സംഘർഷം രൂക്ഷമായ മണിപ്പൂരിൽ അര്‍ദ്ധ സൈനിക വിഭാഗമായ അസം റൈഫിൾസിനെതിരെ കേസെടുത്തതിനെ വിമർശിച്ച് ഇന്ത്യൻ സൈന്യം. വംശീയ കലാപം രൂക്ഷമായ മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിൽ ഏർപ്പെട്ടിരിക്കുന്ന അസം റൈഫിൾസിന്റെ പ്രതിച്ഛായ മോശമാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് സൈന്യം പ്രസ്താവനയിൽ പറഞ്ഞു. തീവ്രവാദത്തിനെതിരായ പോലീസ് ഓപ്പറേഷൻ തടസ്സപ്പെടുത്തിയെന്നാരോപിച്ച് അസം റൈഫിൾസിനെതിരെ മണിപ്പൂർ പോലീസ് സ്വമേധയാ കേസെടുത്തതിന് പിന്നാലെയാണ് ഇന്ത്യൻ സൈന്യത്തിന്റെ പ്രതികരണം.
'മണിപ്പൂരിൽ ജനങ്ങളുടെ ജീവൻ സംരക്ഷിക്കാനും സമാധാനം പുനഃസ്ഥാപിക്കാനും വേണ്ടി നിരന്തരമായി ശ്രമിക്കുന്ന അര്‍ദ്ധ സൈനിക വിഭാഗമായ അസം റൈഫിള്‍സിന്റെ ഉദ്ദേശ്യം, സമഗ്രത, പങ്ക് എന്നിവ ചോദ്യം ചെയ്യുന്ന തരത്തിൽ ചില ശ്രമങ്ങൾ ഉണ്ടാകുന്നത് നിരാശയുണ്ടാക്കുന്നതാണ്. അതിനാൽ എത്രയും വേഗം മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിച്ച് സാധാരണ നിലയിലേക്ക് എത്തിച്ച് അത്തരം എല്ലാ തെറ്റിദ്ധാരണകളെയും ഇല്ലാതാക്കുന്നതായിരിക്കും' -സൈന്യത്തിന്റെ പ്രസ്താവനയിൽ പറയുന്നു. ഇതിനകം തന്നെ അസ്ഥിരമായ അന്തരീക്ഷത്തിൽ കൂടുതൽ അക്രമത്തിന് കാരണമാകുന്ന ഏതൊരു ശ്രമവും തടയുന്നതിനുള്ള പ്രവർത്തനങ്ങൾ തുടരുമെന്ന് ഇന്ത്യൻ ആർമിയും അസം റൈഫിൾസും മണിപ്പൂരിലെ ജനങ്ങൾക്ക് ഉറപ്പ് നൽകുന്നുവെന്നും പ്രസ്താവനയിൽ പറയുന്നു.
അസം റൈഫിൾസിന്റെ ഒൻപതാം ബറ്റാലിയനിലെ ഉദ്യോഗസ്ഥർ, കലാപ വിരുദ്ധ ഓപ്പറേഷൻ നടത്തുന്നതിൽ നിന്ന് സംസ്ഥാന പോലീസ് സേനയുടെ സംഘത്തെ തടഞ്ഞുവെന്നാണ് മണിപ്പൂരിലെ ഫൗഗക്‌ചാവോ ഇഖായ് പോലീസ് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ്‌ഐആറിൽ പറയുന്നത്. സംസ്ഥാനത്തെ ബിഷ്ണുപൂർ ജില്ലയിലെ ക്വാക്തയ്ക്ക് സമീപമുള്ള ഗ്രാമത്തിൽ പ്രവേശിക്കുന്നത് അസം റൈഫിൾസ് സേനാംഗങ്ങൾ മണിപ്പൂർ പോലീസ് ഉദ്യോഗസ്ഥരെ തടഞ്ഞ സംഭവവുമായി ബന്ധപ്പെട്ടതാണ് എഫ്‌ഐആർ.
അതിനിടെ, ബിഷ്ണുപൂരിൽ തമ്പടിച്ചിരുന്ന അസം റൈഫിൾസിലെ ഉദ്യോഗസ്ഥരെ ചൊവ്വാഴ്ച പിൻവലിച്ചിരുന്നു. അസം റൈഫിൾസിലെ ഉദ്യോഗസ്ഥർക്ക് പകരം സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സിനെയും (സിആർപിഎഫ്) സംസ്ഥാന പോലീസിനെയും വിന്യസിച്ചിട്ടുണ്ട്. എഡിജിപി (ലോ ആൻഡ് ഓർഡർ) എൽ കൈലുൻ ആണ് അക്രമബാധിത മേഖലയിൽ നിന്ന് അസം റൈഫിൾസിനെ മാറ്റാനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചത്. മണിപ്പൂരിൽ നിരവധി സ്ത്രീകൾ അർദ്ധസൈനിക വിഭാഗങ്ങൾക്കെതിരെ പ്രകടനം നടത്തിയതിനെ തുടർന്നാണ് തീരുമാനം. അർദ്ധസൈനിക വിഭാഗത്തിനെതിരെ പ്രതിഷേധിച്ച സ്ത്രീകൾ റോഡ് ഉപരോധിക്കുകയും ചെയ്തു.
അസം റൈഫിള്‍സിന് എതിരെ മെയ്തി വിഭാഗക്കാരും ഭരണപക്ഷമായ ബിജെപിയും നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. സേനാംഗങ്ങള്‍ പക്ഷപാതപരമായി ഇടപെടുന്നു എന്നായിരുന്നു ഇവരുടെ ആക്ഷേപം. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാന ബിജെപി നേതൃത്വം ഓഗസ്റ്റ് ഏഴിന് പ്രധാനമന്ത്രിക്ക് നിവേദനം സമര്‍പ്പിക്കുകയും ചെയ്തിരുന്നു. മണിപ്പൂരില്‍ നിന്ന് അസം റൈഫിള്‍സിനെ സ്ഥിരമായി പിന്‍വലിക്കണമെന്നാണ് ബിജെപി നേതൃത്വത്തിന്റെ ആവശ്യം. മണിപ്പൂരിന്റെ മ്യാന്‍മര്‍ അതിര്‍ത്തി മേഖലകളിലാണ് അസം റൈഫിള്‍സിന് സുരക്ഷാചുമതലയുള്ളത്.