INDIA

രാമക്ഷേത്ര ചടങ്ങിന്റെ ക്ഷണം ലഭിച്ചവരിൽ ബാബരി മസ്ജിദ് മുൻ ഹർജിക്കാരനും

വെബ് ഡെസ്ക്

ഈ മാസം നടക്കാനിരിക്കുന്ന രാമക്ഷേത്ര ഉദ്‌ഘാടന ചടങ്ങിലേക്ക് ബാബരി കേസിലെ മുൻ ഹർജിക്കാരനും ക്ഷണം. രാമജന്മഭൂമി-ബാബറി മസ്ജിദ് ഭൂമി സംബന്ധിച്ച ഹർജിയിലെ വാദിക്കാരനായിരുന്ന ഇഖ്ബാൽ അൻസാരിക്കാണ് ചടങ്ങിലേക്ക് ക്ഷണം ലഭിച്ചത്. ശ്രീരാമജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റാണ് അൻസാരിയെ ക്ഷണിച്ചത്. രാം പാതയ്ക്ക് സമീപമുള്ള കോട്ടിയ പഞ്ജിതോളയിലുള്ള വീട്ടിലെത്തിയാണ് അദ്ദേഹത്തിന് ക്ഷണം കൈമാറിയത്.

രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാനുള്ള ഔപചാരിക ക്ഷണക്കത്തുമായി നിൽക്കുന്ന അൻസാരിയുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 2020 ഓഗസ്റ്റ് 5-ന് നടന്ന രാമക്ഷേത്രത്തിന്റെ 'ഭൂമിപൂജൻ' ചടങ്ങിൽ പങ്കെടുക്കാനുള്ള ക്ഷണവും ഇദ്ദേഹത്തിന് ലഭിച്ചിരുന്നു. ഡിസംബർ 30- ന് അയോധ്യയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വാഗതം ചെയ്‌ത നൂറുകണക്കിനാളുകളിൽ അൻസാരിയും ഉൾപ്പെടുന്നു. ഇഖ്ബാൽ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ പുഷ്പവൃഷ്ടി നടത്തുന്നതും ചില ദൃശ്യങ്ങളിലുണ്ടായിരുന്നു. ദർശനത്തിനായി പ്രധാനമന്ത്രി മോദി അയോധ്യ സന്ദർശിക്കുന്നത് ഭാഗ്യമായി കണക്കാക്കിയ അൻസാരി 'പ്രാൻ പ്രതിഷ്ഠ' ആചാരം പ്രധാനമന്ത്രി തന്നെ അനുഷ്ഠിക്കണമെന്ന് നിർദ്ദേശിച്ചു.

ഇഖ്ബാലിന്റെ പിതാവ് ഹാഷിം അൻസാരി ഭൂമി തർക്ക കേസിലെ ഏറ്റവും പ്രായം കൂടിയ ഹർജിക്കാരൻ ആയിരുന്നു. 2016-ൽ 95-ാം വയസ്സിൽ അദ്ദേഹം മരിച്ചതിന് ശേഷം ഇഖ്ബാൽ ആണ് കോടതിയിൽ കേസ് തുടർന്നുകൊണ്ടിരുന്നത്. 2019 നവംബർ 9-ന്, അയോധ്യയിലെ തർക്ക സ്ഥലത്ത് രാമക്ഷേത്രം നിർമിക്കുന്നതിനെ സുപ്രീം കോടതി പിന്തുണയ്ക്കുകയും ബാബരി പള്ളിക്ക് ബദൽ ആരാധനാലയം നിർമിക്കാൻ അഞ്ചേക്കർ സ്ഥലം കണ്ടെത്തണമെന്ന് വിധിക്കുകയും ചെയ്തിരുന്നു. ബാബരി മസ്ജിദുമായി ബന്ധപ്പെട്ട സുപ്രീം കോടതിയുടെ വിധിയെ മുസ്ലീം സമുദായം മാനിക്കുന്നുവെന്ന് അൻസാരി നേരത്തെ പറഞ്ഞിരുന്നു.

അയോധ്യാ തർക്കം കോടതിക്ക് പുറത്ത് പരിഹരിക്കുന്നത് സംബന്ധിച്ച നിർദേശങ്ങൾ ഹർജിക്കാരായ അൻസാരി, ഹാജി മഹ്ബൂബ്, മുഹമ്മദ് ഉമർ എന്നിവർ ശക്തമായി എതിർത്തിരുന്നു. അയോധ്യയിലെ പ്രാദേശിക മുസ്‌ലിംകളുടെ യോഗത്തിൽ മുസ്‌ലിംകൾ ബാബരി മസ്ജിദ് മറ്റൊരു സ്ഥലത്തേക്കും മാറ്റില്ലെന്ന് പ്രഖ്യാപിക്കുന്ന പ്രമേയം പാസാക്കിയിരുന്നു.

ജനുവരി 22 ന് ക്ഷേത്രത്തിൽ നടക്കുന്ന പ്രാൺ പ്രതിഷ്ഠ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള പ്രമുഖർ പങ്കെടുക്കുന്നതാണ്. ക്രിക്കറ്റ് താരങ്ങളും ബോളിവുഡ് താരങ്ങളുമടക്കം വിദേശത്തും സ്വദേശത്തും നിന്നുള്ള ഏഴായിരത്തിലധികം അതിഥികൾ ചടങ്ങിന്റെ ഭാഗമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്

സതീശനെതിരെ രൂക്ഷവിമർശനവുമായി സരിൻ, പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതുപക്ഷത്തിനൊപ്പം