INDIA

'ഭരണഘടനയുടെ ആത്മാവ് നശിപ്പിച്ചത് നെഹ്‌റു'; മോദിയുടെയും അനുരാഗ് താക്കൂറിന്റെയും ആരോപണത്തിന് പിന്നിലെ യാഥാർഥ്യം?

വെബ് ഡെസ്ക്

പതിനെട്ടാം ലോക്സഭയിലെ രാഷ്‌ട്രപതിയുടെ അഭിസംബോധനയ്ക്കുള്ള നന്ദി പ്രമേയചർച്ചയിൽ ബിജെപി എംപി അനുരാഗ് താക്കൂർ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവാണ് ഇന്ത്യൻ ഭരണണഘടനയുടെ ആത്മാവിനെ ഇല്ലാതാക്കിയതെന്ന് പ്രസ്താവിച്ചിരുന്നു. ആദ്യ സർക്കാർ അധികാരത്തിലേറി 15 മാസം പിന്നിടവെയായിരുന്നു ഭരണഘടന ആദ്യമായി ആക്രമിക്കപ്പെട്ടതെന്നും പിന്നീട് ഇന്ദിരാഗാന്ധി അതിനെ കൊലചെയ്തുവെന്നും ഹാമിർപുർ എം പി പറഞ്ഞു. ബിജെപി നേതൃത്വത്തിലുള്ള സർക്കാർ 'ഭരണഘടനയ്ക്ക് ഭീഷണി' ആണെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തെ എതിർത്ത് സംസാരിക്കവെ ആയിരുന്നു അനുരാഗ് താക്കൂർ ഒരിക്കൽ കൂടി നെഹ്‌റുവിനെ കുറ്റക്കാരനായി ചിത്രീകരിക്കാൻ ശ്രമിച്ചത്.

അനുരാഗ് താക്കൂർ

ഇതേകാര്യം നേരത്തെ നരേന്ദ്ര മോദിയും തന്റെ 'മൻ കി ബാത്' ചർച്ചയിൽ ഉന്നയിച്ചിരുന്നു. 2023 നവംബറിൽ പുറത്തുവന്ന 'മൻ കി ബാത്' എപ്പിസോഡിൽ ഇന്ത്യൻ ഭരണഘടനയുടെ ആദ്യ ഭേദഗതി "സംസാരിക്കാനും ആവിഷ്‌കാരത്തിനുമുള്ള സ്വാതന്ത്ര്യം വെട്ടിക്കുറച്ചു" എന്നത് ഖേദകരമാണെന്ന് മോദി പറഞ്ഞിരുന്നു. ശരിക്കും നെഹ്‌റു കൊണ്ടുവന്ന ആദ്യ ഭേദഗതി എന്താണ്? ആദ്യം മോദിയും പിന്നീട് അനുരാഗ് താക്കൂറും ചൂണ്ടിക്കാണിക്കുന്ന പ്രശ്നമെന്താണ്?

ആദ്യ ഭരണഘടന ഭേദഗതി

സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ആദ്യ മന്ത്രിസഭയ്ക്ക് 15 ദിവസങ്ങൾ മാത്രം പ്രായമുണ്ടായിരുന്നപ്പോഴാണ് ഭരണഘടന ആദ്യമായി ഭേദഗതി ചെയ്യപ്പെടുന്നത് (The First Constitutional Amendment Bill Of 1951). നെഹ്‌റു നേരിട്ടായിരുന്നു ഭേദഗതി സഭയിൽ അവതരിപ്പിച്ചത്. ഇതിലൂടെ അഞ്ച് മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ടെങ്കിലും അനുരാഗ് താക്കൂറും മോദിയും ചൂണ്ടിക്കാട്ടുന്നത് 19-ാം അനുച്ഛേദത്തിൽ കൊണ്ടുവന്ന മാറ്റങ്ങളെ കുറിച്ചാണ്.

ഓരോ ഇന്ത്യൻ പൗരനും അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പുനൽകുന്നതാണ് 19-ാം അനുച്ഛേദം. അതിന്റെ രണ്ടാം ഉപവകുപ്പിലാണ് നെഹ്‌റു 1951ൽ മാറ്റങ്ങൾ വരുത്തിയത്. അഭിപ്രായ സ്വാതന്ത്ര്യത്തിന് 'ന്യായമായ നിയന്ത്രണങ്ങൾ' ഏർപ്പെടുത്താനുള്ള സാഹചര്യം ഉണ്ടാക്കിയത് ഈ ഭേദഗതിയിലൂടെയാണ്. കൂടാതെ 'പൊതു ക്രമം', 'വിദേശ രാജ്യങ്ങളുമായുള്ള സൗഹൃദ ബന്ധം', 'സംസ്ഥാന സുരക്ഷ', എന്നിവയെ അപകടപ്പെടുകയോ 'കുറ്റകൃത്യത്തിന് പ്രേരണ' നൽകുകയോ ചെയ്യുന്നവയെ സംസാര സ്വാതന്ത്ര്യത്തിനും അഭിപ്രായപ്രകടനത്തിനുമുള്ള നിയന്ത്രണങ്ങളായി വ്യവസ്ഥ ചെയ്യുകയും ചെയ്തു.

നെഹ്റു പാർലമെന്‍റില്‍

അഭിപ്രായ സ്വാതന്ത്ര്യത്തിന് മേൽ 'ന്യായമായ' നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിൽനിന്ന് പാർലമെന്റിനെ എല്ലാ പൗരന്മാർക്കുമുള്ള അഭിപ്രായ പ്രകടനത്തിനുള്ള സ്വാതന്ത്ര്യം അനുവദിക്കുന്ന അനുച്ഛേദം 19(1)(എ) തടയുന്നതിനെ മറികടക്കുകയായിരുന്നു ശരിക്കും നെഹ്‌റു കൊണ്ടുവന്ന ഭേദഗതിയുടെ പിന്നിൽ. വർഗീയ വിദ്വേഷം പ്രസംഗിക്കുന്നത് ഉൾപ്പെടെ ഉള്ളവയെ അഭിപ്രായ സ്വാതന്ത്ര്യം എന്നതിന്റെ പരിധിയിൽനിന്ന് ഒഴിവാക്കുകയായിരുന്നു അതുകൊണ്ട് നെഹ്‌റു അർത്ഥമാക്കിയത്. ഭേദഗതി ബിൽ അവതരിപ്പിച്ച 1951, മെയ് 29ന് നെഹ്‌റു ഈ ഉദാഹരണം സഭയിൽ എടുത്തുപറയുകയും ചെയ്തിരുന്നു. രാഷ്ട്രത്തിന് ഗുരുതരമായ അപകടം സൃഷ്ടിക്കുന്നതിനെ മൗലികാവകാശമായി കാണാൻ സാധില്ലെന്നായിരുന്നു നെഹ്‌റുവിന്റെ നിലപാട്.

ഭേദഗതിക്ക് കാരണമായ കോടതി ഇടപെടലുകൾ

അഭിപ്രായ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ഭേദഗതി ചില പ്രതികൂല കോടതി വിധികളെ തുടർന്നായിരുന്നു ഉണ്ടായത്. ആർ എസ് എസിന്റെ മുഖമാസികയായ 'ഓർഗനൈസർ' പ്രസിദ്ധീകരിക്കും മുൻപ് സെൻസർ ചെയ്യുന്നതിനെ സുപ്രീംകോടതി വിലക്കിയത് പ്രധാനപ്പെട്ട കാരണമാണ്.

ബ്രിജ് ഭൂഷൺ vs ദ സ്‌റ്റേറ്റ് ഓഫ് ഡൽഹി കേസിലാണ് ഓർഗനൈസർ സെൻസർ ചെയ്യണമെന്ന ഡൽഹി ചീഫ് കമ്മീഷണറുടെ ഉത്തരവ് റദ്ദാക്കപ്പെട്ടത്. അതുപോലെ, റോമേഷ് ഥാപ്പർ vs ദ സ്റ്റേറ്റ് ഓഫ് മദ്രാസ് കേസിൽ, മദ്രാസ് മെയിൻ്റനൻസ് ഓഫ് പബ്ലിക് ഓർഡർ ആക്ട്, 1949 പ്രകാരം മദ്രാസിലെ ക്രോസ് റോഡ്സ് മാസികയ്ക്ക് ഏർപ്പെടുത്തിയ നിരോധനവും കോടതി എടുത്തുമാറ്റിയിരുന്നു.

ഇത്തരം കോടതി ഉത്തരവുകൾ വന്നതോടെയാണ് നെഹ്‌റു ഭേദഗതിയുമായി രംഗത്തുവരുന്നത്. വളരെ വ്യക്തമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി അഭിപ്രായ സ്വാതന്ത്ര്യത്തിന്മേൽ നിയന്ത്രണങ്ങൾ കൊണ്ടുവരികയായിരുന്നു ലക്ഷ്യം. അതേസമയം, ജുഡീഷ്യറിക്ക് ഓരോ കേസിലും ന്യായവാദങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കാനും ഭേദഗതിയിൽ അവസരമുണ്ടായിരുന്നു. ശരിക്കും ഈ വിഷയമാണ് നിലവിൽ മോദിയും അനുരാഗ് താക്കൂറും ഉൾപ്പെടെയുള്ളവർ ഭരണഘടനയുടെ ആത്മാവിനെ നെഹ്‌റു ഇല്ലാതാക്കിയെന്ന പേരിൽ അവതരിപ്പിച്ചിരിക്കുന്നത്.

പറന്നുയരാന്‍ ഒരുങ്ങി 'എയര്‍ കേരള'; മലയാളി വ്യവസായികളുടെ വിമാനക്കമ്പനിക്ക് പ്രവര്‍ത്തനാനുമതി നല്‍കി കേന്ദ്രം

'ട്രംപിനെ വീഴ്ത്താന്‍ മികച്ചവന്‍ ഞാന്‍ തന്നെ'; യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍നിന്ന് പിന്‍മാറില്ലെന്ന് ബൈഡന്‍

എത്യോപ്യ കഴിഞ്ഞാല്‍ ഗാസ; നടക്കുന്നത് നൂറ്റാണ്ടിലെ രണ്ടാമത്തെ വലിയ നരഹത്യ

'ഭിന്നശേഷിക്കാരെ പരിഹസിക്കരുത്'; മാധ്യമങ്ങളോടും സിനിമാക്കാരോടും സുപ്രീംകോടതി, മാര്‍ഗനിര്‍ദേശം പുറത്തിറക്കി

'ഞാന്‍ അസം ജനതയുടെ പടയാളി'; അസമിലെ പ്രളയ ബാധിത മേഖലകള്‍ സന്ദര്‍ശിച്ച് രാഹുല്‍ ഗാന്ധി