രാജ്യത്ത് വിമാനസര്‍വീസിനെ തകിടംമറിക്കുന്ന വ്യാജബോംബ് ഭീഷണിയില്‍ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്ക് അന്ത്യശാസനവുമായി കേന്ദ്രസര്‍ക്കാര്‍. പൊതുജീവിതത്തെ ഗുരുതരമായ ബാധിക്കുന്ന ഇത്തരം ക്രിമിനല്‍ പ്രവൃത്തികളില്‍ ഉടനടി നടപടി സ്വീകരിക്കണം. വ്യാജസന്ദേശങ്ങള്‍ പോസ്റ്റ് ചെയ്താല്‍ ഉടന്‍ നീക്കം ചെയ്യാനും തുടര്‍നടപടിക്കും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ തയാറാകണമെന്നും കേന്ദ്രം നിര്‍ദേശിച്ചു.
ഇത്തരം വ്യാജസന്ദേശങ്ങള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ പ്രചരിപ്പിക്കുന്നത് തുടര്‍ന്നാല്‍ ഐടി ആക്ട് പ്രകാരം മൂന്നാംകക്ഷിയുടെ സന്ദേശമെന്ന നിലയില്‍ ലഭിക്കുന്ന ഇളവുകള്‍ പ്ലാറ്റ്‌ഫോമുകള്‍ക്ക് ലഭിക്കില്ലെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. പ്ലാറ്റ്ഫോമിലെ ഏതെങ്കിലും ഉപയോക്താവ് ചെയ്തതായി തോന്നുന്ന ചില കുറ്റകൃത്യങ്ങള്‍ നിര്‍ബന്ധമായും റിപ്പോര്‍ട്ട് ചെയ്യാന്‍ ഭാരതീയ നാഗരിക് സുരക്ഷാ സന്‍ഹിത, 2023 പ്രകാരം ബന്ധപ്പെട്ട ഇടനിലക്കാര്‍ക്ക് ബാധ്യതയുണ്ടെന്നും ഐടി മന്ത്രാലായം വ്യക്തമാക്കി.
എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, സ്പൈസ് ജെറ്റ്, വിസ്താര വിമാനങ്ങള്‍ക്കാണ് ദിവസങ്ങളായി ഭീഷണി തുടരുന്നത്. ഇന്‍ഡിഗോ, വിസ്താര, സ്പൈസ് ജെറ്റ് എന്നിവയുടെ ഏഴ് വീതം വിമാനങ്ങള്‍ക്കും എയര്‍ ഇന്ത്യയുടെ ആറ് വിമാനങ്ങള്‍ക്കും നേരെയാണ് ഭീഷണിയുണ്ടായത. 14 ദിവസത്തിനുള്ളില്‍ 280ലധികം വിമാനങ്ങള്‍ക്ക് നേരെയാണ് ബോംബ് ഭീഷണിയുണ്ടായത്. സമൂഹമാധ്യമം വഴിയാണ് ഇതിലെ കൂടുതല്‍ ബോംബ് ഭീഷണിയും നടന്നത്. വ്യാജ ബോംബ് ഭീഷണിയുമായി ബന്ധപ്പെട്ട സന്ദേശങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കണമെന്ന് സമൂഹമാധ്യമങ്ങളായ മെറ്റയോടും എക്സിനോടും കേന്ദ്രം ആവശ്യപ്പെട്ട ശേഷവും വ്യാജഭീഷണികള്‍ തുടരുകയാണ്.
വിമാനങ്ങള്‍ക്ക് നേരെ ബോംബ് ഭീഷണി ഉയര്‍ന്ന പശ്ചാത്തലത്തില്‍ എക്‌സ് അക്കൗണ്ടുകളുടെ വിവരങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ ശേഖരിച്ചിരുന്നു. പതിനൊന്ന് എക്‌സ് അക്കൗണ്ടുകളുടെ വിവരങ്ങളാണ് അന്വേഷണ ഏജന്‍സികള്‍ ശേഖരിച്ചത്. വിവരങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ വിമാന കമ്പനികള്‍ക്ക് കൈമാറിയിട്ടുണ്ട്.
അതേസമയം, ബോംബ് ഭീഷണി വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ബോംബ് ഭീഷണി സന്ദേശം തടയാന്‍ എക്സ് പ്ലാറ്റ്ഫോം എ ഐ സാങ്കേതിക വിദ്യ അവതരിപ്പിച്ചിരുന്നു. ഭീഷണി വരുന്ന അക്കൗണ്ടുകള്‍ നിരീക്ഷിച്ച് ബ്ലോക്ക് ചെയ്യുന്നതാണ് സംവിധാനം. ഇന്ത്യന്‍ വ്യോമയാന മേഖലയ്ക്ക് കോടികളുടെ നഷ്ടമാണ് ബോംബ് ഭീഷണി മൂലമുണ്ടായത്. നിരവധി ആഭ്യന്തര-രാജ്യാന്തര യാത്രക്കാരെ ഗുരുതരമായി ഈ വ്യാജഭീഷണി ബാധിച്ചിട്ടുണ്ട്.