INDIA

'ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ കാനഡ ഇടപെട്ടു'; വിസ സര്‍വീസ് തല്‍ക്കാലം ആരംഭിക്കാനാവില്ലെന്ന് വിദേശകാര്യമന്ത്രി

ഇന്ത്യന്‍ സര്‍ക്കാരിൻ്റെ തീരുമാനം ഇരുരാജ്യങ്ങളിലെയും സാധാരണക്കാരുടെ ജീവിതം ദുസഹമാക്കുന്നുവെന്ന കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ പ്രസ്താവനക്ക് പിന്നാലെയാണ് ജയശങ്കറിന്റെ പ്രതികരണം.

വെബ് ഡെസ്ക്

ഇന്ത്യ-കാനഡ നയതന്ത്ര ബന്ധം വഷളാകുന്ന സാഹചര്യത്തില്‍ പുതിയ വെളിപ്പെടുത്തലുകളുമായി വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ കനേഡിയന്‍ നയതന്ത്രജ്ഞര്‍ ഇടപ്പെട്ടിരുന്നുവെന്നാണ് മന്ത്രി തുറന്നടിച്ചത്. ഇക്കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പിന്നീട് പുറത്തുവിടുമെന്നും കനേഡിയന്‍ പൗരന്മാര്‍ക്കുള്ള വിസ സര്‍വീസ് തല്‍ക്കാലം ആരംഭിക്കാനാകില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇടപെടലുകളില്‍ ആശങ്കയുള്ളത് കാരണമാണ് 41 നയതന്ത്രജ്ഞരെ പുറത്താക്കാനുള്ള തീരുമാനം കൈക്കൊണ്ടതെന്നും ജയശങ്കര്‍ പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്ത്യന്‍ സര്‍ക്കാര്‍ കനേഡിയന്‍ നയതന്ത്രജ്ഞരെ പുറത്താക്കിയത് ഇരുരാജ്യങ്ങളിലെയും ദശലക്ഷക്കണക്കിനാളുകളുടെ സാധാരണ ജീവിതം ദുസഹമാക്കുന്നുവെന്ന കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ പ്രസ്താവനക്ക് പിന്നാലെയാണ് ജയ്ശങ്കറിന്റെ പ്രതികരണം.

''കനേഡിയന്‍ ഉദ്യോഗസ്ഥര്‍ ഞങ്ങളുടെ കാര്യങ്ങളില്‍ തുടര്‍ച്ചയായി ഇടപെടുന്നതില്‍ ഞങ്ങള്‍ക്ക് ആശങ്കയുണ്ടായിരുന്നു. അതുകൊണ്ടാണ് ഞങ്ങള്‍ തുല്യത ആവശ്യപ്പെട്ടത്. ഞങ്ങള്‍ ഇത് കൂടുതല്‍ പരസ്യമാക്കിയിട്ടില്ല. കുറച്ച് സമയത്തിനുള്ളില്‍ കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവരും. അവരില്‍ പലരോടും ഞങ്ങള്‍ ചെയ്തതെന്താണെന്ന് ആളുകള്‍ക്ക് മനസ്സിലാകും''- ജയ്ശങ്കര്‍ പറഞ്ഞു.

ഇരുരാജ്യങ്ങളിലും എത്ര നയതന്ത്രജ്ഞര്‍മാരുണ്ടെന്ന തുല്യതയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിയന്ന കണ്‍വെന്‍ഷനിലൂടെ നയതന്ത്രജ്ഞന്‍മാരുടെ സമത്വം പ്രദാനം ചെയ്യുന്നുണ്ടെന്നും ഇത് പ്രസക്തമായ അന്താരാഷ്ട്ര നിയമമാണെന്നും ജയ്ശങ്കര്‍ വ്യക്തമാക്കി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം പ്രയാസകരമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് പറഞ്ഞ ജയ്ശങ്കര്‍ കാനഡയുടെ ചില പ്രവര്‍ത്തികളില്‍ മാത്രമേ വിയോജിപ്പുള്ളുവെന്നും കൂട്ടിച്ചേര്‍ത്തു.

''ഇപ്പോള്‍ ജനങ്ങളുടെ ആശങ്ക വിസയാണ്. സുരക്ഷ മുന്‍നിര്‍ത്തി കനേഡിയന്‍ പൗരന്മാര്‍ക്ക് വിസ അനുവദിക്കുന്നത് കുറച്ച് ആഴ്ചകള്‍ക്ക് മുമ്പ് ഞങ്ങള്‍ നിര്‍ത്തിയിരുന്നു. ഞങ്ങള്‍ അത് സൂക്ഷമമായി നിരീക്ഷിക്കുകയാണ്. നയതന്ത്രജ്ഞരുടെ സുരക്ഷ ഉറപ്പാക്കുക എന്നത് വിയന്ന കണ്‍വെന്‍ഷന്റെ ഏറ്റവും അടിസ്ഥാനപരമായ വശമാണ്. എന്നാല്‍ നമ്മുടെ ആളുകളും നയതന്ത്രജ്ഞരും സുരക്ഷിതരല്ലെന്നത് കാനഡയില്‍ വെല്ലുവിളി ഉയര്‍ത്തുന്നു. അവിടെ പുരോഗതി കാണുകയാണെങ്കില്‍ വിസയുടെ കാര്യങ്ങള്‍ പുനരാരംഭിക്കും''- ജയശങ്കര്‍ വ്യക്തമാക്കി.

ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്സ് മേധാവി ഹര്‍ദീപ് സിങ് നിജ്ജാര്‍ കാനഡയില്‍ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് കാനഡ ആരോപിച്ചിരുന്നു. ഇത് ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധത്തെ ഏറ്റവും മോശമായ രീതിയില്‍ ബാധിക്കുകയായിരുന്നു. പ്രശ്‌നങ്ങള്‍ ആരംഭിച്ച സമയത്ത് തന്നെ രാജ്യത്തെ നയതന്ത്ര പ്രാതിനിധ്യം കുറയ്ക്കാന്‍ ഇന്ത്യ കാനഡയോട് ആവശ്യപ്പെട്ടിരുന്നു.

തുടര്‍ന്ന് വാഗ്വാദങ്ങള്‍ക്കൊടുവില്‍ ഇന്ത്യയില്‍ നിന്ന് 41 നയതന്ത്ര ഉദ്യോഗസ്ഥരെ കാനഡ ദിവസങ്ങള്‍ക്ക് മുമ്പ് പിന്‍വലിച്ചിരുന്നു. നയതന്ത്ര ഉദ്യോഗസ്ഥരുടെ സുരക്ഷാപരിരക്ഷ ഇന്ത്യ എടുത്തുമാറ്റുമെന്ന് അറിയിച്ചതോടെയായിരുന്നു ഉദ്യോഗസ്ഥരെയും അവരുടെ കുടുംബാഗങ്ങളെയും കാനഡ തിരികെ വിളിച്ചത്.

ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ നവംബർ 26 ന്; രാഹുൽഗാന്ധിയും മമതയും ഉൾപ്പെടെ പ്രധാന നേതാക്കൾ ചടങ്ങില്‍ പങ്കെടുക്കും

'മുകേഷ് അടക്കമുള്ള നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കില്ല'; താൻ നേരിട്ട അതിക്രമത്തിന് നീതി വേണമെന്ന് നടി

മഹാരാഷ്ട്രയില്‍ ബിജെപി ചരിത്രവിജയം നേടിയതിനു പിന്നില്‍; ഇന്ത്യ മുന്നണിക്ക് പിഴച്ചതെവിടെ?

വയനാട് ലോക്സഭ എംപി ആയി പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ നാളെ; ആദ്യം ഉന്നയിക്കുക വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം