മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ ചംപയ് സോറന്‍ ബിജെപിയില്‍ ചേരുന്നതായി പ്രഖ്യാപനം. ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനോട് ഇടഞ്ഞ് പാര്‍ട്ടി വിട്ട ചംപയ് സോറന്‍ ബിജെപിയില്‍ ചേര്‍ന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. നേരത്തെ പുറത്തുവന്ന അഭ്യൂഹങ്ങള്‍ ശരിവച്ചുകൊണ്ടാണ് ചംപയ് സോറന്റെ പ്രഖ്യാപനം. ബിജെപി നേതൃത്വത്തെ പുകഴ്ത്തിക്കൊണ്ട് പങ്കുവച്ച എക്‌സ് പോസ്റ്റിലാണ് ചംപയ് സോറന്റെ പ്രതികരണം.
ആദിവാസികളുടെ സ്വത്വവും നിലനില്‍പ്പും സംരക്ഷിക്കാനുള്ള ഈ പോരാട്ടത്തിന് കരുത്ത് പകരാന്‍ ബിജെപിയില്‍ ചേരാന്‍ തീരുമാനിച്ചു എന്ന് അര്‍ഥമാക്കുന്ന കുറിപ്പായിരുന്നു ചംപയ് സോറന്‍ പങ്കുവച്ചത്. 'ബാബ തിലക മാഞ്ചിയുടെയും സിഡോ-കന്‍ഹുവിന്റെയും ഭൂമിയില്‍ ഇന്ന് ബംഗ്ലാദേശി നുഴഞ്ഞുകയറ്റം ഒരു വലിയ പ്രശ്‌നമായി മാറിയിരിക്കുന്നു. നാട്ടുകാരുടെ ഭൂമി ഈ നുഴഞ്ഞുകയറ്റക്കാര്‍ കൈവശപ്പെടുത്തുന്നു. നമ്മുടെ അമ്മമാരുടെയും സഹോദരിമാരുടെയും പെണ്‍മക്കളുടെയും അന്തസ്സ് അപകടത്തിലാണ്. ബിജെപി മാത്രമാണ് ഈ വിഷയം ഗൗരവത്തോടെ കാണുന്നത്. മറ്റ് പാര്‍ട്ടികള്‍ വോട്ടിന് വേണ്ടി തദ്ദേശീയരുടെ വിഷയം അവഗണിക്കുന്നു. അതിനാല്‍, ആദിവാസികളുടെ സ്വത്വവും നിലനില്‍പ്പും സംരക്ഷിക്കാനുള്ള ഈ പോരാട്ടത്തില്‍, ഞാന്‍ ബിജെപിയോടൊപ്പം പ്രവര്‍ത്തിക്കുന്നു.' എന്നാണ് ചംപയ് സോറന്റെ പ്രതികരണം.
പിടിഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ചംപയ് സോറന്‍ ജെഎംഎം വിടുന്നതായി പ്രഖ്യാപിച്ചത്. ഇത് എന്റെ ജീവിതത്തിലെ പുതിയ അധ്യായം എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ചംപയ് ഇക്കാര്യം പറഞ്ഞത്.
ഞാന്‍ രാഷ്ട്രീയം ഉപേക്ഷിക്കുന്നില്ല. എനിക്ക് പിന്തുണയുമായി നിരവധിപ്പോരണ് പിന്നിലുള്ളത്. പഴയ അധ്യായം(ജെഎംഎം) അവസാനിച്ചു. ഇനി പുതിയ പാര്‍ട്ടിയില്‍'' - ന്യൂഡല്‍ഹിയില്‍ നിന്ന് തന്റെ സ്വഗ്രാമത്തില്‍ തിരിച്ചെത്തിയ ശേഷം ഓഗസ്റ്റ് 21 നായിരുന്നു പ്രഖ്യാപനം.
ഭൂമിതട്ടിപ്പു കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്ത ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെഎംഎം) നേതാവും മുഖ്യമന്ത്രിയുമായ ഹേമന്ത് സോറന്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയപ്പോഴാണ്, അറസ്റ്റിനു ശേഷം മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്ത ചംപയ് സോറന്‍ രാജിവയ്ക്കുന്നത്. പിന്നാലെ താന്‍ പാര്‍ട്ടിയില്‍ നിന്നും അവഹേളിക്കപ്പെട്ടുവെന്ന് ചംപയ് സോറന്‍ എക്സില്‍ എഴുതിയത് വലിയ വാര്‍ത്താ ശ്രദ്ധ നേടിയിരുന്നു. ജൂലൈ മൂന്നിനാണ് ചംപയ് സോറന്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും രാജിവയ്ക്കുന്നത്. അതിനും മൂന്നു ദിവസം മുമ്പ് തന്നെ മുഖ്യമന്ത്രി എന്ന രീതിയിലുള്ള തന്റെ ഔദ്യോഗിക പരിപാടികള്‍ പാര്‍ട്ടി റദ്ദാക്കിയിരുന്നു എന്നും മുഖ്യമന്ത്രി സ്ഥാനത്തു നിന്നും തന്നെ പുറത്തക്കുകയാണെന്ന് അറിയിച്ചില്ലെന്നും ചംപയ് സോറന്‍ കുറിപ്പില്‍ പറഞ്ഞിരുന്നു.
ജൂലൈ മൂന്നാം തീയ്യതി ജെഎംഎം എംഎല്‍എമാരും മറ്റ് ഇന്ത്യ സഖ്യ നേതാക്കളും ചേര്‍ന്ന് നടത്തിയ യോഗത്തില്‍ പങ്കെടുക്കുമ്പോള്‍ മാത്രമാണ് യോഗത്തിന്റെ അജണ്ട മനസിലാകുന്നതെന്നും ആ യോഗത്തില്‍ തന്നോട് രാജി ആവശ്യപ്പെടുമെന്നറിയുന്നതെന്നും ചംപയ് സോറന്‍ കുറിപ്പില്‍ പറയുന്നു. തന്റെ ആത്മാഭിമാനത്തിനു ക്ഷതമേറ്റെന്നും, ഒരുകാലത്തും അധികാരത്തോട് അമിതാസക്തിയുണ്ടാകാതിരുന്ന തന്നെ സഹപ്രവര്‍ത്തകര്‍ വേദനിപ്പിച്ചെന്നും അദ്ദേഹം കുറിച്ചു.