്നുമായിരുന്നു പാര്‍ലമെന്റിലേക്ക് പോകുന്നതിന് മുന്‍പ് മഹുവ മാധ്യമങ്ങളോട് പ്രതികരിച്ചത്.

ശീതകാലസമ്മേളനത്തിന്റെ ആദ്യ ദിവസമായ ഡിസംബർ നാലിന് എത്തിക്സ് കമ്മിറ്റി റിപ്പോർട്ട് ലോക്സഭ അജണ്ടയിൽ പട്ടികപ്പെടുത്തിയെങ്കിലും റിപ്പോർട്ട് പരിഗണിച്ചിരുന്നില്ല.

പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ കോഴ വാങ്ങിയെന്ന് ആരോപണത്തെത്തുടർന്ന് തൃണമൂൽ എംപി മഹുവ മൊയ്ത്രയെ പാർലമെൻറിൽനിന്ന് പുറത്താക്കണമെന്നാണ് റിപ്പോർട്ട് ശിപാർശ ചെയ്യുന്നത്. വിഷയത്തിൽ അംഗങ്ങളെല്ലാം സഭയിൽ ഹാജരാകണമെന്ന് വിപ്പ് നൽകിയിട്ടുണ്ട്. അതേസമയം, മഹുവ മൊയ്ത്രയെ പുറത്താക്കാനുള്ള നടപടിയെ എതിർക്കുമെന്ന് 'ഇന്ത്യ' മുന്നണി അറിയിച്ചിട്ടുണ്ട്.

മഹുവ മൊയ്‌ത്രയുടെ കാര്യത്തിൽ തീരുമാനമുണ്ടാകുന്നതിന് മുമ്പ് സമിതിയുടെ ശിപാർശകൾ പാർലമെന്റിൽ ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോർട്ട് പരിഗണിക്കുന്നതോടെ സമ്പൂർണമായൊരു ചർച്ചയ്ക്ക് നിർബന്ധിക്കുമെന്നാണ് ബഹുജൻ സമാജ് പാർട്ടി എംപി ഡാനിഷ് അലി മാധ്യമങ്ങളോട് വ്യക്തമാക്കിയത്.

വിനോദ് കുമാർ സോങ്കറിന്റെ നേതൃത്വത്തിലുള്ള എത്തിക്‌സ് കമ്മിറ്റി മഹുവ മൊയ്‌ത്രയെ ലോക്‌സഭയിൽനിന്ന് പുറത്താക്കാനുള്ള ശിപാർശ സംബന്ധിച്ച റിപ്പോർട്ട് നവംബർ ഒൻപതിന് അംഗീകരിച്ചിരുന്നു . 500 പേജുള്ള റിപ്പോർട്ടാണ് കമ്മിറ്റി മൊയ്‌ത്രക്കെതിരെ തയാറാക്കിയത്. നാലിനെതിരെ ആറ് വോട്ടിനാണ് റിപ്പോര്‍ട്ട് പാസായത്. കോണ്‍ഗ്രസില്‍നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട പ്രണീത് കൗര്‍ മഹുവയ്‌ക്കെതിരെ വോട്ട് ചെയ്തു. എന്നാൽ, ഡാനിഷ് അലിയും കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരിയും ഉൾപ്പെടെ നിരവധി പ്രതിപക്ഷ നേതാക്കൾ റിപ്പോർട്ടിനെ എതിർത്തു.

അദാനിക്കെതിരെ പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ വ്യവസായി ദർശൻ ഹിരാനന്ദാനിയിൽനിന്ന് കോഴ വാങ്ങിയെന്നും ലോക്‌സഭയിലേക്ക് നേരിട്ട് ചോദ്യങ്ങൾ പോസ്റ്റ് ചെയ്യാനുള്ള എംപിയുടെ പാർലമെന്ററി ലോഗിൻ ഐഡി പങ്കുവച്ചെന്നുമുള്ള ആരോപണങ്ങളാണ് മഹുവയ്ക്കെതിരെ നിലനിൽക്കുന്നത്.

ഇന്ന് പാർലമെൻ്റിൽ റിപ്പോർട്ട് പരിഗണിക്കാനിരിക്കെ, എത്തിക്സ് കമ്മിറ്റിയുടെ ശുപാർശക്ക് അനുകൂലമായി സഭ വോട്ട് ചെയ്താൽ മാത്രമാകും മൊയ്ത്രയെ പുറത്താക്കാൻ കഴിയുക.

കെ സുരേന്ദ്രന് കേന്ദ്രത്തിന്റെ പിന്തുണ എത്രനാള്‍? രാജി ആവശ്യപ്പെട്ട് ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കള്‍

വയനാട്ടില്‍ സിപിഎം പാലം വലിച്ചെന്ന് സിപിഐ; തെരഞ്ഞെടുപ്പ് പ്രചാരണത്തേക്കാള്‍ ശ്രദ്ധകാട്ടിയത് പാര്‍ട്ടി സമ്മേളനങ്ങള്‍ക്കെന്ന് ആരോപണം

'സി കൃഷ്ണകുമാര്‍ പാലക്കാട്ട് മത്സരിച്ചത് ഗത്യന്തരമില്ലാതെ', പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു രണ്ടുപേരും മത്സരിക്കാന്‍ തയാറായില്ലെന്ന് സുരേന്ദ്രന്‍

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം