സംയുക്ത കിസാന്‍ മോര്‍ച്ച നേതൃത്വം നല്‍കുന്ന കർഷകരുടെ മഹാപഞ്ചായത്ത് ഇന്ന്. കിസാന്‍ മസ്ദൂര്‍ മഹാപഞ്ചായത്ത് എന്ന് പേരിട്ടിരിക്കുന്ന പരിപാടി ഡല്‍ഹി രാംലീല മൈദാനില്‍ വെച്ചാണ് നടക്കുന്നത്. പഞ്ചാബില്‍ നിന്നുമാത്രം അമ്പതിനായിരം കര്‍ഷകര്‍ പങ്കെടുക്കുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചു. എന്നാല്‍, 5,000-ല്‍ കൂടുതല്‍ പേര്‍ക്ക് അനുമതി നല്‍കാനാകില്ലെന്ന നിലപാടിലാണ് ഡല്‍ഹി പോലീസ്. കര്‍ഷകരുടെ മഹാപഞ്ചായത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യതലസ്ഥാനത്ത് സുരക്ഷ വര്‍ധിപ്പിച്ചു. വേദിക്ക് സമീപം ട്രാക്ടറുകള്‍ അനുവദിക്കില്ലെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.
സിംഗു, തിക്രി, ഗാസിപൂര്‍ അതിര്‍ത്തികളില്‍ വന്‍ പോലീസ് സന്നാഹത്തെയാണ് വിന്യസിച്ചിരിക്കുന്നത്. പഞ്ചാബ്, ഹരിയാന അതിര്‍ത്തികളില്‍ ആയിരത്തോളം കര്‍ഷകര്‍ തമ്പടിച്ചിരിക്കുകയാണ്. കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ക്ക് എതിരെ സമരം ശക്തമാക്കാന്‍ മഹാപഞ്ചായത്തില്‍ പ്രമേയം പാസാക്കുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച ഭാരവാഹികള്‍ അറിയിച്ചു. ഡല്‍ഹി പോലീസ് സമരത്തിന് അനുമതി നല്‍കിയിട്ടുണ്ടെന്നും എസ്‌കെഎം പ്രസ്താവനയില്‍ വ്യക്തമാക്കി.
അതേസമയം, 5,000 പേരില്‍ താഴെ ആളുകളെ പങ്കെടുപ്പിച്ച് പരിപാടി നടത്താനാണ് അനുമതി നല്‍കിയിരിക്കുന്നതെന്ന് ഡല്‍ഹി സെന്‍ട്രല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ എം ഹര്‍ഷവര്‍ധന്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. ട്രാക്ടറുകളോ ആയുധങ്ങളോ കൊണ്ടുവരാന്‍ പാടില്ലെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡല്‍ഹിയില്‍ മാര്‍ച്ച് നടത്താന്‍ പാടില്ലെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളതായും ഡെപ്യൂട്ടി കമ്മീഷണര്‍ വ്യക്തമാക്കി.
കര്‍ഷക മഹാ പഞ്ചായത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം, യുപി പോലീസ് കര്‍ഷകരുടെ വീടുകളിലെത്തി ഡല്‍ഹിയിലേക്ക് പോകുന്നതില്‍ നിന്ന് വിലക്കുന്നുണ്ടെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത് ആരോപിച്ചു.