ഗ്രാമീണ-നഗര മേഖലകളിലെ കുടുംബങ്ങൾ തമ്മിൽ ഒരു മാസത്തെ ശരാശരി പ്രതിശീർഷ ഉപഭോഗ ചെലവിലുണ്ടായിരുന്ന വ്യത്യാസം കഴിഞ്ഞ 11 വർഷത്തിനിടെ കുറഞ്ഞതായി സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെൻ്റേഷൻ മന്ത്രാലയത്തിന്റെ സർവേ റിപ്പോർട്ട്. ഒരു വ്യക്തിയോ/കുടുംബമോ അവർക്കാവശ്യമായ വസ്തുക്കൾ (ഭക്ഷ്യ-ഭക്ഷ്യേതര), സേവനങ്ങൾ എന്നിവയ്ക്കായി പ്രതിമാസം ചെലവാക്കുന്ന പണമാണ് പ്രതിശീർഷ ഉപഭോഗ ചെലവ്. 2011-12 കാലഘട്ടത്തിൽ ഇരുവിഭാഗങ്ങളും തമ്മിലുള്ള അന്തരം 83.9 ശതമാനം ആയിരുന്നെങ്കിൽ 2022-23ലെ കണക്കനുസരിച്ച് ഇത് 71.2 ശതമാനായി കുറഞ്ഞിട്ടുണ്ട്.
ഉപഭോക്‌തൃ സേവനങ്ങൾ, വസ്തുക്കളുടെ മേന്മ, ലഭിക്കാനുള്ള സൗകര്യം എന്നിവ വർധിച്ചതോടെ ഭക്ഷ്യേതര വസ്തുക്കൾക്ക് വേണ്ടിയുള്ള ചെലവുകൾ ഗ്രാമീണ-നഗര വ്യത്യാസമില്ലാതെ വർധിച്ചിട്ടുണ്ട്
കഴിഞ്ഞ 11 വർഷത്തിനിടെ, ഗ്രാമീണ മേഖലയിലെ ഉപഭോഗ ചെലവുകൾ നഗരങ്ങളിലെ ഉപഭോഗത്തേക്കാൾ വർധിച്ചുവെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഗ്രാമത്തിൽ കഴിയുന്ന ഒരു വ്യക്തി 2011-12ൽ പ്രതിമാസം നടത്തുന്ന ഉപഭോഗച്ചെലവ് ശരാശരി 1,430 രൂപ ആയിരുന്നെങ്കിൽ നിലവിലത് 3,773 രൂപയായി വർധിച്ചിട്ടുണ്ട്. 164 ശതമാനത്തിന്റെ കുതിപ്പാണുണ്ടായിരിക്കുന്നത്. നഗരങ്ങളിലെ കണക്ക് പരിശോധിക്കുകയാണെങ്കിൽ, 2011-12ൽ ഒരാൾക്ക് 2,630 രൂപയായിരുന്നത് 2022-23ൽ 6,459 രൂപയായി ഉയർന്നു. 146 ശതമാനത്തിന്റെ വളർച്ച. പത്ത് വർഷങ്ങൾക്ക് ശേഷമാണ് കേന്ദ്ര സർക്കാർ റിപ്പോർട്ട് പുറത്തുവിടുന്നത്.
അഞ്ച് വർഷം കൂടുമ്പോഴാണ് സാധാരണയായി ഗാർഹിക ഉപഭോഗ ചെലവ് സർവേകൾ സർക്കാർ നടത്തുന്നത്. എന്നാൽ 2018-19ലെ റിപ്പോർട്ട് സർക്കാർ പ്രസിദ്ധീകരിച്ചിരുന്നില്ല. പിന്നീട് മാധ്യമങ്ങൾക്ക് ചോർന്ന് കിട്ടിയ സർവേയിൽ ഉപഭോഗ ചെലവിൽ ഇടിവുണ്ടായതായി കണ്ടെത്തിയിരുന്നു.
ഗ്രാമീണ മേഖലയിലെ ഏറ്റവും പിന്നാക്കം നിൽക്കുന്ന അഞ്ച് ശതമാനം പേരുടെ ശരാശരി ഉപഭോഗ ചെലവ് 2,001 രൂപയായി വർധിച്ചപ്പോൾ സമ്പന്നരായ ജനസംഖ്യയുടെത് 10,501 രൂപയായാണ് കൂടിയത്. മേല്‍പ്പറഞ്ഞ വർധനകൾക്കിടയിലും ഭക്ഷണ സാധനങ്ങൾക്ക് വേണ്ടിയുള്ള ചെലവുകൾ കുറഞ്ഞതായും സർവേ തെളിയിക്കുന്നു.
2011-12ലെ കണക്കനുസരിച്ച് ഗ്രാമീണ മേഖലയിൽ ഭക്ഷ്യ വസ്തുക്കൾക്കായി ചെലവാക്കികൊണ്ടിരുക്കുന്നത് മൊത്തം ഉപഭോഗ ചെലവിന്റെ 52.90 ശതമാനവും നഗരങ്ങളിലത് 42.62 ശതമാനവുമായിരുന്നു. എന്നാൽ പത്ത് വർഷങ്ങൾക്കിപ്പുറം ചെലവ് വിഹിതം കുറഞ്ഞ് ഗ്രാമീണ മേഖലകളിൽ നാല്‍പ്പത്തിയാറും നഗരങ്ങളിൽ മുപ്പത്തിയൊൻപത് ശതമാനവുമായി.
എന്നാൽ, ഭക്ഷ്യേതര വസ്തുക്കളുടെ കാര്യത്തിൽ നേരെ തിരിച്ചാണ് കാര്യങ്ങൾ. ഉപഭോക്‌തൃ സേവനങ്ങൾ, വസ്തുക്കളുടെ മേന്മ, ലഭിക്കാനുള്ള സൗകര്യം എന്നിവ വർധിച്ചതോടെ ഭക്ഷ്യേതര വസ്തുക്കൾക്ക് വേണ്ടിയുള്ള ചെലവുകൾ ഗ്രാമീണ-നഗര വ്യത്യാസമില്ലാതെ വർധിച്ചിട്ടുണ്ട്. അതേസമയം, ധാന്യങ്ങൾ, പയർവർഗങ്ങൾ, പച്ചക്കറികൾ എന്നിവയുടെ ചെലവിൻ്റെ വിഹിതം ഇതേ കാലയളവിൽ മിതമായി തുടർന്നു.