ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ വലിയ ട്രെയിൻ അപകടങ്ങള്‍ സൃഷ്ടിക്കാൻ ആഹ്വാനം ചെയ്യുന്ന, ബെംഗളൂരു രാമേശ്വരം കഫെ സ്ഫോടനത്തിലെ മുഖ്യസൂത്രധാരനെന്ന് ആരോപിക്കപ്പെടുന്ന ഫർഹത്തുള്ള ഘോരിയുടേതെന്നു കരുതുന്ന വീഡിയോ പുറത്ത്. ടെലഗ്രാമിലൂടെ പുറത്തുവന്ന വീഡിയോയിൽ വീഡിയോയില്‍ കാണുന്നത് ഫർഹത്തുള്ളയാണോ എന്നതില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല.
ഫർഹത്തുള്ള ഘോരി അനുയായികള്‍ക്ക് ആഹ്വാനം നല്‍കുന്ന തരത്തിലുള്ള വീഡിയോ രണ്ടാഴ്ചയായി പ്രചരിക്കുന്നുണ്ട്.
റെയില്‍വേ ട്രാക്കുകൾ, എണ്ണക്കുഴലുകൾ, ലോജിസ്റ്റിക്‌സ് ചെയിനുകള്‍ എന്നിവ ലക്ഷ്യമാക്കിയാകണം നീക്കങ്ങളെന്നാണ് വീഡിയോ സന്ദേശത്തില്‍ പ്രത്യക്ഷപ്പെട്ടയാൾ പറയുന്നത്. "ഇ ഡി, എൻ ഐ എ എന്നിവയിലൂടെ നമ്മുടെ സ്വത്തുക്കളെല്ലാം സർക്കാർ പിടിച്ചെടുക്കുകയാണ്. നമ്മള്‍ ഉറച്ചുനില്‍ക്കുക, വൈകാതെ അധികാരം പിടിച്ചെടുക്കാം,'' വീഡിയോയിൽ കാണുന്നയാൾ പറയുന്നു.
മൂന്നു മിനുറ്റുള്ള വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. ചാവേർ ആക്രമണങ്ങളിലൂടെ ഹിന്ദു നേതാക്കളെയും പോലീസിനേയും ലക്ഷ്യം വെക്കണമെന്നും വീഡിയോയിൽ കാണുന്നയാൾ പറയുന്നു.
ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിലുള്ള ക്രിമിനലുകളുടെ പട്ടികയില്‍ മുൻപന്തിയിലുള്ളയാളാണ് ഫർഹത്തുള്ള. നിരവധി ഭീകാരാക്രമണങ്ങളില്‍ ഇയാളുടെ ഇടപെടല്‍ ഉണ്ടായിട്ടുണ്ടെന്നാണ് ഇന്ത്യയിലെ അന്വേഷണ ഏജൻസികള്‍ പറയുന്നത്. 2002ലെ അക്ഷർധാം ക്ഷേത്ര ആക്രമണം ഉള്‍പ്പെടെയുള്ളവ ഈ പട്ടികയിൽ ഉൾപ്പെടുന്നു.
രാമേശ്വരം കഫേയില്‍ മാർച്ച് ഒന്നിനു നടന്ന സ്ഫോടനത്തില്‍ 10 പേർ കൊല്ലപ്പെട്ടിരുന്നു. മാർച്ച് മൂന്നിനാണ് എൻഐഎ കേസ് ഏറ്റെടുത്തത്. പ്രധാന പ്രതികളെന്ന് സംശയിക്കുന്ന അബ്ദുള്‍ മതീം അഹമ്മദ് താഹ, മുസാവിർ ഹുസൈൻ ഷസിബ് എന്നിവരെ ഏപ്രില്‍ 12ന് അറസ്റ്റ് ചെയ്തു. ആക്രമണത്തിനു പിന്നിലെ പ്രധാനി താഹയാണെന്നും കഫേയില്‍ ഷസിബാണ് സ്ഫോടകവസ്തുക്കള്‍ വെച്ചതെന്നുമാണ് കരുതപ്പെടുന്നത്.
കൊല്‍ക്കത്തയ്ക്കു സമീപമുള്ള ലോഡ്ജില്‍നിന്നായിരുന്നു ഇരുവരും പിടിയിലായത്. ഇരുവരും ഇസ്ലാമിക് സ്റ്റേറ്റിന്റെ (ഐ എസ്) അംഗങ്ങളാണെന്നാണ് സംശയിക്കപ്പെടുന്നത്. പിന്നീട് ഘോരിയും മരുമകനായ ഷാഹിദ് ഫൈസലും ദക്ഷിണേന്ത്യയില്‍ സ്ലീപ്പർ സെല്ലുകളുടെ ശൃംഖല സൃഷ്ടിച്ചിട്ടുണ്ടെന്ന് കണ്ടെത്തുകയും ചെയ്തു.