സുപ്രീംകോടതിയിൽ വാദത്തിനിടെ മദ്യവുമായി ബന്ധപ്പെട്ട് നർമസംഭാഷണത്തില്‍ ഏർപ്പെട്ട് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും മുതിർന്ന അഭിഭാഷകന്‍ ദിനേശ് ദ്വിവേദിയും. വ്യാവസായിക മദ്യോത്പാദനത്തിൻ്റെയും അധികാരപരിധിയിലെ നിയന്ത്രണത്തെയും സംബന്ധിച്ച വാദത്തിനിടെയാണ് സംഭവം.
കോടതി മുറിയിലെത്തിയ ദിനേശിന്റെ തലമുടിയില്‍ വ്യത്യസ്ത നിറങ്ങളുടെ സാന്നിധ്യമുണ്ടായിരുന്നു. അതിനാല്‍ തന്നെ കോടതിയോട് ക്ഷമ ചോദിച്ചുകൊണ്ടായിരുന്നു ദിനേശ് തുടങ്ങിയത്.
''ഹോളി ആഘോഷങ്ങളുടെ ബാക്കിപത്രമാണിത്. വീട്ടില്‍ ഒരുപാട് കുട്ടികളുണ്ടെങ്കില്‍ നമുക്ക് രക്ഷപ്പെടാനാകില്ലല്ലോ,'' ദിനേശ് പറഞ്ഞു. ''സംഭവത്തില്‍ മദ്യത്തിന് യാതൊരു ബന്ധവുമില്ലേ?'' എന്നുള്ള ചീഫ് ജസ്റ്റിസിന്റെ അപ്രതീക്ഷിത ചോദ്യത്തില്‍ കോടതി മുറിയാകെ ചിരി പടർന്നു.
മദ്യത്തോടുള്ള തന്റെ ഇഷ്ടം മറച്ചുവെക്കാതെ താന്‍ വിസ്‌കിയുടെ ആരാധകനാണെന്നായിരുന്നു ദിനേശിന്റെ മറുപടി. ഇതോടെ കോടതിയിലുണ്ടായിരുന്ന ഒൻപത് അംഗ ബെഞ്ച് ഉൾപ്പടെ ചിരിയിലാണ്ടു.
ദേശീയമാധ്യമമായ 'ഇന്ത്യ ടുഡേ' നൽകിയ റിപ്പോർട്ട് അനുസരിച്ച് വ്യാവസായിക മദ്യോത്പാദനത്തിൻ്റെയും കേന്ദ്രത്തിന്റെ കീഴിലാണോ അല്ലെങ്കിൽ അതത് സംസ്ഥാനങ്ങൾക്കാണോ അവയുടെ അധികാരപരിധി സംബന്ധിച്ച വാദം കേൾക്കുകയായിരുന്നു ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഒൻപത് അംഗ ബെഞ്ച്.
അധികാരം സംബന്ധിച്ച വാദത്തിൽ 'വ്യാവസായിക മദ്യം', 'ലഹരി മദ്യ'ത്തിന് സമാനമാണോയെന്ന ചോദ്യവും പ്രസക്തമായി ഉയർന്നിരുന്നു. വ്യാവസായിക മദ്യം ഉൾപ്പടെ എല്ലാ തരം മദ്യവും സംസ്ഥാനത്തിന്റെ നിയന്ത്രണത്തിന് കീഴിലാണ് വരികയെന്നാണ് ഉത്തർപ്രദേശിനുവേണ്ടി ഹാജരായ അഭിഭാഷകൻ ദിനേശ് ദ്വിവേദി വാദിച്ചത്.