INDIA

മണ്ണിന്റെ പ്രത്യേകത കൃഷിഭൂമി നഷ്ടമാക്കുമോ? ആശങ്കയില്‍ ചന്ദ്രയാന്‍ 3ന് 'ചന്ദ്രോപരിതലം' ഒരുക്കിയ സീതാംപൂണ്ടി ഗ്രാമം

വെബ് ഡെസ്ക്

ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ചന്ദ്രയാന്‍ 3നെ ഇറക്കി ലോകത്തിന്റെ നെറുകയിലേക്കാണ് ഇന്ത്യ ഉയർന്നത്. നിരവധി പ്രതികൂല സാഹചര്യങ്ങളും വെല്ലുവിളികളും താണ്ടിയാണ് ഐഎസ്ആർഒ വിക്രം ലാൻഡറിനെ വളരെ കൃത്യതയോടെ സോഫ്റ്റ് ലാൻഡ് ചെയ്യിച്ചതും അതിൽനിന്ന് പ്രഗ്യാൻ റോവറിനെ പുറത്തിറക്കി സഞ്ചരിപ്പിച്ചതും. ഈ നേട്ടത്തിൽ അഭിമാനകരമായ പങ്കാണ് തമിഴ്നാട്ടിലെ സീതാംപൂണ്ടി എന്ന ഗ്രാമത്തിന്റേത്. എന്നാൽ തങ്ങളുടെ ഗ്രാമത്തിലെ മണ്ണിന്റെ പ്രത്യേകത കാരണം കൃഷിഭൂമി നഷ്ടപ്പെടുമെന്ന ആശങ്കയിലാണിപ്പോൾ ഇവിടുത്തെ കർഷകർ.

ഭൂമിയിൽനിന്ന് വ്യത്യസ്തമായ കാലാവസ്ഥയെന്നതുപോലെ ഉറച്ച മണ്ണും പാറക്കൂട്ടങ്ങളും കുന്നുകളും കുഴികളുമുള്ള ചന്ദ്രോപരിതലവും ചന്ദ്രയാന്‍ 3 ദൗത്യം വിജയിപ്പിക്കുന്നതിൽ ഐഎസ്ആർഒ നേരിട്ട വെല്ലുവിളികളായിരുന്നു. ഇത് മറികടക്കാൻ ഉറച്ച മണ്ണുള്ള ചന്ദ്രോപരിതലത്തിന് സമാനമായ സാഹചര്യം ഭൂമിയിലൊരുക്കിയാണ് ലാൻഡിങ് പരീക്ഷണങ്ങൾ നടത്തിയത്. ഇതിനായുള്ള മണ്ണിനായി ഐഎസ്ആർഒ ഏറെക്കാലത്തെ അന്വേഷണത്തിനൊടുവിലാണ് നാമക്കൽ ജില്ലയിലെ സീതാംപൂണ്ടിയിലെത്തിയത്. സമീപത്തെ കുന്നമലൈ, ദാസംപല്ലയം തുടങ്ങിയ ഗ്രാമങ്ങളിലും ചന്ദ്രോപരിതലത്തിലേതിന് സമാനമായ മണ്ണുണ്ട്.

സീതാംപൂണ്ടിയിലെ മണ്ണ് ചന്ദ്രനിലെ ദക്ഷിണധ്രുവത്തിലേതിന് സമാനമാണെന്ന് സേലം പെരിയാർ സർവകലാശാല ഭൗമശാസ്ത്ര വകുപ്പ് തലവനായ പ്രൊഫ. എസ് അൻപഴകനാണ് ആദ്യം തിരിച്ചറിഞ്ഞത്. സീതാംപൂണ്ടിയിലെയും ചന്ദ്രനിലെയും മണ്ണ് തമ്മിലുള്ള രസതന്ത്രപരവും ധാതുശാസ്ത്രപരവുമായ സാമ്യതകൾ അദ്ദേഹം കണ്ടെത്തി. ബോംബെ ഐഐടിയിൽ ഭൗമശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായിരിക്കെ 2004ലായിരുന്നു അദ്ദേഹത്തിന്റെ കണ്ടെത്തൽ. ഇതാണ് ചന്ദ്രയാൻ രണ്ട്, മൂന്ന് ദൗത്യങ്ങളിൽ നിർണായകമായത്.

2008ലെ ചന്ദ്രയാൻ-1 ദൗത്യത്തിനുശേഷമാണ് മണ്ണ് പഠന ശാസ്ത്രജ്ഞർ ആദ്യമായി അൻപഴകനെ സമീപിക്കുന്നത്. ഐഎസ്ആർഒയുടെ ഭാവി ദൗത്യങ്ങൾക്കുവേണ്ടിയുള്ള പരീക്ഷണങ്ങൾക്കായി കൃത്രിമ ചന്ദ്രോപരിതലം ഒരുക്കുന്നതിന് മണ്ണ് കണ്ടെത്താൻ നിർദേശം തേടിയതായിരുന്നു അവർ. നേരത്തെ ഇത്തരം മണ്ണിന് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയെയാണ് ഐഎസ്ആർഒ ആശ്രയിച്ചിരുന്നത്. കിലോയ്ക്ക് 150 ഡോളർ എന്ന നിരക്കിലായിരുന്നു നാസയിൽനിന്ന് എതാനും കിലോ ഗ്രാം മണ്ണ് വാങ്ങിക്കൊണ്ടിരുന്നത്. വൻതോതിൽ മണ്ണ് ഇറക്കുമതി ചെയ്യുന്നതിന് 40-50 കോടി രൂപ വേണ്ടിവരുമായിരുന്നു.

ചന്ദ്രയാൻ-3 ദൗത്യത്തിനായി 50 ടണ്ണോളം മണ്ണാണ് സീതാംപൂണ്ടിയിൽനിന്ന് ഐഎസ്ആര്‍ഒയുടെ ബെംഗളൂരുവിലെ പരീക്ഷണകേന്ദ്രത്തിലെത്തിച്ചത്. ഇവിടെയൊരുക്കിയ കൃത്രിമ ചന്ദ്രോപരിതലത്തിന് സമാനമായ പ്രതലത്തിൽ ലാൻഡർ ഇറക്കുന്നത് പലതവണ ഐഎസ്ആർഒ പരീക്ഷിച്ചു. ലാൻഡറിൽനിന്ന് റോവർ പുറത്തിറങ്ങി ചന്ദ്രോപരിതലത്തിൽ ഇറങ്ങി സഞ്ചരിക്കുന്നതും ബെംഗളുരുവിലെ കേന്ദ്രത്തിൽ പരീക്ഷിച്ച് വിജയിപ്പിച്ചു.

നാലാം ചാന്ദ്രദൗത്യത്തിനൊരുങ്ങുകയാണ് ഐഎസ്ആർഒ. ഇത്തവണ ജപ്പാന്‍ ബഹിരാകാശ ഏജന്‍സിയായ ജാക്‌സയുമായി ചേര്‍ന്നാണ് ദൗത്യം. ഇരു രാജ്യങ്ങളും ചേര്‍ന്ന് 2025ല്‍ വിക്ഷേപിക്കാനിരിക്കുന്ന ലൂണാര്‍ പോളാര്‍ എക്‌സ്‌പ്ലൊഷേന്‍ മിഷനു(ലൂപെക്‌സ്)വേണ്ടി ഐഎസ്ആർഒ ലാന്‍ഡറാണ് ഒരുക്കുന്നത്. ജാക്‌സ റോവറും. ഇവ നാമക്കല്ലില്‍നിന്നുള്ള മണ്ണ് ഉപയോഗിച്ച് ഐഎസ്ആര്‍ഒ ഒരുക്കിയ ബെംഗളുരുവിലെ കേന്ദ്രത്തിലാണ് പരീക്ഷിക്കുക.

ഐഎസ്ആർഒയും ഇന്ത്യയും ഇങ്ങനെ ലോകത്തിന് മുന്നിൽ തിളങ്ങുമ്പോൾ അഭിമാനത്തിനാലാണ് സീതാംപൂണ്ടിയിലെ ഗ്രാമീണരും. എന്നാൽ ഗ്രാമത്തിലെ മണ്ണിന്റെ പ്രത്യേകത കാരണം അത്രയും ആശങ്കയും അവർക്കുണ്ട്. തങ്ങളുടെ കൃഷിഭൂമി അപഹരിക്കപ്പെടുമെന്നുള്ള ആശങ്കയിലാണ് അവർ.

കരിമ്പും നെല്ലും കപ്പയും കൊണ്ട് സമൃദ്ധമാണ് സീതാംപൂണ്ടിയും സമീപപ്രദേശങ്ങളും. വെള്ള, ചാര, കറുപ്പ്, തവിട്ട്, ഇളം തവിട്ട് നിറത്തിലുള്ള ചരല്‍ക്കല്ലുകളും ഗ്രാഫൈറ്റും, കറുത്ത കല്ലുകളും നിറഞ്ഞ മണ്ണ് പോലുള്ള കുന്നുപോലുള്ള പ്രദേശമാണ് സീതാംപൂണ്ടി. 20 വർഷം മുൻപ് നിരപ്പായ പ്രദേശമായിരുന്ന ഇവിടം ഉറപ്പുള്ള മരങ്ങളുടെയും കുറ്റിച്ചെടികളുടെയും ആവാസകേന്ദ്രമാണ്. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന അഗ്നിശിലകളിലൊന്നായ അനോര്‍ത്തസൈറ്റും ഇവിടെ കാണാം.

രണ്ടാം ലോകയുദ്ധ സമയത്ത് ബ്രിട്ടീഷുകാര്‍ ഈ പ്രദേശങ്ങളില്‍ നിന്ന് അലൂമിനിയം സിലിക്കേറ്റായ ഗാര്‍നെറ്റ് ധാതുക്കൾ ഖനനം ചെയ്ത് വെടിയുണ്ടകള്‍ നിര്‍മിച്ചതായി ചരിത്രകാരനായ കെ ശ്രാവണ കുമാർ അഭിപ്രായപ്പെടുന്നു.

വലിയ തോതില്‍ ധാതു നിക്ഷേപങ്ങളുള്ള 30-50 മീറ്റര്‍ വരെയുള്ള പൊത്തുകള്‍ ഇവിടെയുണ്ട്. 2010 മുതല്‍ ഗ്രാമങ്ങളില്‍ വീണ്ടും പര്യവേഷണങ്ങള്‍ പുനരാരംഭിച്ചിരുന്നു. പ്ലാറ്റിനം വിഭാഗത്തില്‍പ്പെടുന്ന പല്ലാഡിയം, റോഡിയം, ഓസ്മിയം, ഇറിഡിയം തുടങ്ങിയ ധാതുക്കള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് നിലവില്‍ ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ.

ധാതുനിക്ഷേപം കണ്ടെത്താനായി 2018 വരെ 50 മീറ്റര്‍ ഇടവിട്ട് 120 മീറ്റര്‍ വരെ ആഴത്തില്‍ തുരന്നിരുന്നു. ഇത്തരം ഖനനങ്ങള്‍ സീതാംപൂണ്ടി, ദാസംപള്ളയം, കുന്നമലൈ തുടങ്ങി 23 ഗ്രാമങ്ങളില്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ ഇവിടെനിന്നുള്ള പ്ലാറ്റിനം ഖനനം സാമ്പത്തികമായി ലാഭകരമല്ലാത്തതിനാല്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. എന്നാല്‍ ഖനനം വീണ്ടും ആരംഭിച്ചേക്കുമെന്ന ആശങ്ക ഗ്രാമീണര്‍ക്കുണ്ട്. ഇത് ഇവിടുത്തെ സ്ഥലം വില്‍പ്പനയെ കാര്യമായി ബാധിച്ചിരിക്കുകയാണ്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും