സ്‌കൂള്‍ പാഠപുസ്തകങ്ങളിലൂടെയും പാഠഭാഗങ്ങളിലൂടെയും കുട്ടികളുടെ മനസ്സിനെ മലിനമാക്കുന്ന സംഘപരിവാര്‍ രീതിക്ക് തടയിടുമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ഇത്തരം പാഠഭാഗങ്ങള്‍ നീക്കം ചെയ്യും. അധ്യായന വര്‍ഷം ആരംഭിച്ചതിനാല്‍ കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങാതിരിക്കാന്‍ ഇക്കാര്യത്തില്‍ ചര്‍ച്ച ചെയ്ത് നടപടി സ്വീകരിക്കുമെന്നും കര്‍ണാടക മുഖ്യമന്ത്രി പറഞ്ഞു.
പുതിയ വിദ്യാഭ്യാസനയത്തിന്റെ പേരില്‍ വിദ്യാഭ്യാസ മേഖലയില്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കാന്‍ ലക്ഷ്യമിടുന്ന ഒന്നും പ്രാവര്‍ത്തികമാക്കാന്‍ അനുവദിക്കില്ല. വിഷയം സമഗ്രമായി ചര്‍ച്ച ചെയ്ത് കൃത്യമായ തീരുമാനങ്ങളെടുക്കാന്‍ പ്രത്യേക യോഗം വിളിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കര്‍ണാടകയുടെ ഐക്യവും മതേതര പൈതൃകവും സംരക്ഷിക്കുന്ന കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യില്ല
ബിജെപി സര്‍ക്കാരിന്റെ കാലത്ത് നടന്ന സമരങ്ങളെ തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസുകള്‍ റദ്ദാക്കും. കന്നഡ പോരാളികള്‍, കര്‍ഷക- തൊഴിലാളി - ദളിത് സംഘടനകള്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍, എഴുത്തുകാര്‍ എന്നിവര്‍ക്കെതിരെയുള്ള കേസുകളാണ് പിന്‍വലിക്കുക. കര്‍ണാടകയുടെ ഐക്യവും മതേതര പൈതൃകവും സംരക്ഷിക്കുന്ന കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യില്ല. സംസ്ഥാനത്ത് നിലനില്‍ക്കുന്ന ഭയത്തിന്റെ അന്തരീക്ഷം മാറ്റിയെടുക്കുമെന്നും വിദ്വേഷ രാഷ്ട്രീയം വച്ചുപൊറുപ്പിക്കില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു.
രാജ്യത്തിന്റെ ബഹുസ്വരതയ്ക്ക് ഭീഷണി സൃഷ്ടിച്ച ബിജെപിക്കെതിരെ ഉറച്ചനിലപാട് സ്വീകരിച്ചതിന് എഴുത്തുകാരെ അഭിനന്ദിച്ച് സിദ്ധരാമയ്യ
നിയമം കയ്യിലെടുക്കുകയും വര്‍ഗീയ കലാപം ഉണ്ടാക്കുകയും ചെയ്യുന്നവര്‍ നിയമപ്രകാരം ശിക്ഷിക്കപ്പെടുമെന്ന് മുഖ്യമന്ത്രി സംസ്ഥാനത്തെ സാഹിത്യ - സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്ക് ഉറപ്പു നല്‍കി. 40 എഴുത്തുകാരടങ്ങുന്ന സംഘവുമായി ഔദ്യോഗിക വസതിയായ കൃഷ്ണയിലായിരുന്നു മുഖ്യമന്ത്രി സിദ്ധരാമയ്യ ചര്‍ച്ച നടത്തിയത്. രാജ്യത്തിന്റെ ബഹുസ്വരതയ്ക്ക് ഭീഷണി സൃഷ്ടിച്ച ബിജെപിക്കെതിരെ ഉറച്ച നിലപാട് സ്വീകരിച്ചതിന് എഴുത്തുകാരെ സിദ്ധരാമയ്യ അഭിനന്ദിച്ചു.