INDIA

ഗാന്ധിജിക്കുപകരം അനുപം ഖേർ, റിസർവ് ബാങ്കിനുപകരം റിസോൾ ബാങ്ക്; ഗുജറാത്തിൽ 1.60 കോടിയുടെ വ്യാജനോട്ടുകൾ പിടിച്ചെടുത്തു

ഷാഹിദ് കപൂർ അഭിനയിച്ച ഫാർസി എന്ന വെബ് സീരീസിൽനിന്നാണ് പ്രതികൾ പ്രചോദനം ഉൾക്കൊണ്ടതെന്ന് പോലീസ്

വെബ് ഡെസ്ക്

മഹാത്മഗാന്ധിക്കു പകരം നടൻ അനുപം ഖേറിന്റെ ചിത്രമുള്ള 1.60 കോടി രൂപയുടെ കള്ളനോട്ടുകളുമായി സ്വർണവ്യാപാരിയെ കബളിപ്പിച്ച് രണ്ടംഗ സംഘം. ഗുജറാത്തിലെ അഹമ്മദാബാദിലാണു സംഭവം. നോട്ടുകളിൽ 'റിസർവ് ബാങ്ക് ഓഫ് ഇന്ത്യ' എന്നതിന് പകരം 'റിസോൾ ബാങ്ക് ഓഫ് ഇന്ത്യ' എന്നാണ് അച്ചടിച്ചിരിക്കുന്നത്. വ്യാജനോട്ടുകളുടെ ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാണ്.

അഹമ്മദാബാദിലെ മനേക് ചൗക്കിലെ മെഹുൽ തക്കർ എന്ന ബുള്ള്യൻ വ്യാപാരിയെയാണ് അജ്ഞാതരായ രണ്ടുപേർ കബളിപ്പിച്ചത്. 1.6 കോടി രൂപ വിലമതിക്കുന്ന 2,100 ഗ്രാം സ്വർണത്തിനായുള്ള ഇടപാടിൻ്റെ ഭാഗമായിട്ടായിരുന്നു തട്ടിപ്പ്. സംഭവത്തിൽ അഹമ്മദാബാദ് നവ്‌രങ്പുര പോലീസ് കേസെടുത്തു.

സ്വർണം ലഭിക്കുന്നതിനായി മെഹുൽ തക്കറിൻ്റെ ജോലിക്കാരനായ ഭരത് ജോഷിക്ക് സംഘം 1.3 കോടി രൂപയുടെ വ്യാജനോട്ട് കൈമാറി. ശേഷിക്കുന്ന 30 ലക്ഷം രൂപ അടുത്തദിവസം കൈമാറാമെന്ന് ഉറപ്പുനൽകി. നൽകിയ നോട്ടുകൾ വ്യാജമാണെന്നു ജോഷിക്കു മനസിലാകുന്നതിനു മുൻപ് സംഘം സ്വർണവുമായി കടന്നുകളഞ്ഞിരുന്നു.

താനുമായി ദീർഘകാലത്തെ വ്യാപാരബന്ധമുള്ള ആഭരണവ്യാപാരി പ്രശാന്ത് പട്ടേലിൽനിന്നു ഫോൺ കോൾ ലഭിച്ചതിനെത്തുടർന്നാണു സ്വർണം വിൽക്കാൻ തക്കർ സമ്മതിച്ചത്. സ്വർണം വാങ്ങുന്നയാൾക്ക് മുഴുവൻ തുകയും ആർടിജിഎസ് വഴി ഉടൻകൈമാറാൻ കഴിയില്ലെന്നും പകരം 1.3 കോടി രൂപ പണമായി നൽകാമെന്നും ബാക്കിയുള്ള 30 ലക്ഷം അടുത്ത ദിവസം കൈമാറാമെന്നും മെഹുൽ തക്കറിനെ പ്രശാന്ത് പട്ടേൽ അറിയിച്ചതായി പോലീസ് പറഞ്ഞു.

സംഘത്തിന്റെ നവരങ്പുരയിലെ ഓഫീസിൽ ഭരത് ജോഷി സെപ്തംബർ 24 ന് സ്വർണം എത്തിച്ചു. അതിനു രണ്ട് ദിവസം മുൻപ് മാത്രമാണ് തട്ടിപ്പുനടത്തിയവർ ഈ ഓഫിസ് തുറന്നത്.

“മൊത്തം 1.3 കോടി രൂപ വരുന്ന 500 രൂപ നോട്ട് ഉൾപ്പെടുന്ന 26 കെട്ട് രണ്ടുപേർ ഭരത് ജോഷിക്കു കൈമാറി. തുടർന്ന് യന്ത്രം ഉപയോഗിച്ച് പണം എണ്ണാൻ പറഞ്ഞു. ജോഷി 2100 ഗ്രാം സ്വർണം സംഘത്തിനു കൈമാറി. ജോഷി പണം എണ്ണിത്തുടങ്ങിയതോടെ അവ വ്യാജമാണെന്നും ഗാന്ധിജിക്കുപകരം ഖേറിൻ്റെ ചിത്രമാണു നോട്ടുകളിലുള്ളതെന്നും കണ്ടെത്തി. അപ്പോഴേക്കും സ്വർണവുമായി സംഘം മുങ്ങിയിരുന്നു,” ഉദ്യോഗസ്ഥൻ പറഞ്ഞു.

നോട്ടുകൾ വ്യാജമാണെന്നു മനസിലായതോടെ മെഹുൽ തക്കർ അഹമ്മദാബാദ് നവ്‌രങ്പുര പോലീസ് സ്റ്റേഷനിൽ 24നു പരാതി നൽകുകയായിരുന്നു.

കറൻസിയുടെ ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചതോടെ സമ്മിശ്ര പ്രതികരണങ്ങളാണ് ഉണ്ടാകുന്നത്. സംഭവം ഞെട്ടിപ്പിക്കുന്നതാണെന്നായിരുന്നു ചില സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ പ്രതികരണം. എന്നാൽ ഗാന്ധിജിക്ക് പകരം അനുപം ഖേറിനെ ഉപയോഗിച്ചതിലെ കൗതുകവും ചിലർ ചൂണ്ടിക്കാട്ടുന്നുണ്ട്.

അതേസമയം സംഭവത്തിൽ പ്രതികരിച്ച് കൊണ്ട് അനുപം ഖേർ ട്വീറ്റ് പങ്കുവെച്ചിരുന്നു. " അഞ്ഞൂറ് രൂപ നോട്ടിൽ ഗാന്ധിജിയുടെ ഫോട്ടോയ്ക്കു പകരം എൻ്റെ ഫോട്ടോ???? എന്തും സംഭവിക്കാം!" എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മറ്റൊരു സംഭവത്തിൽ, വ്യാജ കറൻസി നിർമാണ യൂണിറ്റ് സൂറത്ത് പോലീസ് കണ്ടെത്തി. നാല് പേരെ അറസ്റ്റ് ചെയ്തു. ഈ മാസം 22 നായിരുന്നു സംഭവം. സൂറത്ത് നഗരത്തിൽ ഒരു ഓൺലൈൻ വസ്ത്ര സ്റ്റോറിൻ്റെ ഓഫീസിലാണ് വ്യാജ കറൻസി നിർമാണ യൂണിറ്റ് പ്രവർത്തിച്ചത്.

സൂറത്ത് സ്‌പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് (എസ്ഒജി) ഉദ്യോഗസ്ഥർ ശനിയാഴ്ച സാർത്ഥാന പ്രദേശത്തെ ഓഫീസ് റെയ്ഡ് ചെയ്യുകയും 1.20 ലക്ഷം രൂപയുടെ വ്യാജ കറൻസിയുമായി മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്യുകയായിരുന്നു. നാലാം പ്രതിയെ പിന്നീട് അറസ്റ്റ് ചെയ്തതായും പോലീസ് അറിയിച്ചു.

ഓൺലൈൻ വസ്ത്രവ്യാപാരം നടത്താനെന്ന വ്യാജേന ഒരു വാണിജ്യ കെട്ടിടത്തിൽ ഓഫീസ് സ്ഥലം വാടകയ്‌ക്കെടുത്ത പ്രതികൾ പരിസരത്ത് വ്യാജ കറൻസി അച്ചടിക്കുകയായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. എസ്ഒജി സംഘം ഓഫീസിലും അവിടെ ജോലി ചെയ്യുന്ന ആളുകളെയും സൂക്ഷ്മമായി നിരീക്ഷിച്ചാണ് ഇതുമായി പ്രതികളെ കണ്ടെത്തിയത്.

ഷാഹിദ് കപൂർ അഭിനയിച്ച ഫാർസി എന്ന വെബ് സീരീസിൽനിന്നാണ് പ്രതികൾ പ്രചോദനം ഉൾക്കൊണ്ടതെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ രാജ്ദീപ് നകം പറഞ്ഞു. കള്ളനോട്ടുകൾ നിർമിച്ച് സമ്പന്നനാകുന്ന തട്ടിപ്പുകാരന്റെ കഥ പറയുന്ന സീരീസാണ് ഫാർസി.

ഒറ്റദിനം നാലുരൂപ ഇടിഞ്ഞു, റബ്ബര്‍വില കുത്തനെ താഴേക്ക്; വില്ലന്‍ വേഷമണിഞ്ഞു ടയര്‍ കമ്പനികള്‍, ടാപ്പിങ് നിര്‍ത്താനൊരുങ്ങി കര്‍ഷകര്‍

ഇസ്രയേലിന്റെ സൈനിക ഉപരോധം, ആക്രമണങ്ങളും; വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയയെ ദുരന്തമേഖലയായി പ്രഖ്യാപിച്ചു

അർബൻ ഇലക്ട്രിക് എസ് യു വി; മാരുതി ഇവി എക്സ് ടോയോട്ടയ്ക്കും വിൽക്കാം

സൈബര്‍ കുറ്റകൃത്യങ്ങളുടെ കേന്ദ്രമാകുന്ന ഇന്ത്യ, രണ്ട് പതിറ്റാണ്ടിനകം നൂറിരട്ടി വര്‍ധിക്കും

കാട്ടിലുമുണ്ട് 'ബാറുകൾ'! ആണ്‍ ഈച്ചകള്‍ 'വെള്ളമടി' തുടങ്ങുന്നത് ഇണ ഉപേക്ഷിക്കുമ്പോള്‍; മൃഗങ്ങളും ജീവികളും ലഹരി ഉപയോഗിക്കാറുണ്ടെന്ന് വ്യക്തമാക്കി പഠനം