രാജ്യസഭാ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം വന്ന ഫെബ്രുവരി 27ന് കോൺഗ്രസ് എംപി നസീർ ഹുസൈന്റെ ആഹ്ളാദ പ്രകടനത്തിൽ പാകിസ്താൻ സിന്ദാബാദ് എന്ന മുദ്രാവാക്യം ഉയർന്നത് കർണാടകയിൽ വലിയ വിവാദമായിരിക്കുകയാണ്. നിയമസഭാമന്ദിരമായ വിധാൻ സൗധയുടെ ഇടനാഴിയിൽ നടന്ന കോൺഗ്രസിന്റെ ആഹ്ളാദ പ്രകടനത്തിനിടെ എങ്ങനെയാണ് പാക് അനുകൂല മുദ്രാവാക്യം കയറി വന്നത്? ബിജെപി രാഷ്ട്രീയ ആയുധമാക്കിയ ഈ സംഭവത്തിന്റെ വസ്തുത എന്താണ്?
രാജ്യസഭ എംപിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട സയിദ് നസീർ ഹുസൈനെ തോളിലേറ്റി ആഹ്ളാദാരവങ്ങളോടെ വിധാൻ സൗധയുടെ കോറിഡോറിലൂടെ കടന്നു വന്ന ആൾകൂട്ടത്തിൽ നിന്നാണ് 'പാകിസ്താൻ സിന്ദാബാദ്' എന്ന മുദ്രാവാക്യത്തിന് സമാനമായ ശബ്ദം കന്നഡ ചാനലുകളുടെ കാമറ ദൃശ്യങ്ങൾക്കൊപ്പം പുറത്തേക്കു കേട്ടത്. തത്സമയ സംപ്രേഷണത്തിനിടയിൽ ഈ മുദ്രാവാക്യം അധികമാരും ശ്രദ്ധിച്ചില്ലെങ്കിലും ബിജെപി ഐടി സെൽ തലവൻ അമിത് മാളവ്യ എക്‌സിൽ വീഡിയോ സഹിതം പോസ്റ്റിട്ടതോടെയാണ് വിവാദമായി കത്തിപ്പടർന്നത്.
"കോൺഗ്രസിന്റെ അടങ്ങാത്ത പാകിസ്താൻ അഭിനിവേശം" എന്ന കുറിപ്പോടെയായിരുന്നു അമിത് മാളവ്യയുടെ കുറിപ്പ്. വൈകാതെ രാജീവ് ചന്ദ്രശേഖർ, സി ടി രവി അടക്കമുള്ള മുതിർന്ന നേതാക്കളും സമാന ആരോപണം ഉയർത്തി സമൂഹ മാധ്യമങ്ങളിൽ വീഡിയോ പങ്കുവെച്ച് പോസ്റ്റിട്ടു. സംഭവം രാജ്യമാകെയുള്ള ബിജെപി സമൂഹമാധ്യമ ഹാൻഡിലുകൾ ഏറ്റുപിടിച്ചു.
യഥാർഥത്തിൽ നിയമസഭയുടെ കോറിഡോറിൽ പാക് അനുകൂല മുദ്രാവാക്യം മുഴങ്ങിയോ? ഇല്ലെന്നാണ് രാജ്യസഭാ തിരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്യാൻ രാവിലെ മുതൽ രാത്രി 9 മണിയോളം നിയമസഭാ മന്ദിരത്തിൽ ഉണ്ടായിരുന്ന ന്യൂസ് ഏജൻസിയായ എഎൻഐയുടെ റിപ്പോർട്ടർ മധു നായിക് പറയുന്നത്. സംഭവം വിവാദമായ ഉടനെതന്നെ നടന്ന സംഭവം വിശദീകരിച്ച് മധു എക്‌സിൽ ദൃശ്യങ്ങൾ സഹിതം പോസ്റ്റിട്ടിരുന്നു. ഏതാനും കന്നഡ ചാലനുകളാണ് 'പാകിസ്താൻ സിന്ദാബാദ്' എന്ന് ആഹ്ളാദ പ്രകടനത്തിലെ മുദ്രാവാക്യത്തെ വളച്ചൊടിച്ചതെന്നാണ് സംഭവം കണ്ടുനിന്ന ആളെന്ന നിലയിൽ മധു വ്യക്തമാക്കിയിരിക്കുന്നത്.
'നസീർ സാബ് സിന്ദാബാദ്', 'നസീർ ഹുസ്സൈൻ സിന്ദാബാദ് ', 'കോൺഗ്രസ് പാർട്ടി സിന്ദാബാദ്', എന്നിവയായിരുന്നു ആഹ്ളാദ പ്രകടനത്തിലെ മുദ്രാവാക്യങ്ങളെന്നു കോൺഗ്രസും എം പി നസീർ ഹുസൈനും സമർത്ഥിച്ചെങ്കിലും ബിജെപി അടങ്ങിയില്ല. ബെംഗളൂരു പോലീസ് സ്വമേധയാ കേസെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. പിറ്റേ ദിവസം നിയമസഭയ്ക്ക് അകത്തും പുറത്തും ബിജെപി ഈ വിഷയം രാഷ്ട്രീയമായി ഉപയോഗിച്ച് കർണാടക സർക്കാരിനെതിരെ തിരിഞ്ഞു. അന്വേഷണം നടക്കുന്നുണ്ടെന്നും ശബ്ദ സാമ്പിൾ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കി പാക് അനുകൂല മുദ്രാവാക്യമെങ്കിൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യയും ആഭ്യന്തര മന്ത്രി ജി പരമേശ്വരയും ഉറപ്പു നൽകി. ഉറപ്പിൽ വിശ്വാസമില്ലെന്ന് വ്യക്തമാക്കി ബിജെപി നാട് നീളെ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. മുസ്ലീങ്ങൾക്ക് വേണ്ടി മാത്രം നിലകൊള്ളുന്ന സർക്കാർ ആയതിനാലാണ് സിദ്ധരാമയ്യ സർക്കാർ മുസ്ലീം മതവിശ്വാസിയായ എംപിയെയും ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ച ആളെയും സംരക്ഷിക്കുന്നതെന്ന് നേതാക്കൾ ആരോപിച്ചു.
വിധാൻ സൗധയിൽ നിന്ന് പ്രതിഷേധിച്ച് ബിജെപിയും ജെഡിഎസും ഇറങ്ങി പോയി. രാജ്ഭവനിലേക്കു മാർച്ച് നടത്തി ഗവർണറെ കണ്ട് സർക്കാരിനെ പുറത്താക്കാൻ നിവേദനവും നൽകി. രാജ്യസഭാ തിരഞ്ഞെടുപ്പിൽ ബിജെപി എംഎൽഎ കോൺഗ്രസ് സ്ഥാനാർഥിക്ക് ക്രോസ്സ് വോട്ടു ചെയ്ത നാണക്കേട് മറച്ചു പിടിക്കാനാണ് ബിജെപി നുണ പറഞ്ഞു കോലാഹലമുണ്ടാക്കുന്നതെന്നാണ് കോൺഗ്രസിന്റെ പ്രത്യാരോപണം.
ഏതായാലും വിവാദമായ ആ മുദ്രാവാക്യം വിളിയുടെ പല കോണുകളിൽ നിന്നുള്ള കിട്ടാവുന്നത്ര ശബ്ദം ഉൾപ്പെട്ട ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. നസീർ ഹുസ്സൈൻ എം പി യുടെ അനുഭാവിയായ ആളാണ് മുദ്രാവാക്യം വിളിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ഹാവേരി ജില്ലയിൽ മുളക് വ്യാപാരിയായ ഒരാളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നത്. ഇയാളുടെ ശബ്ദ സാമ്പിളുകൾ ശേഖരിച്ചു ഹൈദരാബാദിലെ ശാസ്ത്രീയ പരിശോധന ലാബിലേക്ക് അയച്ചിരിക്കുകയാണ്. മുദ്രാവാക്യം വിളി ബിജെപിയുടെ ആരോപണം പോലെ പാകിസ്താൻ സിന്ദാബാദ് ആണോ എന്ന പരിശോധനയും നടക്കുകയാണ്.
ശാസ്ത്രീയ പരിശോധനയുടെ ഫലം വന്നാൽ മാത്രം തുടർ നടപടി എന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് സിദ്ധരാമയ്യ സർക്കാർ. അതേസമയം കോൺഗ്രസ് ഭരിക്കുന്ന തെലങ്കാനയുടെ തലസ്ഥാനമായ ഹൈദരാബാദിലെ ലാബിൽ നടക്കുന്ന പരിശോധന ഫലം ഊഹിക്കാമെന്നാണ് ബിജെപി മുൻകൂർ ജാമ്യമെടുക്കുന്നത്